പാലക്കാട് ജില്ലയിൽ വീണ്ടും ചൂട് കനക്കുന്നു
text_fieldsപാലക്കാട്: ഒരാഴ്ചത്തെ ഇടവേളക്കുശേഷം ജില്ലയിൽ വീണ്ടും ചൂട് കനക്കുന്നു. ഞായറാഴ്ച മുതൽ ചൂട് വീണ്ടും 40 ഡിഗ്രി കടന്നു. ജലവിഭവ വകുപ്പിന്റെ മലമ്പുഴ അണക്കെട്ടിലുള്ള താപമാപിനിയിൽ ഞായറാഴ്ച 40.5ഉം തിങ്കളാഴ്ച 40.1ഉം ഡിഗ്രി ചൂടു രേഖപ്പെടുത്തി. ഏപ്രിൽ 13നുശേഷം ജില്ലയിൽ ചൂട് 40ന് താഴെയായിരുന്നു. ചിലയിടങ്ങളിൽ നേരിയ വേനൽമഴ ലഭിച്ചതിനെ തുടർന്നാണ് ചൂട് കുറഞ്ഞത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് ഏപ്രിൽ രണ്ടാം വാരം മുണ്ടൂർ ഐ.ആർ.ടി.സിയിലാണ് -41.8 ഡിഗ്രി. ചൂട് വീണ്ടും 40ന് മുകളിൽ എത്തിയതോടെ സൂര്യാതപ കേസുകളും റിപ്പോർട്ട് ചെയ്തുതുടങ്ങി. സംസ്ഥാനത്തു സ്ഥിരം ഉയർന്ന ചൂടു രേഖപ്പെടുത്തുന്ന ജില്ലകൂടിയായ പാലക്കാട്ടു മുമ്പ് സൂര്യാഘാതത്താലുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചൂട് കൂടുന്ന സാഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രതാ നിർദേശം നൽകി. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാനസാഹചര്യമാണ് ഇവിടെയും ചൂട് കൂടാൻ കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വേനൽ മഴയിലുണ്ടായ ഗണ്യമായ കുറവും തിരിച്ചടിയായി. ചൂടിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അംശവും കുറയുന്നതിനാൽ ഉഷ്ണം കൂടുതലാണ്. അതേസമയം, ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ ഉഷ്ണം താരതമ്യേന കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.