പോയ കാലത്തിന്റെ പ്രതാപം പറഞ്ഞ് തുറവൻകുഴിക്കളം പത്തായപ്പുര
text_fieldsതച്ചനാട്ടുകര: പോയകാലത്തിന്റെ മനോഹര ഓർമകൾ അയവിറക്കി തുറുവൻകുഴിക്കളം പത്തായപ്പുര. അമ്പത്തിമൂന്നാം മൈലിലെ തുറുവൻകുഴി സരോജിനി ടീച്ചറുടെ ഉടമസ്ഥതയിലുള്ള പത്തായപ്പുരയാണ് തലയെടുപ്പോടെ ഇന്നും നിലനിൽക്കുന്നത്. നെല്ല് പൊന്നായി കണ്ടിരുന്ന ഒരു പ്രതാപ കാലത്തിന്റെ പ്രതീകമായി ശിരസ്സുയർത്തി ഇന്നും നിലകൊള്ളുന്നുണ്ട് അടങ്ങുന്ന കെട്ടിടം.
മുമ്പ് പ്രഭുസ്ഥാനീയരായ ചില തറവാടുകളിൽ മാത്രമാണ് നെല്ലും വിത്തും സൂക്ഷിക്കാൻ വേണ്ടി പ്രത്യേകമായി ഇത് പോലുള്ള പുരകൾ നിർമിച്ചിരുന്നത്. കണ്ണെത്താ പാടശേഖരങ്ങളിൽ നെല്ല് വിളയിച്ചെടുത്ത് ടൺ കണക്കിന് ശേഖരിച്ചുവെച്ചിരുന്നത് ഇത്തരം കളങ്ങൾക്കകത്തെ പത്തായങ്ങളിലാണ്. എത്രകാലം വരെയാണെങ്കിലും നെല്ല് കേടുകൂടാതെ സൂക്ഷിക്കാം എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.
പഴയ ഭൂപ്രഭുക്കളുടെ ഇല്ലങ്ങളിലും കോവിലകങ്ങളിലുമൊക്കെ ഉണ്ടായിരുന്ന പത്തായപ്പുരകളും നെല്ലറകളും അത്തരം തറവാടുകളൊക്കെ ഒട്ടുമിക്കതും അന്യമായതോടെ കാണാക്കനിയായി. അപൂർവമായെവിടെയെങ്കിലും അവശേഷിക്കുന്നത് സംരക്ഷണമില്ലാതെ നാശാവസ്ഥയിലുമാണ് . എന്നാൽ, തുറവൻകുഴിക്കളത്തെ പുര ടീച്ചറുടെ കുടുംബം സംരക്ഷിച്ചുപോരുന്നുണ്ട്. നിരപ്പിൽ നിന്നും മൂന്നടി ഉയരത്തിലാണ് ഇതിനകത്തെ പത്തായം ക്രമീകരിച്ചിരിക്കുന്നത്.
ഈ കെട്ടിടത്തിന് തൊട്ട് വയലിന് സമീപത്തായി നിലകൊള്ളുന്ന പടിപ്പുരയും കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്. തച്ചനാട്ടുകരയിൽ നിരവധി പടിപ്പുരകൾ ഉണ്ടായിരുന്നെങ്കിലും സജീവമായി നിലനിൽക്കുന്നത് ഇതു മാത്രമാണ്. ഇന്നും ഈ കുടുംബം ഇവരുടെ പാടത്ത് നെല്ല് ഉൽപാദിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.