ആദിവാസി വീടുകളുടെ നിർമാണം ഉടൻ പൂർത്തീകരിക്കും –മന്ത്രി
text_fieldsകൊല്ലങ്കോട്: പറമ്പിക്കുളത്ത് ഭവനപദ്ധതികൾ പൂർത്തീക്കാൻ നടപടിയെടുക്കുമെന്ന് പട്ടികജാതി വർഗ പിന്നാക്ക ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ. കെ. ബാബു എം.എൽ.എയുടെ സബ്മിഷന് മറുപടിയായാണ് പറമ്പിക്കുളം, നെല്ലിയാമ്പതി മേഖലകളിലെ ഭവന പദ്ധതികൾ പൂർത്തീകരിക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചത്.
പറമ്പിക്കുളം എർത്ത്ഡാം കോളനിയിൽ 2017-18ൽ ഹഡ്കോ പദ്ധതിയിൽ 38 വീടുകൾ അനുവദിച്ചതിൽ 32 വീടുകൾ നിർമാണത്തിലാണെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. എർത്ത് ഡാം കോളനിയിലെ പഴയ വീടുകൾ പൊളിച്ചാൽ മാറി താമസിക്കാൻ ബദൽ സംവിധാനത്തിന് മറ്റു വഴികൾ ഇല്ലാത്ത ആറ് കുടുംബങ്ങളുടെ വീടുകൾ നിർമാണം ആരംഭിച്ചിട്ടില്ല.
ഇവർക്ക് ബദൽ സംവിധാനം ഉടൻ ഉണ്ടാക്കും. ചുങ്കം കോളനിയിൽ ലൈഫ് പദ്ധതിയിൽ 19 വീടുകൾ പൂർത്തീകരിച്ചിട്ടില്ല. സ്വന്തം നിലയിൽ ആദിവാസികൾക്ക് ഭവന നിർമാണം പൂർത്തീകരിക്കാത്ത വീടുകൾ പൂർത്തീകരിക്കാൻ കുടുംബശ്രീ സന്നദ്ധത അറിയിച്ചതായി മന്ത്രി പറഞ്ഞു.
കടവ് കോളനിയിൽ 65 കുടുംബങ്ങൾക്ക് വനാവകാശ നിയമപ്രകാരം കൈവശരേഖ അനുവദിച്ച ഒന്നര ഹെക്ടർ ഭൂമിയിൽ 65 വീടുകൾ നിർമിക്കാനുള്ള പദ്ധതി തയാറാക്കാൻ നിർമിതി കേന്ദ്രക്ക് നിർദേശം നൽകി. വിവിധ ഭവന പദ്ധതികൾ അനുസരിച്ച് നടപടിയുണ്ടാകും. നെല്ലിയാമ്പതി പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ 114 തോട്ടം തൊഴിലാളികൾക്ക് വീട് അനുവദിച്ചു.
നെല്ലിയാമ്പതിയിൽ സ്വകാര്യ ഭൂമിയില്ലാത്ത തിനാൽ കൊല്ലങ്കോട്, അയിലൂർ, എലവഞ്ചേരി, മേലാർകോട്, പല്ലശ്ശന പഞ്ചായത്തുകളിലാണ് വീടുകൾ നിർമിക്കുന്നത്. 88 വീടുകൾ നിർമാണം പുരോഗതിയിലാണ്. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് പഞ്ചായത്തും വകുപ്പും ഭൂമി നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.