നാടിന്റെ വികസനമാണ് മുഖ്യലക്ഷ്യമെന്ന് നിയുക്ത എം.എൽ.എമാർ
text_fieldsകണ്ണമ്പ്ര വ്യവസായ പാർക്ക് ജില്ലയിലെ അഭിമാന പദ്ധതിയാക്കി മാറ്റും –പി.പി. സുമോദ്
തരൂർ: കൊച്ചി വ്യവസായ ഇടനാഴിയുടെ ഭാഗമായ കണ്ണമ്പ്ര വ്യവസായ പാർക്ക് ജില്ലയിലെ അഭിമാന പദ്ധതിയാക്കി മാറ്റുമെന്ന് തരൂർ മണ്ഡലം നിയുക്ത എം.എൽ.എ പി.പി. സുമോദ് പറഞ്ഞു.
തോലനൂർ ഗവ. ആർട്സ് സയൻസ് കോളജിന് റവന്യു വകുപ്പ് കുത്തനൂർ മുപ്പഴയിൽ കൈമാറിയ 14 ഏക്കർ സ്ഥലത്ത് 10 കോടി ചെലവിൽ കെട്ടിടം നിർമിക്കും. പെരുങ്ങോട്ടുകുർശ്ശി-മങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഞാവലിൻകടവ് പാലം, തരൂർ റിങ്ങ് റോഡ് എന്നിവ നടപ്പാക്കും. കാർഷികമേഖലയുടെ സംരക്ഷണത്തിന് കണ്ണമ്പ്രയിൽ 80 കോടി ചെലവിൽ ആധുനിക അരിമിൽ പ്രവർത്തനം തുടങ്ങും. കാവശ്ശേരി കെൽപാം റൈസ് മിൽ പൂർത്തിയാക്കി നെല്ലു സംഭരണം ആരംഭിക്കും. മംഗലംഡാം മെഗാകുടിവെള്ള പദ്ധതി പൂർത്തിയാക്കും.
പെരുങ്ങോട്ടുകുർശ്ശി, കുത്തനുർ ഗ്രാമപഞ്ചായത്തുകൾക്കും, തരൂർ ഒന്നാം വില്ലേജിനുള്ള സമഗ്ര കുടിവെള്ളപദ്ധതി കാര്യക്ഷമമാക്കുമെന്നും പി.പി. സുമോദ് പറഞ്ഞു.
തുടക്കം കുറിച്ച പദ്ധതികൾക്ക് ആദ്യപരിഗണന –മുഹമ്മദ് മുഹ്സിൻ
പട്ടാമ്പി: മണ്ഡലത്തിൽ തുടക്കം കുറിച്ച പദ്ധതികൾ പൂർത്തിയാക്കാനാണ് ഏറ്റവും മുന്തിയ പരിഗണനയെന്ന് മുഹമ്മദ് മുഹ്സിൻ. പട്ടാമ്പിയിൽ പുതിയ പാലം നിർമിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തും. സ്ഥലമേറ്റെടുക്കാനുള്ള നടപടികൾ കഴിഞ്ഞ കാലത്ത് തുടങ്ങി വെച്ചതാണ്. പഴയ കടവ് ഭാഗത്തുനിന്നാണ് ഭാരതപ്പുഴക്ക് കുറുകെ പാലം നിർമിക്കുന്നത്. റെയിൽവേ കമാനപരിസരത്ത് വലിയ കെട്ടിടങ്ങളുണ്ട്. ടൗണിലെ ഏറ്റവും പ്രധാന ഭാഗമാണിത്. ഉടമകളുടെ സമ്മതത്തോടെയും സന്തോഷത്തോടെയും സ്ഥലമേറ്റെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഒരു പാലത്തിന് സ്ഥലം ലഭ്യമാക്കാനുള്ള സ്വാഭാവികമായ കാലതാമസം നേരിടും. എങ്കിലും വേഗത്തിൽ പാലം യാഥാർഥ്യമാക്കാൻ കഴിയുമെന്നാണ് പ്രത്യാശ. ആവിഷ്കരിച്ചതും തുടങ്ങി വെച്ചതുമായ കുടിവെള്ള പദ്ധതികൾ പൂർത്തിയാക്കാൻ മുൻഗണന നൽകും. വിളയൂർ-കൊപ്പം പദ്ധതി പൂർത്തിയായി. ഓങ്ങല്ലൂർ -വല്ലപ്പുഴ പദ്ധതിയുടെ പ്ലാൻറ് നിർമിച്ചുകഴിഞ്ഞു. വിതരണ ശൃംഖലക്ക് വീണ്ടും ഫണ്ട് വെച്ചു. രണ്ടു പഞ്ചായത്തുകളിലും വെള്ളമെത്തിക്കാനുള്ള പൈപ്പ് ലൈനുകളുടെ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കും. 114 കോടി രൂപയുടെ തിരുവേഗപ്പുറ, പരുതൂർ, മുതുതല സമഗ്ര കുടിവെള്ള പദ്ധതി സ്ഥലമേറ്റെടുക്കൽ കഴിഞ്ഞ ടേമിൽ പൂർത്തിയാക്കി. ടെൻഡർ നടപടികൾ പുരോഗതിയിലാണ്. വളരെ വേഗത്തിൽ പദ്ധതി യാഥാർഥ്യമാക്കി ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കും.
