കാലവർഷം ശക്തിപ്രാപിക്കുന്നു; കനത്ത നാശനഷ്ടം, ഒരുമരണം
text_fieldsപാലക്കാട്: ജില്ലയിൽ കാലവർഷം ശക്തിപ്രാപിക്കുന്നതിനിടെ കനത്ത നാശനഷ്ടം, ഒരുമരണം, മൂന്നുവീടുകൾക്ക് കേടുപറ്റി. വടക്കഞ്ചേരിയിൽ പാടത്തേക്ക് മറിഞ്ഞുവീണ തെങ്ങിനടിയിൽ പെട്ട് തൊഴിലാളിയായ വയോധിക മരിച്ചു. പല്ലാറോഡ് സ്വദേശിനി തങ്കമണി (55) ആണ് മരിച്ചത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു. ജൂലൈ ആറിന് ജില്ലയില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ പലയിടത്തും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
പോത്തുണ്ടി ഡാം 50 മി.മീ, മംഗലം ഡാം 41മി.മി, പട്ടാമ്പി 28 മി.മി, ഒറ്റപ്പാലത്ത് 21 മില്ലിമീറ്റർ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച ജില്ലയിൽ ഉയർന്ന മഴ ലഭിച്ചത്.അട്ടപ്പാടി, നെല്ലിയാമ്പതി ചുരങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അറ്റകുറ്റപ്പണിയുടെ ഭാഗമായി ചൊവ്വാഴ്ച അട്ടപ്പാടിയിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. ജില്ലയിൽ ബുധനാഴ്ചയും ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിതീവ്രമായ മഴയുണ്ടായേക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജൂലൈ ആറിന് ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. കനത്തമഴയിൽ മൂന്നുവീടുകൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെ നെല്ലിയാമ്പതി ചുരം റോഡിൽ കുണ്ടറചോല ഭാഗത്ത് മരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കൊല്ലങ്കോടുനിന്ന് അഗ്നിരക്ഷാസേനാഗങ്ങൾ എത്തി മുറിച്ചുനീക്കി. നെല്ലിയാമ്പതിയിലും സമീപപ്രദേശങ്ങളിലും വൈകിയും ശക്തമായ മഴ തുടരുകയാണ്.
നെല്ലിയാമ്പതി റോഡിൽ ജാഗ്രത നിർദേശമുണ്ട്. വടക്കഞ്ചേരി തളികക്കല്ല് കോളനി റോഡിൽ മരം കടപുഴകിവീണ് കോളനിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. തേനൂർ കോട്ടായി റോഡിൽ കുണ്ടൂർ മഠം റോഡിൽ ലൈനിലേക്ക് മരം കടപുഴകി വീണ് വൈദ്യുതി തടസ്സപ്പെട്ടു. അട്ടപ്പാടി ചുരം റോഡിൽ മുക്കാലി ഭാഗത്ത് ഉച്ചതിരിഞ്ഞ് 3.30ഓടെ കടപുഴകി വീണ മരം നാട്ടുകാർ മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
കണ്ണംകുണ്ട് കോസ് വേയിൽ വെള്ളം കയറി
അലനല്ലൂർ: വെള്ളിയാർ പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് കണ്ണംകുണ്ട് കോസ് വേയിൽ വെള്ളം കയറി.ചൊച്ചാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കോസ് വേയിൽ വെള്ളം കയറിയത്. ഇതോടെ ചെറുവാഹനങ്ങളുടെ ഗതാഗതം മുടങ്ങി.
മഴക്കാലങ്ങളിൽ കോസ് വേ വെള്ളത്തിൽ മുങ്ങുന്നത് പതിവാണ്. കോസ് വേയിലൂടെയുള്ള ഗതാഗതം മുടങ്ങുന്നതോടെ കിലോമീറ്ററുകൾ താണ്ടി വേണം എടത്തനാട്ടുകരയിൽനിന്നും അലനല്ലൂരിലേക്കും തിരിച്ചും എത്താൻ.
സ്കൂൾ കെട്ടിടത്തിൽ മരക്കൊമ്പ് പൊട്ടിവീണു
കൂറ്റനാട്: സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണു. ചാത്തന്നൂർ ഗവ. ഹൈസ്കൂൾ കെട്ടിടത്തിന് മുകളിലേക്കാണ് വീണത്. സ്കൂൾ കെട്ടിടത്തിനും സമീപത്തെ രണ്ട് കെട്ടിടങ്ങൾക്കും ഭാഗികമായി നാശനഷ്ടം സംഭവിച്ചു. ചാലിശ്ശേരി വില്ലേജ് ഒഫിസിന് മുകളിലേക്കും മരക്കൊമ്പ് പൊട്ടിവീണു.
ആറാം ക്ലാസിലെ കുട്ടികളുടെ ക്ലാസ് മുറിയിലേക്കാണ് മരക്കൊമ്പ് പൊട്ടിവീണത്. കുട്ടികൾക്ക് പരിക്കില്ല. 12.30യോടെയാണ് സംഭവം. മഴ കനത്തതോടെ രണ്ട് മണിയോടെ സ്കൂൾ വിട്ടു.
മരം വീണ് സ്കൂൾ മതിൽ തകർന്നു
അലനല്ലൂർ: മഴയിൽ മരം വീണ് അലനല്ലൂർ ഗവ. ഹൈസ്കൂളിന്റെ ചുറ്റുമതിൽ തകർന്നു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നര മണിയോടെ സ്കൂൾ കോമ്പൗണ്ടിലെ മരം മതിലിന്റെ മുകളിലൂടെ വീഴുകയായിരുന്നു. അലനല്ലൂർ കൂമഞ്ചിറ റോഡിൽ അൽപസമയം ഗതാഗതം മുടങ്ങി. നാട്ടുകാരും അധ്യാപകരും ചേർന്ന് മരം മുറിച്ചുമാറ്റി.
കണ്ട്രോള് റൂമുകള്‍ സജ്ജം
കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ റവന്യൂ വകുപ്പിന്റെ ജില്ല/ താലൂക്ക് തല കണ്ട്രോള് റൂമുകൾ സജ്ജമായി.ബന്ധപ്പെടേണ്ട നമ്പറുകൾ ജില്ല കലക്ടറേറ്റ് -0491 2505309, സിവില്‍ സ്റ്റേഷനിലെ ജില്ല അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രത്തിലേക്ക് ടോള്‍ഫ്രീ നമ്പറായ 1077ലോ 8921994727, 0491 2505292 എന്നി നമ്പറുകളിലോ ബന്ധപ്പെടാം. താലൂക്കുതല കണ്ട്രോള് റൂം. പാലക്കാട് ഓഫിസ് - 0491 2505770, ആലത്തൂര്‍ ഓഫിസ്-0492 2222324, ചിറ്റൂര്‍ ഓഫിസ് - 04923 224740, ഒറ്റപ്പാലം ഓഫിസ്-0466 2244322, പട്ടാമ്പി ഓഫിസ്-0466 2214300, മണ്ണാര്‍ക്കാട് ഓഫിസ് -04924 222397, അട്ടപ്പാടി ഓഫിസ്-04924 291470.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.