വനം വകുപ്പ് ജനജാഗ്രത സമിതി യോഗങ്ങൾ വഴിപാടാകുന്നു
text_fieldsമുതലമട: വനം വകുപ്പ് മുതലമടയിൽ വിളിച്ചുചേർത്ത ജനജാഗ്രത സമിതി യോഗത്തിൽ പങ്കാളിത്തക്കുറവ്. വനത്തിനോട് ചേർന്ന നാല് വാർഡുകളിലെ പഞ്ചായത്ത് അംഗങ്ങൾ, ഓരോ വാർഡുകളിലെ കർഷക പ്രതിനിധികൾ, മൃഗ സംരക്ഷണം, റവന്യു, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കേണ്ട യോഗത്തിൽ പത്തിൽ താഴെ അംഗങ്ങളാണ് പങ്കെടുത്തത്. റവന്യു, മൃഗ സംരക്ഷണ ഉദ്യോഗസ്ഥർ, മൂന്ന് പഞ്ചായത്തുകളിലെ അംഗങ്ങളും ഒഴിവായിരുന്നു. മൂന്ന് കർഷക പ്രതിനിധികൾ മാത്രമാണ് പങ്കെടുത്തത്. കാട്ടാന ശല്യം നിരന്തരം വർധിക്കുന്ന സാഹചര്യത്തിൽ ജനജാഗ്രത സമിതി യോഗങ്ങളിലെ പങ്കാളിത്തക്കുറവ് ഇതിനകം ചർച്ചാവിഷയമായി.
കാട്ടാന ശല്യം ഒഴിവാക്കണമെന്ന് കർഷകർ
മുതലമട: കാട്ടാന ശല്യം ഒഴിവാക്കണമെന്ന് കർഷകർ. ജനജാഗ്രത സമിതിയുടെ യോഗത്തിലാണ് പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ കാട്ടാന ശല്യത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചത്. പത്തിലധികം കാട്ടാനകൾ ചപ്പക്കാട്ടിലെ നാട്ടുകാരെ വിറപ്പിക്കുമ്പോൾ നടപടി ശക്തമാക്കാൻ വനംവകുപ്പ് നടപടിയെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കൽപന ദേവി പറഞ്ഞു. വനത്തിനോട് ചേർന്ന സ്വകാര്യ പറമ്പുകൾ കാടുപിടിച്ചു കിടക്കുന്നത് ഒഴിവാക്കണം, അടിക്കാടുകൾ വെട്ടണം, വൈദ്യുത വേലി കാര്യക്ഷമമാക്കണം, ക്ഷീര കർഷകരുടെ ഭീതി ഒഴിവാക്കണം, പഞ്ചായത്ത് വഴി വിളക്കുകൾ സ്ഥാപിക്കണം എന്നിവ കർഷകർ ആവശ്യപ്പെട്ടു.
വഴി വെട്ടൽ മൂലം കടുവ, ആന എന്നിവയുടെ വരവ് വർധിച്ചതായി കർഷകർ പറഞ്ഞു. 54 കിലോമീറ്റർ ദൈർഘ്യമുള്ള കൊല്ലങ്കോട് റേഞ്ച് പരിധിയിൽ ഒമ്പത് കിലോ മീറ്റർ തൂക്കു വൈദ്യുത വേലി ഉടൻ സ്ഥാപിക്കുമെന്ന് റേഞ്ച് ഓഫിസർ കെ. പ്രമോദ് പറഞ്ഞു. കാട്ടാന ശല്യം വർധിച്ചപ്പോൾ പത്ത് അധിക വാച്ചർമാരെ നിയമിച്ചു. നിലവിൽ 54 കിലോമീറ്റർ സോളാർ വേലി ഉണ്ട്. അവ ഇടക്കിടെ ആനകളുടെ സഞ്ചാരങ്ങൾ മൂലം തകരുന്നുണ്ടെന്ന് റേഞ്ച് ഓഫിസർ പറഞ്ഞു. വനത്തിനകത്ത് രണ്ട് കുളം, ഒരു തടയണ എന്നിവ നിർമിക്കാൻ സർക്കാ റിന് ശുപാർശ ചെയ്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. കവളച്ചിറ- പന്നിതോൽ, ചുക്രിയാൽ - പലകപ്പാണ്ടി എന്നിവിടങ്ങളിൽ തൂക്കുവേലി സ്ഥാപിക്കും. അരശു മരശക്കാട് മുതൽ കിളിമല വരെ 20 കിലോമീറ്റർ ദൈർഘത്തിൽ മുതലമട പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശത്ത് തൂക്കു വൈദ്യുത വേലി സ്ഥാപിക്കാൻ 1.54 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി നൽകിയതായി റേഞ്ച് ഓഫിസർ പറഞ്ഞു. സെക്ഷൻ ഫോറസ്റ്റർ പി.എസ്. മണിയൻ, പഞ്ചായത്ത് പ്രസിഡൻറ് കൽപന ദേവി, വൈസ് പ്രസിഡൻറ് താജുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.സി. ജയിലാവുദ്ദീൻ, ജില്ല പഞ്ചായത്ത് അംഗം ശാലിനി കറുപ്പേഷ്, കൃഷി ഓഫിസർ അശ്വതി, ശിവദാസൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.