മണ്ഡലത്തിലെ നിരവധി റോഡുകൾ നിർമാണത്തിലാണ്. പട്ടാമ്പി വെറ്ററിനറി ആശുപത്രി -മുതുതല റോഡ്, കൈപ്പുറം-വിളത്തൂർ-ചെമ്പ്ര റോഡ്(രണ്ടാംഘട്ടം), തിരുവേഗപ്പുറ-അഞ്ചുമൂല റോഡ് , കൊപ്പം-വളാഞ്ചേരി റോഡ് എന്നിവ റബറൈസ് ചെയ്യും. മറ്റു പി.ഡബ്ല്യു.ഡി റോഡുകളും നവീകരിക്കും. പട്ടാമ്പി താലൂക്ക് ആശുപത്രി മികച്ച സൗകര്യങ്ങളോടെ നവീകരിക്കുന്ന പ്രവൃത്തി തുടങ്ങിവെച്ചതാണ്. അത് ഉടൻ പൂർത്തിയാക്കും, മറ്റ് ആരോഗ്യകേന്ദ്രങ്ങളും നവീകരിക്കും.
ഇതിനൊക്കെ പുറമെ വിവിധ പഞ്ചായത്തുകളിൽ പാർക്കുകൾ, മൈതാനങ്ങൾ തുടങ്ങിയ മറ്റ് ആവശ്യങ്ങളും സാക്ഷാത്കരിക്കുമെന്ന് മുഹമ്മദ് മുഹ്സിൻ പറഞ്ഞു.
കുടിവെള്ളപ്രശ്നത്തിന് അടിയന്തര പരിഗണന -അഡ്വ. കെ. പ്രേംകുമാർ
ഒറ്റപ്പാലം: മണ്ഡലത്തിൽ അനുഭവപ്പെടുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്ന പദ്ധതിക്കാണ് പ്രഥമ പരിഗണനയെന്ന് നിയുക്ത എം.എൽ.എ അഡ്വ. കെ. പ്രേംകുമാർ. മുൻ എം.എൽ.എ പി. ഉണ്ണി അമ്പലപ്പാറയിലും മറ്റും തുടങ്ങിവെച്ച സമഗ്ര കുടിവെള്ള പദ്ധതികൾ അവസാന ഘട്ടത്തിലാണ്. ഇവ പൂർത്തിയാക്കും. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. പ്രാദേശികമായി തൊഴിൽ അവസരം സൃഷ്ടിക്കുന്നതിന് ഒറ്റപ്പാലത്തെ കിൻഫ്രയെ ഉപയോഗപ്പെടുത്തും. സർക്കാർ യുവാക്കൾക്കായി നിർദേശിക്കുന്ന പദ്ധതികൾ യഥാസമയം നടപ്പിലാക്കി മണ്ഡലത്തിൽ പ്രയോജനെപ്പടുത്തും.
വിപുലമായ സാധ്യതകൾ ഇണക്കിച്ചേർത്ത് ഒറ്റപ്പാലത്തെ ടൂറിസം ഹബ്ബാക്കി മാറ്റുകയെന്നതാണ് മറ്റൊരു ലക്ഷ്യം. കുഞ്ചൻ നമ്പ്യാർ സ്മാരകം, മീറ്റ്നയിലെ തടയണ തുടങ്ങിയവ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രങ്ങളാണ്. നല്ല നിലവാരമുള്ള ഒരു കായിക കേന്ദ്രം ഒറ്റപ്പാലത്തിന് ആവശ്യമാണ്. ഇത് യാഥാർഥ്യമാക്കും. ഫിലിം സിറ്റി എന്നത് ഉപേക്ഷിച്ച പദ്ധതിയാണ്. നിലവിൽ ഒറ്റപ്പാലം ഇതിന് അനുയോജ്യമല്ല. അതേസമയം കണ്ണിയംപുറത്ത് ഏെറ്റടുത്ത മൂന്നേക്കറിൽ മൾട്ടിപ്ലസ് തിയറ്റർ യാഥാർഥ്യമാക്കും.
കാഴ്ചകൾക്കപ്പുറം സിനിമയെ കുറിച്ച് പഠിക്കാനുള്ള സൗകര്യം ഇതിലുണ്ടാകും. നേരത്തെ പ്രഖ്യാപിച്ച പദ്ധതിയാണിത്. നഗരത്തിലെ ഗതാതക്കുരുക്ക് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. സ്വപ്ന പദ്ധതികൾ കൂടിയാലോചനകൾക്ക് ശേഷം അടയാളപ്പെടുത്തേണ്ടവയാണെന്നും പ്രേംകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.