ജീവിതത്തിന്റെ ഊടും പാവും നെയ്തെടുക്കുകയാണ് പെരുവെമ്പിലെ വീട്ടമ്മമാർ
text_fieldsപുതുനഗരം: കൈത്തറിയിൽ പറന്നുയരാൻ ഒരുങ്ങി ഊടും പാവും കൈത്തറി വസ്ത്ര നിർമാണ യൂനിറ്റ്. പൈതൃകഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി 2019 ആഗസ്റ്റിലാണ് കൈത്തറി വസ്ത്ര ഗ്രൂപ്പായ ഊടും പാവും രൂപീകൃതമാകുന്നത്. വസ്ത്ര നിർമാണത്തിൽ ഘട്ടംഘട്ടമായി ഉയരങ്ങളിലേക്ക് നീങ്ങുന്നതിനുള്ള തയാറെടുപ്പിലാണ് ഈ കൂട്ടായ്മ.
30 അംഗങ്ങൾക്കാണ് കൈത്തറി വസ്ത്ര നിർമാണ രംഗത്ത് സർക്കാർ പരിശീലനം നൽകിയത്. നിലവിൽ കൂട്ടായ്മ നല്ല രീതിയിൽ പ്രവർത്തനം നടത്തുന്നതായി സെക്രട്ടറി എൻ. മഹേഷ് കുമാർ പറഞ്ഞു. ഊടും പാവും രൂപവത്കരിച്ചതിന് ശേഷമാണ് കോവിഡ് എത്തിയത്. മഹാമാരി ഉണ്ടായ രണ്ടുവർഷത്തോളം വളരെ പ്രയാസങ്ങൾ സഹിച്ചാണ് വസ്ത്ര നിർമാണ കൂട്ടായ്മയെ മുന്നോട്ടുകൊണ്ടുപോയത്.
പുറത്തിറങ്ങാനാവാത്ത കാലത്ത് ജോലിക്കായി പുറത്തിറങ്ങി അകലം പാലിച്ച് പ്രവർത്തനം തുടങ്ങിയത് കൊണ്ടാണ് ഇപ്പോഴും ഓർഡറുകൾ ലഭിക്കുന്നതെന്ന് ഊടും പാവും കൂട്ടായ്മയുടെ ട്രഷറർ എസ്. പാർവതി പറഞ്ഞു. മുണ്ട്, ഡബിൾ മുണ്ട്, സാരി തുടങ്ങിയ വസ്ത്ര ഉൽപന്നങ്ങളാണ് ഇവിടെ കൈത്തറിയിൽ നെയ്തെടുക്കുന്നത്.
പെരുവമ്പിലെ നെയ്ത്ത് ഗ്രാമമായ കല്ലൻചിറയിൽ നിന്നുള്ള വീട്ടമ്മമാരും ഈ ഗ്രൂപ്പിൽ ഉണ്ട്. കൈത്തറി വസ്ത്രങ്ങൾ ജനം കൂടുതൽ ഉപയോഗിച്ചാൽ ഇത്തരം കൂട്ടായ്മകൾക്ക് ഉയർന്നുവരാൻ സാധിക്കുമെന്ന് ചർക്കയിൽ നൂൽ വേർതിരിക്കുന്ന എം. ശാന്താമണി പറയുന്നു. ഒരുകൂട്ടം വീട്ടമ്മമാരുടെ കഠിന പ്രയത്നത്തിലൂടെ തടസ്സമില്ലാതെയാണ് ഇപ്പോഴും കൈത്തറി വസ്ത്ര നിർമാണം മുന്നോട്ടുപോകുന്നത്.
പുറമേ നിന്നുമുള്ള ഓർഡറുകൾ സ്വീകരിച്ച് ആവശ്യാനുസരണം ഡിസൈനുകൾ ചെയ്തു നൽകുന്ന സ്ഥാപനമായി നിലവിൽ ഊടും പാവും വികസിക്കുകയാണ്. കാലത്തിനനുസരിച്ച് പുതിയ ഡിസൈനുകൾ രൂപകൽപന ചെയ്ത് നെയ്തെടുത്ത വസ്ത്രത്തിന് വിൽപന സാധ്യത കണ്ടെത്തി മുന്നോട്ടുപോകുന്ന സംഘത്തിന് പെരുവമ്പ് ജങ്ഷനിൽ വിൽപന കേന്ദ്രം വേണമെന്നതാണ് അടുത്ത ആവശ്യം. പാലക്കാട് പട്ടണത്തിലും ചിറ്റൂരിലുമെല്ലാം വിപണന കേന്ദ്രം ഉണ്ടായാൽ കൂടുതൽ വനിതകൾക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് വീട്ടമ്മമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.