തകർച്ചാഭീഷണിയിലായ പഴയ വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ചു നീക്കിയില്ല
text_fieldsകോട്ടായി: 50 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പുതിയ വില്ലേജ് ഓഫിസ് കെട്ടിടം പ്രവർത്തനം തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തകർച്ച ഭീഷണിയിലായ പഴയ കെട്ടിടം പൊളിച്ചു നീക്കാത്തതിൽ പ്രതിഷേധം. കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളമായെന്ന് ആക്ഷേപം. കോട്ടായി നമ്പർ ഒന്ന് വില്ലേജ് ഓഫിസിനാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിച്ചത്.
2024 ഫെബ്രുവരി മൂന്നിന് മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിച്ച് പ്രവർത്തനവും തുടങ്ങി.എന്നാൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി എട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പഴകി ദ്രവിച്ച് നിലംപൊത്താറായ പഴയ വില്ലേജ് ഓഫിസ് കെട്ടിടം അതേപടി നിലനിർത്തിയിരിക്കുകയാണ്. നിലവിൽ പ്രവർത്തിക്കുന്ന പുതിയ കെട്ടിടത്തോട് ചേർന്നാണ് പഴയ കെട്ടിടം നിൽക്കുന്നത്. നാശ ഭീഷണിയിലായ കെട്ടിടം ഏതു സമയവും വീഴാവുന്ന നിലയിലാണ്.
രാത്രികളിൽ ഇവിടെ സാമൂഹിക വിരുദ്ധർ താവളമാക്കാനും സാധ്യത ഏറെയാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. പഴയ കെട്ടിടം പൊളിക്കാത്തതിനാൽ രണ്ടിന്റെയും കെട്ടിട നികുതി അടക്കേണ്ടി വരുന്നതായും പറയുന്നു. പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് എട്ട് മാസമായിട്ടും നിർമാണ ചുമതലയുള്ള പാലക്കാട് നിർമിതി കേന്ദ്രം കെട്ടിടം പഞ്ചായത്തിന് കൈമാറിയിട്ടില്ലെന്നും പറയുന്നു. കെട്ടിടം കൈമാറാത്തതിനാൽ പഴയ കെട്ടിടം പൊളിച്ചു നീക്കാൻ സർക്കാറിനോട് ആവശ്യപ്പെടാനും നിർവാഹമില്ല. പഴയ കെട്ടിടം ഉടൻ പൊളിച്ചില്ലെങ്കിൽ തകർന്നു വീഴാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.