മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; രേഖകളിൽ സർക്കാർ കനാൽ ആയ സ്ഥലം ഉടമസ്ഥന് തിരികെക്കിട്ടി
text_fieldsപാലക്കാട്: ചിറ്റൂർ പല്ലശ്ശന വില്ലേജിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 0.230 ഹെക്ടർ സ്ഥലം വില്ലേജ് രേഖകളിൽ സർക്കാർ കനാൽ എന്ന് തെറ്റായി രേഖപ്പെടുത്തിയത് ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുത്തിയതായി റവന്യൂ വകുപ്പ് മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വർഷങ്ങൾ പഴക്കമുള്ള പരാതി തീർപ്പായത്. വില്ലേജിലെ ബ്ലോക്ക് നമ്പർ നാലിൽ പുതിയ റിസർവേ നമ്പർ 101/16 ൽ 0.230 ഹെക്ടർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിലെ തെറ്റാണ് തിരുത്തിയത്.
ചിറ്റൂർ ഭൂരേഖാ തഹസിൽദാറിൽനിന്നും കമീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. പരാതിക്കാരനായ പല്ലശ്ശന അമ്പാഴക്കോട് എ.എ. ബാലകൃഷ്ണന്റെ സഹോദരൻ മോഹനന്റെ കൈവശമുള്ള സ്ഥലത്തിനാണ് റീസർവേ അപാകത കുരുക്കായത്.
ഈ സ്ഥലം ചിറ്റൂർ പുഴ പദ്ധതിയുടെ ഭാഗമായി സർക്കാർ പൊന്നുംവിലക്ക് ഏറ്റെടുത്തതാണെന്നും രേഖകളിൽ കാണുന്നതായി റിപ്പോർട്ടിൽ പറയുന്നു. അതിനാൽ റീസർവേ അപാകതയായി കാണാനാവില്ലെന്നും റവന്യൂ വകുപ്പ് അറിയിച്ചു. ഈ വാദം പരാതിക്കാരൻ ഖണ്ഡിച്ചു. തുടർന്ന് വിഷയം ഒരിക്കൽകൂടി പരിശോധിക്കാൻ ഭൂരേഖാ തഹസീൽദാർക്ക് കമീഷൻ നിർദേശം നൽകി.
നിർദേശാനുസരണം സ്ഥലം അളന്ന് പരിശോധിച്ചതായും ഇത് മോഹനൻ എന്നയാളുടെ കൈവശമുള്ളതാണെന്ന് കണ്ടെത്തിയതായും ഭൂരേഖാ തഹസിൽദാർ അറിയിച്ചു. കനാൽ എന്നത് മാറ്റണമെങ്കിൽ ഇറിഗേഷൻ വകുപ്പിൽ നിന്നും നിരാക്ഷേപ പത്രം ആവശ്യമാണ്.
പ്രസ്തുത സ്ഥലത്തിന് കനാൽ എന്നതിന് പകരം മോഹനന്റെ പേര് ചേർത്ത് അപാകത തിരുത്താൻ താലൂക്ക് സർവേയർക്കും വില്ലേജ് ഓഫിസർക്കും ഉത്തരവ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.