ചക്കയും മാങ്ങയും വിളഞ്ഞു; ആനക്കൂട്ടം നാട്ടിൽ
text_fieldsകല്ലടിക്കോട്: പാലക്കാട് കാട്ടുകൊമ്പൻ പി.ടി പതിനാലാമനും കൂട്ടാനകളും കറങ്ങുന്നത് മലമ്പുഴ കവയിലും പരിസരങ്ങളിലുമാണെങ്കിലും കാട്ടാന ഭീതി അകത്തേത്തറ, പുതുപ്പരിയാരം, മുണ്ടൂർ, കരിമ്പ, തച്ചമ്പാറ ഗ്രാമപഞ്ചായത്ത് നിവാസികൾക്കാണ്.
ഏതുസമയത്തും ഏതുവിധേനയും കാട്ടാന ഒറ്റക്കോ കൂട്ടമായോ ജനവാസ മേഖലയിലേക്ക് എത്തിപ്പെടാം. ഗ്രാമങ്ങളിൽ വിളഞ്ഞുനിൽക്കുന്ന ചക്കയും മാങ്ങയും ഭക്ഷിക്കാൻ കാട്ടാനകൾ നാട്ടിൽ എത്താറുമുണ്ട്. കൂടാതെ ധോണിയിലും പരിസരങ്ങളിലും രണ്ടാഴ്ചക്കകം വേനൽമഴക്ക് പിറകെ കിളിർത്തുവരുന്ന ഇളം പുൽച്ചെടികൾ തിന്നാൻ കാട്ടാനകൾ പതിവ് സഞ്ചാരത്തിനെത്താനും സാധ്യതയുണ്ട്. വന്യമൃഗശല്യം തടയാൻ റെയിൽ ഫെൻസിങ് ഉൾപ്പെടെ ഫലപ്രദമായ പദ്ധതികൾ നടപ്പാക്കണമെന്ന ആവശ്യം ഇനിയും പൂർത്തിയായിട്ടില്ല.
വിളയാട്ടം മാത്തൂരിലും
കൊല്ലങ്കോട്: എട്ട് ആനകളും മൂന്ന് കുട്ടിയാനകളും അടങ്ങിയ സംഘം രണ്ടാഴ്ചയായി തേക്കിൻചിറക്കടുത്ത മാത്തൂർ മേഖലയിൽ വിലസുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുമുമ്പ് 200 മീറ്ററോളം പ്രദേശത്ത് വൈദ്യുതി വേലികൾ തകർത്ത് വ്യാപകനാശം ഉണ്ടാക്കി. തേക്കിൽചിറ, മാത്തൂർ, ചീളക്കാട് തുടങ്ങിയ ജനവാസ മേഖലയിലാണ് വൈദ്യുതി വേലികൾ നശിപ്പിച്ചെത്തി കൃഷി നാശിപ്പിച്ചത്. വനം ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം കഴിഞ്ഞ മൂന്നുമാസമായി കാട്ടാനകൾ തെന്മലയോരത്ത് ഉണ്ടായിരുന്നില്ല. എന്നാൽ, വേനൽമഴ പെയ്തതോടെയാണ് വീണ്ടും എത്തിയത്. കാട്ടാനകളെ ഓടിക്കാൻ രാത്രിയും പകലുമായി വാച്ചർമാർ ഉൾപ്പെടെ 18ലധികം വരുന്ന സംഘം ശ്രമിച്ചുവരുന്നതായി കൊല്ലങ്കോട് സെക്ഷൻ ഫോറസ്റ്റർ പി.എസ്. മണിയൻ പറഞ്ഞു. തൂക്കു വൈദ്യുതിവേലി സ്ഥാപിക്കാത്തതും ദ്രുതകർമ സേനയെ നിയമിക്കാത്തതും നാട്ടുകാർക്ക് വിനയായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.