വാക്സിൻ വിതരണത്തിൽ രാഷ്ട്രീയമെന്ന്; ഡി.വൈ.എഫ്.െഎ പ്രവർത്തകർ നഗരസഭ വൈസ് ചെയർമാനെ ഉപരോധിച്ചു
text_fieldsപാലക്കാട്: നഗരസഭയിലെ വാക്സിൻ വിതരണത്തിൽ രാഷ്ട്രീയ വിവേചനം നടത്തുന്നുവെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പാലക്കാട് നഗരസഭ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസിനെ ഉപരോധിച്ചു. ബി.ജെ.പി കൗൺസിലർമാർ തങ്ങൾക്ക് ലഭിക്കുന്ന വാക്സിൻ ടോക്കണുകളിൽ 20 ശതമാനം പാർട്ടിക്ക് നൽകണമെന്ന് ആഹ്വാനം ചെയ്യുന്ന സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇത് ബി.ജെ.പി കൗൺസിലർമാരുടെ വാട്ട്സ്ആപ് ഗ്രൂപ്പിൽ കഴിഞ്ഞ ദിവസമെത്തിയ പാർലമെൻററി പാർട്ടി നേതാവിെൻറ സന്ദേശമാണെന്ന് ഡി.വൈ.എഫ്.െഎ ആരോപിച്ചു. സന്ദേശം പുറത്തുവന്നതിലൂടെ അർഹതപ്പെട്ടവർക്ക് ലഭിക്കേണ്ട വാക്സിൻ ബി.ജെ.പി ഇഷ്ടക്കാർക്ക് നൽകുന്നുവെന്ന് തെളിഞ്ഞെന്നും സന്ദേശം നൽകിയ ബി.ജെ.പിയുടെ പാർലമെൻററി പാർട്ടി നേതാവ് സത്യപ്രതിജ്ഞ ലംഘനം നടത്തിയതായും ഡി.വൈ.എഫ്.ഐ ഭാരവാഹികൾ പറഞ്ഞു.
പ്രതിഷേധത്തിനിടെ സമരക്കാരും കൗൺസിലർമാരും തമ്മിൽ നേരിയ വാക്കേറ്റമുണ്ടായി. ടൗൺ സൗത്ത് പൊലീസ് സ്ഥലത്തെത്തി. എല്ലാവർക്കും വാക്സിൻ ഉറപ്പുവരുത്തുമെന്നും ജനറൽ ക്യാമ്പുകൾ അവസാനിപ്പിച്ച് വാർഡ് അടിസ്ഥാനത്തിൽ ക്യാമ്പുകൾ നടത്തുന്നത് പരിശോധിക്കുമെന്നും വൈസ് ചെയർമാൻ ഉറപ്പുനൽകിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ജിഞ്ചു ജോസ്, ബ്ലോക്ക് സെക്രട്ടറി കെ. ശിവദാസ്, വിപിൻദാസ്, എ. അജയകുമാർ, അഭിൻകൃഷ്ണ, ഷൈജു എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.