ശർക്കരയിൽ സിന്തറ്റിക് നിറം; ജാഗ്രത വേണമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ്
text_fieldsപാലക്കാട്: നിറം ചേർത്ത ശർക്കര വിപണിയിൽ സുലഭമാണെന്നും ശ്രദ്ധ വേണമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ്. ഓണക്കാല പരിശോധനയിലാണ് ശർക്കരയിൽ വ്യാപകമായി സിന്തറ്റിക് നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തിയത്. മഞ്ഞനിറം നൽകാൻ ട്രാർറ്റാസിൻ, സൺസെറ്റ് യെല്ലോ എന്നിവയും ചുവപ്പുനിറം നൽകാൻ റോഡാമിൻ-ബിയുമാണ് ചേർക്കുന്ന രാസവസ്തുക്കൾ.
സാധാരണ ശർക്കരക്ക് ചുവപ്പ് കലർന്ന കറുപ്പുനിറമായിരിക്കും. വിപണിയിൽ ഇവക്ക് ഡിമാൻഡ് കുറവാണ്. ഉപഭോക്താക്കളെ ആകർഷിക്കാനാണ് സിന്തറ്റിക് നിറം ചേർക്കുന്നത്. ഇത്തരം രാസവസ്തുക്കളുടെ വൻതോതിലുള്ള ഉപയോഗം അർബുദത്തിന് കാരണമാകുമെന്ന് ശാസ്ത്രീയ പഠനങ്ങളുണ്ട്.
ശർക്കരയുടെ ഉൽപാദനം നടക്കുന്നത് അയൽ സംസ്ഥാനങ്ങളിലായതിനാൽ ഭക്ഷ്യസുരക്ഷ വകുപ്പിന് നടപടിയെടുക്കാൻ പരിമിതിയുണ്ട്. ജി.എസ്.ടി ബില്ലോടെ വരുന്ന ശർക്കരയാണെങ്കിൽ ബന്ധപ്പെട്ട സ്ഥാപനത്തെ പ്രതിചേർത്ത് കേസെടുക്കാനാവും. എന്നാൽ, ഒട്ടുമിക്ക സമയങ്ങളിലും ബില്ലൊന്നുമില്ലാതെയാണ് ശർക്കരയെത്തുന്നതെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ പറയുന്നു. 2020ൽ സപ്ലൈകോയുടെ ഓണക്കിറ്റിലെ ശർക്കരയിൽ രാസവസ്തുക്കൾ കണ്ടെത്തിയത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.