സി.പി.എമ്മിൽ മൂന്നുപേർക്ക് സസ്പെൻഷൻ
text_fieldsആലത്തൂർ: സി.പി.എം ആലത്തൂർ ഏരിയ കമ്മിറ്റിയുടെ കീഴിലെ രണ്ട് ലോക്കൽ കമ്മിറ്റികളിലെ മൂന്ന് അംഗങ്ങളെ പാർട്ടിയിൽനിന്ന് ഒരുവർഷത്തേക്ക് സസ്പെന്‍റ് ചെയ്തു. ആലത്തൂർ കാട്ടുശ്ശേരി ലോക്കൽ കമ്മിറ്റിയിലെ കെ. മാണിക്കൻ, തരൂർ കമ്മിറ്റിയിലെ ടി. വാസു, എസ്. രാജേഷ് എന്നിവർക്കെതിരെയാണ് നടപടി.
സി.ഐ.ടി.യു ആലത്തൂർ ഡിവിഷൻ പ്രസിഡൻറും ചുമട്ടുതൊഴിലാളി യൂനിയൻ ഏരിയ സെക്രട്ടിയുമാണ് കെ. മാണിക്കൻ. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം, സ്ഥിരം സമിതി അധ്യക്ഷൻ, മുൻ ഏരിയ കമ്മിറ്റി അംഗം, മുൻ തരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ച ആളായിരുന്നു ടി. വാസു.
മുൻ തരൂർ പഞ്ചായത്ത് അംഗവും വാളക്കര ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയുമാണ് എസ്. രാജേഷ്, ആലത്തൂർ ഏരിയയിൽ സി.പി.എം, സി.ഐ.ടി.യു വിഭാഗങ്ങൾ തമ്മിൽ കഴിഞ്ഞ സമ്മേളന കാലത്തുണ്ടായ അഭിപ്രായ വ്യത്യാസമാണ് മാണിക്കനെതിരായ നടപടിക്ക് കാരണമെന്നാണറിയുന്നു.
ആലത്തൂർ ലോക്കൽ കമ്മിറ്റിയുടെ സമ്മേളനത്തിൽ ഔദ്യോഗിക പാനലിൽ ഉൾപ്പെടുത്തിയ സി.ഐ.ടിയു വിഭാഗക്കാർ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. ഈ വിഷയം പാർട്ടി സമ്മേളനങ്ങളിൽ ഔദ്യോഗിക പക്ഷത്തിനെതിരെ വിമർശനത്തിനിടയാക്കിയിരുന്നതായും പറയുന്നുണ്ട്. ചുമട്ടുതൊഴിലാളി യൂനിയനിൽ പുതിയ അംഗങ്ങളെ ചേർത്തപ്പോൾ പാർട്ടിയോട് ആലോചിച്ചില്ലെന്നും അതിൽ അഴിമതി ഉണ്ടായെന്നുമാണ് മാണിക്കനെതിരെയുള്ള ആരോപണം.
പോക്സോ കേസിലെ പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്നതാണ് രാജേഷിനെതിരെ ഉന്നയിച്ചിട്ടുള്ള ആക്ഷേപം. തരൂരിൽ കുടുംബശ്രീയുമായി ബന്ധപ്പെട്ട മുറ്റത്തെ മുല്ല വായ്പയുടെ പേരിൽ ഉയർന്ന വിവാദമാണ് വാസുവിനെതിരെ ഉന്നയിച്ചത്. നടപടികളെക്കുറിച്ച് വിശദീകരിക്കാൻ അവർ പ്രവർത്തിക്കുന്ന കമ്മിറ്റികളിൽ കൂടിയ യോഗത്തിൽ ഭിന്നാഭിപ്രായം ഉയർന്നതായും സൂചന ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.