പറമ്പിക്കുളത്തേക്കുള്ള അതിർത്തിയിൽ നിയന്ത്രണവുമായി തമിഴ്നാട് വനം വകുപ്പ്
text_fieldsപറമ്പിക്കുളം: പറമ്പിക്കുളത്തേക്ക് തമിഴ്നാടിന്റെ നിയന്ത്രണം. തമിഴ്നാട് ആനമല കടുവസങ്കേതത്തിലെ വനം ഉദ്യോഗസ്ഥരാണ് സേത്തുമട അതിർത്തിയിൽ പറമ്പിക്കുളത്തേക്കുള്ള വാഹനങ്ങളുടെ എണ്ണം ഒരുദിവസം 120 ആയി നിജപ്പെടുത്തിയത്. തമിഴ്നാട് അതിർത്തി ചെക്ക്പോസ്റ്റായ സേത്തുമട വഴി പറമ്പിക്കുളത്തേക്ക് 120 വാഹനങ്ങളിൽ കൂടുതൽ കടത്തിവിടരുതെന്ന പുതിയ നിർദേശമാണ് കഴിഞ്ഞ ദിവസം മുതൽ തമിഴ്നാട് വനം വകുപ്പിന് ലഭിച്ചിട്ടുള്ളത്.
120ൽ കൂടുതൽ വാഹനങ്ങളെ കടത്തിവിടാൻ തമിഴ്നാട് വനം വകുപ്പ് തയാറാവാത്തതിനാൽ കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിലായി നിരവധി വാഹനങ്ങളാണ് അതിർത്തിയിൽ പറമ്പിക്കുളത്തേക്ക് കടക്കാനാവാതെ തിരിച്ചത്. തമിഴ്നാട് വനം വകുപ്പ് തീരുമാനങ്ങൾ ആദിവാസികളെയും മറ്റുവകുപ്പ് ഉദ്യോഗസ്ഥരെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. എന്നാൽ, തമിഴ്നാട് വനം വകുപ്പാണ് വിനോദസഞ്ചാരികളുടെ വാഹനത്തെ നിയന്ത്രിക്കുന്നതെന്നും കേരളത്തിലെ സർക്കാർ ഔദ്യോഗിക വാഹനങ്ങൾക്കും പറമ്പിക്കുളത്തെ ആദിവാസികളുടെ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമല്ലെന്നും പറമ്പിക്കുളം ഡെപ്യൂട്ടി ഡയറക്ടർ വൈശാഖ് ശശികുമാർ പറഞ്ഞു.
പറമ്പിക്കുളത്തേക്ക് ഒരുദിവസം 1000 വിനോദസഞ്ചാരികളെ വരെ അനുവദിക്കാറുണ്ട്. പറമ്പിക്കുളത്ത് എത്തുന്ന വാഹനങ്ങളിലെ വിനോദസഞ്ചാരികളെ കടുവസങ്കേതത്തിന്റെ വാഹനങ്ങളിലാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ആദിവാസികളെയും ഔദ്യോഗിക വാഹനങ്ങളെയും അതിർത്തിയിൽ ഇതുവരെ തടഞ്ഞിട്ടില്ലെന്നും അത്തരം സംഭവങ്ങൾ ഉണ്ടായാൽ ഇടപെടുമെന്നും പറമ്പിക്കുളം ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി. ഇതുവരെയില്ലാത്ത നിയന്ത്രണങ്ങൾ തമിഴ്നാട് വനം വകുപ്പ് കൊണ്ടുവന്നതിനാൽ ഇരുസംസ്ഥാനത്തെയും വനം മന്ത്രിമാർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.