റേഷൻ കടകളിലേക്കുള്ള ഭക്ഷ്യധാന്യ നീക്കം തടസ്സപ്പെട്ടു
text_fieldsപാലക്കാട്: ഒലവക്കോട് എഫ്.സി.ഐയിൽനിന്ന് എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്കുള്ള ഭക്ഷ്യധാന്യ നീക്കം തടസ്സപ്പെട്ടു. ജില്ലയിലെ അഞ്ച് താലൂക്കുകളിലേക്കുള്ള ധാന്യവിതരണം ഒരാഴ്ച കഴിഞ്ഞിട്ടും പുനരാരംഭിക്കാൻ കഴിയാതായതോടെ വരുംദിവസങ്ങളിൽ റേഷൻകടകൾ കാലിയാകും. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരം എഫ്.സി.ഐയിൽനിന്ന് ഏപ്രിൽ 30നുള്ളിൽ 607 ലോഡ് ഭക്ഷ്യധാന്യം താലൂക്ക് ഗോഡൗണുകളിലും തുടർന്ന് റേഷൻ കടകളിലും എത്തിച്ച് കാർഡുടമകൾക്ക് വിതരണം ചെയ്യേണ്ടതാണ്.
എഫ്.സി.ഐക്ക് സമീപത്തെ ലോറിയുടമകളും എൻ.എഫ്.എസ്.എ കരാറുകാരനും തമ്മിലെ തർക്കത്തെത്തുടർന്നാണ് ചരക്കുനീക്കം തടസ്സപ്പെട്ടത്. സ്വന്തം ലോറികളിൽ ഭക്ഷ്യധാന്യ നീക്കം നടത്തണമെന്ന ടെൻഡർ വ്യവസ്ഥ കർശനമാക്കിയതോടെ വളരെ കുറഞ്ഞ നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയിരുന്നതെന്ന് എൻ.എഫ്.എസ്.എ കരാറുകാർ പറയുന്നു.
എഫ്.സി.ഐക്ക് സമീപത്തെ ലോറി ഉടമകൾ സപ്ലൈകോയുടെ എല്ലാവിധ മാനദണ്ഡങ്ങളും അനുസരിച്ചാൽപോലും ഒരു ലോഡിന് 1000 മുതൽ 2500 രൂപയുടെ നഷ്ടമുണ്ടാകുമെന്ന് പുതിയ കരാർ ഉടമ്പടി വെച്ച കരാറുകാർ പറയുന്നു. എഫ്.സി.ഐയുടെ സമീപത്തെ ലോറിയുടമകൾ നിലവിലെ വാടകയിൽ ചെറിയ ഭേദഗതി വരുത്താൻ തയാറാവാത്തതും സപ്ലൈകോയുടെ ടെൻഡർ മാനദണ്ഡങ്ങൾ പാലിക്കാൻ തയാറാകാത്തതും മൂലം ഉടലെടുത്ത പ്രതിസന്ധി ജില്ലയിലെ ഭക്ഷ്യധാന്യ നീക്കം അവതാളത്തിലാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.