തമിഴ്നാടിന്റെ ഒട്ടൻഛത്രം പദ്ധതി; ചിറ്റൂർ മണ്ഡലത്തിൽ ഹർത്താൽ പൂർണം
text_fieldsചിറ്റൂർ: ആളിയാർ ഡാമിൽനിന്ന് വെള്ളം കൊണ്ടുപോയുള്ള ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച കോൺഗ്രസ് നടത്തിയ ഹർത്താൽ പൂർണം. ചിറ്റൂർ നിയോജക മണ്ഡലത്തിൽ പൂർണമായും നെന്മാറ നിയോജക മണ്ഡലത്തിലെ നെല്ലിയാമ്പതി, അയിലൂർ, നെന്മാറ പഞ്ചായത്തുകളൊഴികെയുള്ള മറ്റ് ഏഴു പഞ്ചായത്തുകളിലും രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ ആചരിച്ചത്. ഹർത്താൽ പ്രദേശങ്ങളിൽ മുഴുവനും കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. സർക്കാർ, സ്വകാര്യ, അർധസർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സ്വകാര്യ ബസുകൾ സർവസ് നടത്തിയില്ല. ഓട്ടോ-ടാക്സി, ചരക്കു വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ഒട്ടൻഛത്രം പദ്ധതിയുടെ ടെൻഡർ തുറക്കുന്ന ദിവസമായതിനാലാണ് വ്യാഴാഴ്ച ഹർത്താൽ നടത്തിയത്. കേന്ദ്ര സർക്കാറിന്റെ അമൃത്, ജലജീവൻ മിഷൻ പദ്ധതികളിൽനിന്ന് 930 കോടി രൂപയാണ് ഒട്ടൻഛത്രം കുടിവെള്ള പദ്ധതിക്ക് തമിഴ്നാട് സർക്കാർ ചെലവഴിക്കുന്നത്. പി.എ.പി കരാർ പ്രകാരം ഭാരതപ്പുഴക്ക് ലഭിക്കേണ്ട 7.25 ടി.എം.എസി വെള്ളം 2018ലെ പ്രളയത്തിനു മുമ്പുള്ള ജലവർഷങ്ങളിൽ കേരളത്തിന് ലഭിച്ചിരുന്നില്ല. 2016-17 ജലവർഷത്തിൽ 4.37 ടി.എം.സിയും 2017-18 ജലവർഷത്തിൽ 6.24 ടി.എം.സിയുമാണ് ലഭിച്ചത്.
ഇപ്പോൾ ലഭിക്കുന്ന അതിവർഷം നിന്നാൽ അവകാശപ്പെട്ട വെള്ളം ഒരിക്കലും ലഭിക്കാത്ത തരത്തിൽ ബുദ്ധിമുട്ടും. മൂലത്തറ, കമ്പാലത്തറ, കുന്നംപിടാരി, മീങ്കര, ചുള്ളിയാർ അണകൾ നിറക്കാൻ കഴിയാതെ വരും. കൃഷിക്കും കുടിവെള്ളത്തിനും ക്ഷാമമനുഭവപ്പെടുകയും ഭാരതപ്പുഴയുടെ തീരം മരുഭൂമിയാകുകയും ചെയ്യാതിരിക്കാൻ പദ്ധതി ഉപേക്ഷിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.