ഓംബുഡ്സ്മാൻ ഉത്തരവ് നടപ്പാക്കിയില്ല; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പരാതി
text_fieldsആലത്തൂർ: കൃഷിസ്ഥലത്തേക്ക് തൊഴിലുറപ്പിലുൾപ്പെടുത്തി വഴി നിർമിക്കണമെന്ന തദ്ദേശ സ്ഥാപന ഓംബുഡ്സ്മാൻ ഉത്തരവ് നടപ്പാക്കാത്ത ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ കർഷകന്റെ പരാതി. തരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ അതേ പഞ്ചായത്തിലെ വാവുള്ളിയാപുരം നെല്ലിപ്പാടം സ്വദേശി ഇസ്മയിലാണ് വീണ്ടും പരാതി നൽകിയത്.
ഇസ്മയിലിന്റെ വയലുൾപ്പെടുന്ന പാടശേഖരത്തിലേക്ക് കാർഷികയന്ത്രങ്ങൾ കൊണ്ടുപോകാൻ സഞ്ചാരയോഗ്യമായ വഴി വേണമെന്ന ആവശ്യത്തിലായിരുന്നു മേയ് 23ന് ഓംബുഡ്സ്മാൻ ഉത്തരവ്. പാടശേഖരത്തിലേക്കുള്ള വഴി ഗതാഗതയോഗ്യമാക്കി നൽകാനാണ് ഉത്തരവ്. ഉത്തരവ് നടപ്പാക്കാതെ വന്നപ്പോൾ ഇസ്മയിൽ സെപ്റ്റംബർ അഞ്ചിന് ഓംബ്ഡ്സ്മാനെ സമീപിച്ചു.
ഇരുവിഭാഗത്തിന്റെയും വിശദീകരണത്തിനുശേഷം നവംബർ 30നകം ഉത്തരവ് നടപ്പാക്കി റിപോർട്ട് നൽകണമെന്ന് വീണ്ടും ഉത്തരവ് നൽകി. ഈ ഉത്തരവും പഞ്ചായത്ത് ലംഘിച്ചതോടെയാണ് ഇസ്മയിൽ മൂന്നാം തവണയും പരാതി നൽകിയത്. വഴി ഗതാഗതയോഗ്യമാക്കാൻ പഞ്ചായത്ത് ഭരണസമിതിയെടുത്ത തീരുമാനം നവംബർ 30ന് മുമ്പ് നടപ്പാക്കി റിപോർട്ട് ചെയ്യണമെന്നും വീഴ്ച വരുത്തിയാൽ സെക്രട്ടറിയുടെ ശമ്പളം തടഞ്ഞുവെച്ചും പരാതിക്കാരന് നഷ്ടപരിഹാരം നൽകുവാനും ഉത്തരവിറക്കുമെന്ന് ഓംബുഡ്സ്മാൻ സെപ്റ്റംബറിലെ ഉത്തരവിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.