നഗരത്തിലെ യന്ത്രപ്പടി തോന്നുംപടിയാവില്ലെന്ന്
text_fieldsപാലക്കാട്: നഗരഹൃദയത്തിലെ എസ്കലേറ്റർ പ്രവർത്തനം ഇടക്കിടെ നിലക്കുന്നത് നാണക്കേടെന്ന് കൗൺസിലിൽ ആരോപണം. നേരിയ തകരാറുകൾ ഉണ്ടായാൽ പോലും യന്ത്രപ്പടി നിലക്കുകയാണ്. സ്ഥാപിച്ച സ്വകാര്യ കമ്പനിയുടെ ഉദ്യോഗസ്ഥർ എത്തി വേണം പിന്നീട് അറ്റകുറ്റപ്പണി നടത്തി പ്രവർത്തന സജ്ജമാക്കാൻ. ഉദ്ഘാടനദിവസം തന്നെ യന്ത്രപ്പടി പണിമുടക്കുന്ന സാഹചര്യമുണ്ടായതായും കൗൺസിലർമാർ യോഗത്തിൽ ചൂണ്ടിക്കാട്ടി. പരിപാലനത്തിൽ നിർമാതാവായ കമ്പനിയുമായി കരാർ ഉണ്ടായിരിക്കെ വിഷയം ഗൗരവമായി കാണണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. വിഷയം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നായിരുന്നു ചെയർപേഴ്സൻ പ്രമീള ശശിധരന്റെ മറുപടി.
അടിയന്തര ഘട്ടങ്ങളിൽ യന്ത്രപ്പടിയുടെ അറ്റകുറ്റപ്പണിയടക്കം സമയബന്ധിതമായ സേവനം ഉറപ്പാക്കുന്നതിന് കമ്പനിയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും ചെയർപേഴ്സൻ കൗൺസിലിനെ അറിയിച്ചു. പ്രദേശത്ത് തമ്പടിക്കുന്നവരിൽ ചിലർ കമ്പുകളടക്കം ഇട്ട് യന്ത്രപ്പടി തകരാറിലാക്കുകയാണെന്ന് ആരോപണമുയർന്നു. സമീപത്ത് രണ്ട് സി.സി.സി.ടി.വികൾ കൂടി സ്ഥാപിക്കും. നിലവിൽ സ്ലാബ് തകർന്ന റെയിൽവേ മേൽപ്പാലം താൽക്കാലികമായെങ്കിലും അറ്റകുറ്റപ്പണി നടത്തി പ്രവർത്തനസജ്ജമാക്കാൻ ആവശ്യപ്പെടാനും ധാരണയായി. യന്ത്രപ്പടി ദിവസം മുഴുവനും പ്രവർത്തിപ്പിക്കുന്ന സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് പരസ്യങ്ങളിൽ നിന്നടക്കം വരുമാനം കണ്ടെത്തുന്നത് നഗരസഭ പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.