ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിൽ പാലക്കാട് ജില്ലയിൽ 31 തദ്ദേശ സ്ഥാപനങ്ങൾ നാളെ മുതല്‍ അടച്ചിടും
text_fieldsപാലക്കാട്: ജില്ലയിലെ 40 ശതമാനത്തിൽ കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 31 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ബുധനാഴ്ച മുതൽ പൂര്‍ണമായും അടച്ചിടാൻ ജില്ല ദുരന്ത നിവരാണ അതോറിറ്റി യോഗത്തിൽ തീരുമാനം. രോഗവ്യാപനം നിയന്ത്രിക്കാനായി നഗരസഭകളായ പട്ടാമ്പി, മണ്ണാർക്കാട്, പഞ്ചായത്തുകളായ ഷോളയൂർ, അമ്പലപ്പാറ, ചളവറ, നാഗലശേരി, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല, വെള്ളിനേഴി, എലപ്പുള്ളി, എലവഞ്ചേരി, കോങ്ങാട്, കൊടുവായൂർ, പല്ലശ്ശേന, പുതുനഗരം, മരുതറോഡ്, കൊപ്പം, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, തിരുവേഗപ്പുറ, വിളയൂർ, കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി, തേങ്കുറുശ്ശി, മങ്കര, പിരായിരി, കാവശേരി, മേലാർകോട്, വലപ്പുഴ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടച്ചിടുകയെന്ന് ജില്ല കലക്ടറുടെ ഉത്തരവിൽ പറയുന്നു.
നഗരസഭ/ പഞ്ചായത്തുകളുടെ അതിര്‍ത്തികള്‍ അടച്ചിടാൻ വേണ്ട നടപടികള്‍ ബന്ധപ്പെട്ട സ്റ്റേഷന് ഹൗസ് ഓഫിസര്‍, നഗരസഭ/ പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സംയുക്തമായി നിര്‍വഹിക്കാനും ഉത്തരദേശിക്കുന്നു. മേല്‍ സ്ഥലങ്ങളില്‍ പുറത്തേക്കും അകത്തേക്കും പ്രവേശിക്കുന്നതിന് ഒരു എന്‍ട്രി, ഒരു എക്സിറ്റ് എന്ന രീതിയിലുള്ള സംവിധാനം നടപ്പാക്കണം.
ആളുകള്‍ക്ക് ഭക്ഷണം, ഭക്ഷണ സാധനങ്ങള്‍ എന്നിവ എത്തിച്ചു കൊടുക്കാൻ ആര്.ആര്.ടിമാര്‍, വളൻറിയര്‍മാര്‍ എന്നിവരുടെ സേവനം ഉറപ്പാക്കണം. അവശ്യ സേവനങ്ങള്‍ക്കും ആശുപത്രി യാത്രകള്‍ക്കുമല്ലാതെ ജനം പുറത്തിറങ്ങുന്നത് തടയാൻ പൊലീസ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണം. ലോക്ഡൗൺ ഇളവുകള്‍ ഈ പ്രദേശങ്ങളില്‍ ബാധകമല്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ടു വരെ മാത്രം തുറക്കാം. ഹോം ഡെലിവറി മാത്രമാണ് അനുവദിച്ചത്.
ടി.പി.ആർ ഉയർന്ന ഇടങ്ങളിൽ കർശന നിയന്ത്രണം
പട്ടാമ്പി: കോവിഡ് രോഗബാധ പ്രതിരോധിക്കാൻ കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുപ്രകാരം ടി.പി.ആർ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്) 40 ശതമാനത്തിൽ കൂടുതൽ വരുന്ന പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ല ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു. ഇതുപ്രകാരം പട്ടാമ്പി താലൂക്കിലെ വല്ലപ്പുഴ, ആനക്കര, നാഗലശ്ശേരി, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല, കൊപ്പം, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, പരുതൂർ, വിളയൂർ പഞ്ചായത്തുകളിലും പട്ടാമ്പി നഗരസഭയിലും നിയന്ത്രണം കടുപ്പിക്കും. മണ്ണാർക്കാട് നഗരസഭയിലും സമാന സ്വഭാവമായതിനാൽ നിയ്രന്തണത്തിൽ ഉൾപ്പെടുത്തും. ഇവിടങ്ങളിൽ കടകളുടെ പ്രവർത്തന സമയം ചൊവ്വാഴ്ച മുതൽ രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെ മാത്രമാക്കാൻ തീരുമാനമായി. ഇത് നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി.
അമ്പലപ്പാറ പഞ്ചായത്തിൽ ട്രിപ്ൾ ലോക്ഡൗൺ സമാന നിയന്ത്രണം
ഒറ്റപ്പാലം: കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന അനുഭവപ്പെടുന്ന സാഹചര്യത്തിൽ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തോളമായ സാഹചര്യത്തിലാണ് ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസം ട്രിപ്ൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണം പഞ്ചായത്ത് പരിധിയിൽ ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. ഹോം ഡെലിവറി നടത്താൻ കഴിയുന്ന പലചരക്ക്, പച്ചക്കറി, പഴം വ്യാപാര കേന്ദ്രങ്ങൾക്ക് തുറക്കാം. എന്നാൽ ഉപഭോക്താക്കൾ നേരിട്ടെത്തി സാധനങ്ങൾ വാങ്ങാൻ അനുമതിയില്ല. ആശുപത്രി, മരുന്ന്, കുത്തിവെപ്പ്, പാൽ, പത്രം വിതരണം എന്നീ അത്യാവശ്യങ്ങൾക്ക് മാത്രം കോവിഡ് നിബന്ധനകൾ പാലിച്ചും സത്യവാങ്മൂലം കൂടെക്കരുതിയും പുറത്തിറങ്ങാം.
പഞ്ചായത്തിലെ പി.ഡബള്യു.ഡി റോഡ് ഒഴികെയുള്ള പാതകളിൽ ഗതാഗതം നിരോധിച്ചു. പഞ്ചായത്ത് പരിധിക്കകത്ത് യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുമതിയില്ല. വിവാഹങ്ങൾ കഴിവതും മാറ്റി വയ്ക്കുക. മരണവും മരണാനന്തര ചടങ്ങുകളും പൊലീസ്, സെക്ടൽ മജിസ്ട്രേറ്റ് എന്നിവരുടെ അനുമതിയോടെ മാത്രം നടത്തുക. മാറ്റി വയ്ക്കാൻ കഴിയാത്ത വിവാഹത്തിന് പരമാവധി 10 പേർ മാത്രം. എന്ത് ആവശ്യങ്ങൾക്കും വാർഡ് കൗൺസിലറുമായി ബന്ധപ്പെടാം. 20ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.