തരംഗിണി’ കുതിച്ചു, ആശുപത്രിയിലേക്ക്...
text_fieldsപാലക്കാട്: രാവിലെ ആദ്യ ട്രിപ്പ് തുടങ്ങി തിരക്ക് ഏറിവരുന്ന നേരത്തായിരുന്നു ആ സംഭവം. യാത്രക്കാരനായ യുവാവ് പെട്ടെന്ന് ബസിൽ കുഴഞ്ഞുവീണു. എന്തുചെയ്യണം എന്നറിയാതെ പകച്ചുനിന്ന നിമിഷത്തിനുശേഷം മനസാന്നിധ്യം വീണ്ടെടുത്ത ഡ്രൈവർ വിവേകും കണ്ടക്ടർ ശിവകുമാറും ബസ് വേഗം ആശുപത്രിയിലേക്ക് വിട്ടു. നിമിഷങ്ങൾക്കകം ജില്ല ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. യഥാസമയം യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇരുവരും.
നെന്മാറ-പാലക്കാട് റൂട്ടിലോടുന്ന ‘തരംഗിണി’ ബസിൽ തിങ്കളാഴ്ച രാവിലെ ആറേ മുക്കാലോടെയാണ് സംഭവം. സാധാരണപോലെ പാലക്കാട്ടേക്ക് വരുകയായിരുന്ന ബസിൽ തില്ലങ്കാട് നിന്നാണ് ഏകദേശം 20 വയസ്സുള്ള യുവാവ് കയറിയത്. കാഴ്ചപറമ്പിലേക്കാണ് ടിക്കറ്റെടുത്തിരുന്നത്. തേങ്കുറുശ്ശി ഹൈസ്കൂളിന് സമീപത്ത് എത്തിയതും യുവാവ് പെട്ടെന്ന് കുഴഞ്ഞുവീണു. കൈകാലുകൾ വിറക്കാൻ തുടങ്ങി. ബസ് ജീവനക്കാർ ചായ വാങ്ങിക്കൊടുത്തെങ്കിലും യുവാവിന്റെ വായിൽനിന്ന് വെള്ളം ഒലിച്ചിറങ്ങാൻ തുടങ്ങിയതോടെ എല്ലാവരും പരിഭ്രമിച്ചു. പിന്നെ വൈകിയില്ല. ബസ് വേഗം ജില്ല ആശുപത്രിയിലേക്ക്. വിദ്യാർഥികളും തൊഴിലാളികളും ഉൾപ്പെടെയുള്ള യാത്രക്കാരും സഹകരിച്ചു. ഏഴുമണിയോടെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. ബസ് ആശുപത്രിക്ക് അകത്തേക്ക് കയറ്റിയാണ് യുവാവിനെ കാഷ്വാലിറ്റിയിലേക്ക് പ്രവേശിപ്പിച്ചത്. യുവാവിന്റെ വീട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. കുറച്ചുനേരം ആശുപത്രിയിൽനിന്ന ശേഷം പൊലീസിന്റെ നിർദേശത്തെ തുടർന്ന് ബസ് ജീവനക്കാർ മടങ്ങി.
സാധാരണ 7.10ന് സ്റ്റേഡിയം സ്റ്റാൻഡിൽ എത്താറുള്ള ബസ് തിങ്കളാഴ്ച ഏഴുമണിക്ക് ജില്ല ആശുപത്രിയിൽ എത്തി. 15 വർഷത്തെ ബസ് ജോലിക്കിടയിൽ ഇത്തരമൊരു അനുഭവം ആദ്യമായാണെന്ന് കണ്ടക്ടർ തേങ്കുറുശ്ശി സ്വദേശി ശിവകുമാർ (42) ‘മാധ്യമ’ത്തോട് പറഞ്ഞു. ഡ്രൈവർ ചിതലി സ്വദേശി വിവേകും(41) അവസരോചിതമായി പ്രവർത്തിച്ചു. വിത്തനശ്ശേരി സ്വദേശികളായ ചെന്താമര, സുരേന്ദ്രൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ബസിലെ ജീവനക്കാരാണ് ഇരുവരും. തിരിച്ച് സ്റ്റാൻഡിൽ എത്തിയശേഷം ബസ് ട്രിപ്പ് തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.