പാലക്കാട് നഗരസഭയിൽ ടെലികോം കമ്പനിക്ക് കേബിൾ വലിക്കാൻ അനുമതി; പ്രതിഷേധത്തിനൊടുവിൽ റദ്ദാക്കി
text_fieldsപാലക്കാട്: ഒമ്പതുകോടിയോളം കുടിശ്ശിക വരുത്തിയ റിലയൻസിന് പുതിയ അപേക്ഷയിന്മേൽ വീണ്ടും നഗരത്തിൽ കേബിൾ വലിക്കാൻ അനുമതി നൽകിയതിനെതിരെ നഗരസഭ കൗൺസിലിൽ പ്രതിഷേധം. തുടർന്ന് നിലവിൽ നൽകിയ അനുമതി റദ്ദ് ചെയ്യുന്നതായും ടെലികോം കമ്പനികൾക്ക് നഗരസഭ ചട്ടം മറികടന്ന് അനുമതികൾ നൽകുന്ന സർക്കാർ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനും നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനമായി.
ടെലികോം കമ്പനിക്ക് അനുമതി റദ്ദ് ചെയ്യണമെന്നും പുതിയ അപേക്ഷയിന്മേൽ വാടകയിനത്തിൽ അടച്ച ആദ്യ ഗഡുവായ രണ്ടരക്കോടി കുടിശ്ശികയായി വകയിരുത്തണമെന്നും ആവശ്യമുയർന്നു. ഇളവ് നൽകി റിലയൻസിന് ഒത്താശ നൽകിയ വിഷയം ഗൗരവമുള്ളതാണ്. സാധാരണക്കാരന് കെട്ടിട അനുമതിക്ക് മാസങ്ങളോളം രേഖകളുമായി അലയണ്ട നഗരസഭയിൽ തിടുക്കപ്പെട്ട് ഓർഡർ നൽകിയവർക്കെതിരെ നടപടിയുണ്ടാവണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. ടെലികോം കേബിൾ വലിക്കുന്നതടക്കം വിഷയത്തിൽ മാനദണ്ഡങ്ങൾ നിശ്ചയിച്ച് സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിൽ കൗൺസിലിെൻറ അനുമതി ആവശ്യമില്ലെന്നും നിശ്ചിത തീയതിക്കകം അനുമതി നൽകേണ്ടതുണ്ടെന്നും അസി. എൻജിനീയർ കൗൺസിലിനെ അറിയിച്ചു.
എന്നാൽ, സർക്കാർ ഓർഡർ കൗൺസിലിൽ വെക്കാമായിരുന്നെന്ന് പ്രതിപക്ഷ കക്ഷികൾ വാദിച്ചു. ഇതോടൊപ്പം നഗരസഭ സെക്രട്ടറിക്കെതിരെയും കൗൺസിലർമാർ ഗുരുതര ആക്ഷേപങ്ങൾ ഉന്നയിച്ചു. ഇതിനിടെ മുൻ നഗരസഭ ചെയർപേഴ്സനും ബി.ജെ.പി കൗൺസിലറുമായ പ്രമീള ശശിധരനടക്കമുള്ളവർ റിലയൻസിന് അനുമതി നൽകിയതിനെതിരെ രംഗത്തെത്തുകയായിരുന്നു.
മുൻ കൗൺസിലുകളിൽ സജീവ ചർച്ചയായ വിഷയത്തിൽ പുതിയ ഫയലാക്കി തിടുക്കപ്പെട്ട് അനുമതി നൽകിയ വിഷയം അന്വേഷിക്കണമെന്ന് പ്രമീള ആവശ്യപ്പെട്ടു. നൽകിയ അനുമതി താൽക്കാലികമായി റദ്ദ് ചെയ്യുന്നതോടൊപ്പം കിട്ടാനുള്ള പണം ചൂണ്ടിക്കാണിച്ച് സർക്കാറിനെ സമീപിക്കാൻ നടപടി സ്വീകരിക്കുമെന്നും ചെയർപേഴ്സൻ പ്രിയ കെ. അജയൻ കൗൺസിലിനെ അറിയിച്ചു.
ആസൂത്രണ, വർക്കിങ് കമ്മിറ്റികളിലേക്ക് ഭരണകക്ഷി അംഗങ്ങളെ മാത്രം ഉൾപ്പെടുത്തിയതിനെതിരെ അജണ്ട അവതരണ വേളയിൽ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയത് വാക്പോരിൽ കലാശിച്ചു. തുടർന്ന് പ്രതിഷേധവുമായി ചെയർപേഴ്സെൻറ ഡയസിന് ചുറ്റും മുദ്രാവാക്യം വിളിച്ച യു.ഡി.എഫ് കൗൺസിലർമാർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. പ്രതിഷേധങ്ങൾക്കിടയിൽ ആസൂത്രണ കമ്മിറ്റി, വർക്കിങ് കമ്മിറ്റി അംഗങ്ങളുടെ പട്ടിക അംഗീകരിച്ചതായി ചെയർപേഴ്സൻ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.