നഗരത്തിലെ പ്രധാന റോഡുകൾക്ക് പതിറ്റാണ്ടുകൾക്കിപ്പുറം ശാപമോക്ഷം
text_fieldsപാലക്കാട്: നഗരത്തിലെ രണ്ടു പ്രധാന റോഡുകൾക്ക് പതിറ്റാണ്ടുകൾക്കിപ്പുറം ശാപമോക്ഷമാകുന്നു. തിരക്കേറിയ എരുമക്കാരത്തെരുവ് റോഡും മേട്ടുപ്പാളയം തെരുവിലെ പൂ മാർക്കറ്റ് റോഡുമാണ് നവീകരിക്കുന്നത്. നഗരസഭയുടെ അമൃത് പദ്ധതിയിലുൾപ്പെടുത്തിയാണ് രണ്ടു റോഡുകളും നവീകരിക്കുന്നത്. ഇതിൽ പൂ മാർക്കറ്റ് റോഡ് പൂർണമായും കോൺക്രീറ്റ് ചെയ്തു കഴിഞ്ഞു.
ഇനി എരുമക്കാരത്തെരുവ് റോഡ് നവീകരണമാണ് പൂർത്തിയാക്കാനുള്ളത്. ഇവിടെ അഴുക്കുചാൽ നിർമാണം പൂർത്തിയായാൽ റോഡ് നവീകരണം നടത്തും. കാലങ്ങളായി തകർന്ന എരുമക്കാരത്തെരുവ് റോഡിൽ വേനൽക്കാലത്ത് പൊടിശല്യവും മഴക്കാലത്ത് ചെളിയും ചേറും നിറഞ്ഞ സ്ഥിതിയാണ്. ഇതുമൂലം കാൽനടയാത്രക്കാരും വാഹനയാത്രികരും ഏറെ ദുരിതത്തിലായിരുന്നു. ജി.ബി റോഡിനെയും മേട്ടുപ്പാളയം തെരുവിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് കൂടിയാകയാൽ എരുമക്കാരത്തെരുവിൽ സദാസമയവും വാഹനത്തിരക്കാണ്.
ജി.ബി റോഡിൽ നിന്നും താരേക്കാട്, മേട്ടുപ്പാളയം തെരുവ് എന്നിവിടങ്ങളിലേക്കുള്ള എളുപ്പ വഴിയാണ് എരുമക്കാരത്തെരുവ് റോഡ്. പാലക്കാടിന്റെ ഫ്ലവർ സിറ്റിയായ പൂ മാർക്കറ്റിൽ കാലങ്ങളായ റോഡ് തകർന്നത് മാർക്കറ്റിലെ വ്യാപാരികൾക്കും സീസണുകളിൽ ഇവിടെയെത്തുന്നവർക്കും ഏറെ ദുരിതം തീർത്തിരുന്നു. രണ്ടു റോഡുകൾക്കിടയിലുള്ളതിനാൽ പൂ മാർക്കറ്റ് റോഡിലൂടെ വാഹനത്തിരക്കേറെയാണ്.
സമീപത്തെ അഴുക്കുചാലിന്റെ നവീകരണവും അടുത്ത കാലത്തായി നഗരസഭ തുടങ്ങിയിട്ടുണ്ട്. ഇനി മുനിസിപ്പൽ സ്റ്റാൻഡിന്റെ പിൻവശം കോഴിക്കട റോഡും കൂടി നവീകരിച്ചാൽ ഇതുവഴിയുള്ള യാത്ര സുഗമമാവും. ഓണക്കാലത്തെ പൂ വിപണിയിൽ ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കുന്നതെന്നിരിക്കെ റോഡുതകർച്ച പൂ മാർക്കറ്റിന്റെ തീരാശാപമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.