പഞ്ചായത്ത് പ്രസിഡൻറും 'വേട്ട'ക്കിറങ്ങി; കാളികാവിൽ പത്ത് കാട്ടുപന്നികളെ വെടിവെച്ചിട്ടു
text_fieldsകാളികാവ്: മലയോരപ്രദേശങ്ങളിൽ കാർഷിക വിളകൾക്ക് വ്യാപക ഭീഷണിയായ പന്നി ശല്യത്തിന് അറുതി വരുത്താൻ കർഷക ദിനത്തിൽ കാളികാവ് പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ 20 അംഗ സംഘം പന്നിവേട്ടക്കിറങ്ങി.
ഉന്നത പരിശീലനം സിദ്ധിച്ചവരും ഡി.എഫ്.ഒയുടെ എം-പാനൽ ലിസ്റ്റിൽപെട്ടവരും ലൈസൻസുള്ളവരുമായ ഏഴ് തോക്കുധാരികളാണ് വെടിവെപ്പിന് നേതൃത്വം നൽകിയത്. കാളികാവ് പഞ്ചായത്തിലെ എലിക്കോട്, കൂനിയാറ, ആമപ്പൊയിൽ, മങ്കുണ്ട്, ചെങ്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ വേട്ടയിൽ പത്ത് പന്നികളെയാണ് വെടിവെച്ചിട്ടത്.
പന്നിവേട്ടക്ക് ഉത്തരവിടാൻ പഞ്ചായത്ത് പ്രസിഡൻറുമാർക്ക് അധികാരം ലഭിച്ചതിന് ശേഷമുള്ള ആദ്യ വേട്ടയായിരുന്നു ഇന്നലെ നടന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ ഈ സംഘത്തിന്‍റെ നേതൃത്വത്തിൽ ആറു പ്രാവശ്യം നടന്ന വേട്ടയിലൂടെ ഇരുന്നൂറോളം പന്നികളെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്.
വെടിവെച്ചിട്ട പന്നികള വനംവകുപ്പ് ഡപ്യൂട്ടി റേഞ്ചറുടെ സാന്നിധ്യത്തിൽ കുഴിച്ചുമൂടി. വേട്ടനായ്ക്കളുടെ സഹായത്തോടെ കാടിളക്കി പന്നികളെ പുറത്ത് ചാടിച്ചാണ് വെടിവെപ്പ് നടത്തുന്നത്. പന്നി ശല്യം മൂലം കൃഷിക്കും ജീവനും ഭീഷണി നേരിടുന്ന മലയോര മേഖലയിൽ ഒട്ടേറെ കർഷകർ ഇതിനകം കൃഷി ഉപേക്ഷിച്ചിട്ടുണ്ട്.
നിരവധി ബൈക്ക്, ഓട്ടോയാത്രക്കാരെ കാട്ടുപന്നികൾ ഇടിച്ച് വീഴ്ത്തിയ സംഭവങ്ങളും ഉണ്ടായി. തോക്കു ലൈസൻസികളായ പെരിന്തൽമണ്ണയിലെ എം.ടി. സക്കീർ ഹുസൈൻ, പട്ടാണി മുഹമ്മദ് ഹാജി, എ. ശ്രീകാന്ത്, തുമ്പയിൽ വാസു, ചോയി, പി. അർശദ് ഖാൻ, ബ്ലോക്ക് അംഗം സി.കെ. ബഷീർ, വാർഡ് അംഗം എ.പി. അബ്ദുട്ടി, മാനുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.