നഗരസഭ സെക്രട്ടറിയെ കൗൺസിലർമാർ ഉപരോധിച്ചു
text_fieldsഷൊർണൂർ: നഗരസഭയിലെ അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിച്ചു. കൗൺസിലോ ബന്ധപ്പെട്ട ആരോഗ്യ സ്ഥിരംസമിതിയോ അറിയാതെ ആരോഗ്യ വിഭാഗത്തിൽ അഞ്ച് താൽക്കാലിക ജീവനക്കാരെ നിയമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ചളവറ ഹെൽത്ത് സെൻറർ മുഖേനയാണ് നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ഒഴിവിലേക്ക് നിയമനം നടത്തേണ്ടത്. ആരോഗ്യ സ്ഥിരംസമിതി ചെയർമാനോട് പോലും ഇതേക്കുറിച്ച് ആലോചിച്ചിട്ടില്ല.
നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചപ്പോഴാണ് അദ്ദേഹം പോലും നിയമന വിവരം അറിഞ്ഞിട്ടില്ലെന്ന് മനസ്സിലായതെന്ന് സമരം ഉദ്ഘാടനം ചെയ്ത കൗൺസിലർ ഷൊർണൂർ വിജയൻ പറഞ്ഞു. നേരത്തെ ഇതുപോലെ രഹസ്യമായി ഒരാളെ നിയമിക്കുകയും അയാൾ ഒമ്പത് മാസം ജോലി ചെയ്യുകയുമുണ്ടായി. ഈ നിയമന വിവരം കൗൺസിലിന്റെ പരിഗണനക്ക് വന്നെങ്കിലും എതിർപ്പുണ്ടായതിനെ തുടർന്ന് ഒഴിവാക്കി.
തുടർന്നും നഗരസഭ ചെയർമാൻ ഏകപക്ഷീയമായി നിയമനങ്ങൾ നടത്തുകയാണെന്നും ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ. കൃഷ്ണകുമാർ, നഗരസഭാംഗങ്ങളായ ടി.കെ. ബഷീർ, ടി. സീന, കെ. പ്രവീൺ കുമാർ, സി. സന്ധ്യ, ശ്രീകല രാജൻ എന്നിവർ കുറ്റപ്പെടുത്തി. വിഷയത്തിൽ അന്വേഷണം നടത്തി പ്രശ്നം പരിഹരിക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു. ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും സമരക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.