വേലി കെട്ടി; നടവഴിയില്ലെന്ന് പരാതി
text_fieldsപാലക്കാട്: നടവഴി വീതികൂട്ടാൻ പഞ്ചായത്തിന് സമ്മതപത്രം കൊടുത്തിട്ടും എട്ടുവർഷമായി നടപടിയില്ലെന്ന് ആരോപണം. സ്ഥലം വിട്ടുനൽകിയവർ സ്ഥലത്ത് വേലി കെട്ടിയതോടെ 12 പട്ടികജാതി കുടുംബങ്ങൾക്ക് വഴിയില്ലതായെന്നാണ് ആരോപണം. അകത്തേത്തറ പഞ്ചായത്തിലെ ധോണി പയറ്റാംകുന്നത്താണ് സംഭവം. വഴിയില്ലാത്തതുമൂലം അസുഖം ബാധിച്ചവരെ ആശുപത്രിയിൽ എത്തിക്കാൻ പ്രദേശവാസികൾ ഏറെ കഷ്ടപ്പെടുന്നു. അസുഖ ബാധിതരായവരെ പൊട്ടിപ്പൊളിഞ്ഞ് ഒരാൾക്ക് നടന്നുപോകാവുന്ന വഴിയിലൂടെ താങ്ങിയെടുത്ത് വേണം ആശുപത്രിയിലെത്തിക്കാൻ.
മഴക്കാലമായാൽ ചളിനിറഞ്ഞ വഴി താണ്ടിവേണം സ്കൂളിൽ പോകാൻ. സുഖമില്ലാത്തവരും പ്രായംചെന്നവരുമായവർ താമസിക്കുന്ന ഈ പ്രദേശത്ത് അയൽവാസികൾ പൊതുവഴിക്കായി 2017ൽ ഒന്നര മീറ്റർ സ്ഥലം വിട്ടുനൽകിയിരുന്നുവെന്ന് പറയുന്നു.
പൊതുവഴിക്കായി വിട്ടുനൽകിയ സ്ഥലത്തിന്റെ സമ്മതപത്രം ഒപ്പിട്ട് പഞ്ചായത്തിന് നൽകിയിട്ടുണ്ട്. പ്രധാന റോഡിൽനിന്നും വീടുകളിലേക്ക് പോകുന്നതിനുണ്ടായിരുന്ന നടവഴി കഴിഞ്ഞ പ്രളയത്തിൽ കുത്തിയൊലിച്ച് പോയതോടെ ഇപ്പോൾ ഒരാൾക്ക് കഷ്ടിച്ച് നടന്നുപോകാവുന്ന വഴി മാത്രമായി ചുരുങ്ങി. ഈ വഴിയുടെ അവസാന ഭാഗത്ത് ഒരുവശത്ത് തീരെ സുഖമില്ലാത്ത പ്രായം ചെന്ന 73 കാരനായ ശിവഷൺമുഖവും കുടുംബവുമാണ് താമസിക്കുന്നത്. കഴിഞ്ഞ നവംബർ 16ന് അസുഖ ബാധിതനായ ശിവഷൺമുഖത്തെ താങ്ങിയെടുത്താണ് ആശുപത്രിയിൽ എത്തിച്ചത്.
റോഡിന് വീട്ടുനൽകിയ സ്ഥലം തിരിച്ചുപിടിച്ച് സഞ്ചാരയോഗ്യമായ പാത നിർമിക്കണമെന്നാവശ്യപ്പെട്ട് പയറ്റാംകുന്ന് കൃഷ്ണനിവാസിൽ സെന്തിൽകുമാർ കലക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ഓംബുഡ്സ്മാൻ, തഹസിൽദാർ, പഞ്ചായത്ത് സെക്രട്ടറി, എസ്.സി, എസ്.ടി കമീഷൻ എന്നിവർക്ക് പരാതി നൽകി കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.