അപ്പുള്ളി കോളനിയിലെ സാംസ്കാരിക കേന്ദ്രം ഇടിഞ്ഞ് വീഴാറായ നിലയിൽ
text_fieldsഅലനല്ലൂർ: കർക്കിടാംകുന്ന് നല്ലൂർപുള്ളി അപ്പുള്ളി പട്ടികജാതി കോളനിയിൽ നിർമിച്ച സാംസ്കാരിക കേന്ദ്രം ഇടിഞ്ഞ് വീഴാറായ നിലയിൽ. 2005ൽ സൗജന്യമായി ലഭിച്ച മൂന്ന് സെന്റ് ഭൂമിയിൽ അലനല്ലൂർ ഗ്രാമ പഞ്ചായത്ത് പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ചതാണിത്. കോളനിയിലെ കുട്ടികൾക്ക് പഠിക്കാനും കോളനി വാസികൾക്ക് ഒന്നിച്ചിരിക്കാനുമുള്ള പൊതു ഇടമായിട്ടാണ് സാംസ്കാരിക കേന്ദ്രം നിർമിച്ചത്. ടെലിവിഷനും ഇരിക്കാനുള്ള ഫർണീച്ചുകളും മറ്റും ഗ്രാമ പഞ്ചായത്ത് നൽകിയിരുന്നു.
കോളനി വാസികളുടെ കല്യാണം, മരണാന്തര ചടങ്ങുകൾ തുടങ്ങിയവയും ഇവിടെ നടന്നിരുന്നു. വൈകുന്നേരങ്ങളിൽ കുട്ടികളുടെ പഠനവും കോളനിവാസികളുടെ കൂടിച്ചേരലും നടന്നിരുന്നുവെങ്കിലും സാംസ്കാരിക കേന്ദ്രത്തിലെ വൈദ്യുതി ചാർജ് ആരും അടച്ചില്ല. തുടർന്ന് വൈദ്യുതി വിച്ഛേദിച്ചു. ഇതോടെ രാത്രി പഠനവും ഒന്നിച്ചിരുത്തവും ഇല്ലാതായി. ഒടുവിൽ കാലികളെ കെട്ടുന്ന ആലയായി ഉപയോഗിച്ചു. ഇപ്പോൾ ആർക്കും വേണ്ടാത്ത ഉപയോഗശൂന്യമായ ജീർണിച്ച കെട്ടിടമായി മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.