ഇങ്ങനെ മതിയോ ഭക്ഷ്യസുരക്ഷ...?
text_fieldsപാലക്കാട്: പാലക്കാടിന്റെ രുചിയിൽ മായം കലർന്നാൽ നടപടിയെടുക്കേണ്ട ജില്ലയിലെ ഭക്ഷ്യസുരക്ഷ വകുപ്പ് സംവിധാനങ്ങൾ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് പരാതിയുയരാൻ തുടങ്ങിയിട്ട് നാളുകളേറെയായി. കഴിഞ്ഞ ഡിസംബറിൽ വെളിച്ചെണ്ണയിലെ മായം സംബന്ധിച്ച് മാധ്യമങ്ങൾ തുടരെ വാർത്തകൾ നൽകിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ സംസ്ഥാനത്താകെ നിരോധിക്കപ്പെട്ട 74 വെളിച്ചെണ്ണ ബ്രാൻഡുകളിൽ 24 എണ്ണത്തോളം പാലക്കാട്ടുനിന്നായിരുന്നു. പരിശോധന കർശനമായതോടെ ഇത് ഒരുപരിധി വരെ പരിഹരിക്കപ്പെട്ടെന്ന് ഭഷ്യസുരക്ഷ വിഭാഗം അവകാശപ്പെടുന്നു. മത്സ്യവും മാംസവുമടക്കം മതിയായ നിലവാരമില്ലാതെ ഭക്ഷ്യവസ്തുക്കൾ വിൽപന കേന്ദ്രങ്ങളിലും ഭക്ഷണശാലകളിലും വിതരണത്തിനെത്തുന്നതായി വ്യാപക പരാതികളുയരുമ്പോൾ ജില്ലയിൽ 12 സർക്കിളുകളിലായി പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷ വിഭാഗം എന്ത് ചെയ്തുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.
ആളില്ലാക്കസേരകൾ
ഒരു ക്ലർക്കും ഓഫിസറുമടക്കം മൂന്ന് ഉദ്യോഗസ്ഥരാണ് ഒരു സർക്കിൾ ഓഫിസിലുള്ളത്. എന്നാൽ, നിലവിൽ അഞ്ചോളം ഓഫിസുകൾ ഭാഗികമായി പ്രവർത്തനരഹിതമാണ്. പലയിടങ്ങളിലും അടുത്ത സർക്കിളിലുള്ള ഉദ്യോഗസ്ഥന് അധിക ചുമതല നൽകിയിരിക്കുകയാണ്. 12 സർക്കിളുകൾ ഉള്ള ജില്ലയിൽ പാലക്കാട്, തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിൽ സർക്കിൾ ഓഫിസർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായ പാലക്കാട് പ്രാദേശിക പരിശോധനക്കിറങ്ങാൻ പഴക്കംചെന്ന ഒരു ജീപ്പും കരാറെടുത്ത രണ്ടുവാഹനങ്ങളുമാണ് ഉള്ളത്.
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
നിരോധനം നേരിടുന്ന പല ബ്രാൻഡുകളും വ്യാജ മേൽവിലാസത്തിൽ അയൽ സംസ്ഥാനങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്നവയോ സ്വദേശികളായ വ്യാജൻമാരോ ആണ്. നടപടികൾക്ക് വിധേയമായാൽ വിപണിയിൽനിന്ന് ഇവർ പിൻവലിക്കുന്ന ഉൽപന്നങ്ങളിൽ പലതും പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും അവതരിക്കുകയാണ് പതിവ്.
പിടികൂടിയ ഭക്ഷ്യോൽപന്നങ്ങളിൽ എണ്ണയടക്കമുള്ളവ ഭക്ഷ്യേതര ഉൽപന്നങ്ങളാക്കാനെന്ന പേരിൽ കോടതിയിൽനിന്ന് അനുമതി സമ്പാദിക്കുന്നവർ പിന്നീടിവ എന്തുചെയ്യുന്നുവെന്ന് പരിശോധിക്കാൻ സംവിധാനങ്ങളില്ല. പാലക്കാട്ട് അടുത്തിടെ പിടികൂടിയ ഒരു ബ്രാൻഡിനെക്കുറിച്ച് അന്വേഷിച്ച് ചെന്ന ഉദ്യോഗസ്ഥർ ഞെട്ടി, മാസങ്ങൾക്ക് മുമ്പ് ഉടമ സറണ്ടർ ചെയ്ത ബ്രാൻഡിന്റെ പേരിൽ ഉൽപാദനവും വിതരവും നടത്തുകയായിരുന്നുവെന്നാണ് കണ്ടെത്താൻ കഴിഞ്ഞത്.
15 കിലോ പഴകിയ കോഴിയിറച്ചി നശിപ്പിച്ചു
കാസർകോട്ട് ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചതിനെ തുടർന്ന് ജില്ലയിലെ ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ബേക്കറികളിലും ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന തുടരുകയാണ്. തിങ്കളാഴ്ച പാലക്കാട് നഗരത്തിൽ നടത്തിയ പരിശോധനയിൽ 15 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. ദിവസങ്ങളുടെ പഴക്കമുള്ള ഇവ പിന്നീട് നശിപ്പിച്ചു.
12 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. രണ്ട് സ്ക്വാഡുകളായാണ് ജില്ലയിൽ പരിശോധനയെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമീഷണർ വി.കെ. പ്രദീപ്കുമാർ പറഞ്ഞു. മുഴുവൻ ഷവർമ വിൽപന കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ഷവർമ വിൽപന കേന്ദ്രങ്ങളിലെ വൃത്തി, ഉപയോഗിക്കുന്ന മാംസം, മയോണൈസ് നിർമാണം, പച്ചക്കറിയുടെ ഉപയോഗം എന്നിവ വിശദമായി പരിശോധിക്കും. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും. ചൊവ്വാഴ്ച പട്ടാമ്പി, ഒറ്റപ്പാലം, തൃത്താല, നെന്മാറ, ആലത്തൂർ, വടക്കഞ്ചേരി എന്നിവിടങ്ങളിൽ സ്ക്വാഡുകൾ പരിശോധന നടത്തി. വടക്കഞ്ചേരിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന രണ്ട് കടകൾ ചൊവ്വാഴ്ച അധികൃതർ പൂട്ടി നടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.