‘പി.ടി 7’നെ തുരത്തൽ നീളുന്നു; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsഅകത്തേത്തറ: നാടിനെ മുഴുവൻ ഭീതിയിലാഴ്ത്തി ‘പി.ടി 7’ കാട്ടാന കാടിറങ്ങി വിഹരിക്കുന്നതിനിടെ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ആനയെ പിടികൂടാൻ എന്താണ് തടസ്സമെന്ന് നാട്ടുകാർ ചോദിക്കുന്നു. കഴിഞ്ഞ ദിവസം സ്ഥലത്ത് എത്തിയ വനംവകുപ്പ് വാഹനം നാട്ടുകാര് തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. പ്രദേശത്ത് ഭീതി പടർത്തുന്ന ആനയെ മയക്കുവെടി വെച്ച് പിടിക്കുമെന്ന് വനംവകുപ്പ് പറയുന്നുണ്ടെങ്കിലും നടപടി വൈകുന്നു. മുഖ്യ വന്യജീവി വാർഡൻ ‘പി.ടി 7’നെ പിടികൂടാനുള്ള അനുമതിപത്രം ഇതുവരെയും നൽകിയിട്ടില്ല.
ദൗത്യസംഘത്തിലെ 32 അംഗങ്ങളുടെ ഔദ്യോഗിക പാനൽ അംഗീകരിച്ച് ഉത്തരവ് നൽകുന്ന മുറക്കാവും കാട്ടാനയെ പിടികൂടുന്ന ദൗത്യം ആരംഭിക്കുക. ബുധനാഴ്ചയും മായാപുരത്ത് കൊലയാളി കാട്ടാന ഇറങ്ങിയിരുന്നു.മയക്കുവെടി വെക്കാനുള്ള നടപടി പൂര്ത്തിയായെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. വയനാട്ടിൽനിന്നുള്ള ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലെ സംഘം മയക്കുവെടി വെക്കാൻ ആനയെ നിരീക്ഷിച്ച് വരികയാണ്.
രാത്രി നാട്ടുവഴികളിലൂടെ കറങ്ങി കണ്ണിൽ കണ്ടതെല്ലാം കുത്തിമറിച്ചും വിള നശിപ്പിച്ചും നീങ്ങുന്ന ആനയെ ദ്രുത പ്രതികരണ സേന കാട് കയറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും ജനവാസ മേഖലയിൽ തന്നെ നിലയുറപ്പിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇതിന് മദപ്പാടിന്റെ ലക്ഷണങ്ങൾ ഉള്ളതായി വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ധോണി സ്വദേശി ശിവരാമനെ കൊലപ്പെടുത്തിയതും ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ചതും ഈ കാട്ടാനയാണ്. ഈ സാഹചര്യത്തിലാണ് വനം വകുപ്പ് കാട്ടാനയെ മയക്ക് വെടിവെച്ച് പിടികൂടി വയനാട് മുത്തങ്ങയിലെ പരിശീലന കേന്ദ്രത്തിലേക്ക് അയക്കാൻ തീരുമാനിച്ചത്.
ഇതിനായി മുത്തങ്ങയിൽ കൂടൊരുക്കിയെങ്കിലും കാട്ടാനയെ പിന്തുടർന്ന് നാട്ടിലെത്തിക്കേണ്ട കുങ്കിയാനകൾക്ക് മദപ്പാട് കണ്ടത് വിനയായി. വയനാട്ടിൽനിന്ന് കൂടുതൽ കുങ്കിയാനകളെ കൊണ്ടുവരാനായിരുന്നു പിന്നീടുള്ള നീക്കം. കാട്ടാനയെ പിടികൂടാനുള്ള ഒരുക്കങ്ങൾക്കിടയിൽ പ്രതികൂല സാഹചര്യങ്ങളും അധികൃതരുടെ മെല്ലെപ്പോക്കും തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.