ഓട്ടോ ഇടിച്ച് റെയിൽവേ ഗേറ്റ് തകർന്നു; ലക്കിടി പാമ്പാടി റൂട്ടിൽ വാഹനങ്ങൾ കുടുങ്ങിയത് 9 മണിക്കൂർ
text_fieldsലക്കിടി: ലക്കിടി റെയിൽവേ ഗേറ്റ് ഓട്ടോ ഇടിച്ചു തകരാറിലായതിനെ തുടർന്ന് ലക്കിടി പാമ്പാടി റോഡിലെ ഗതാഗതം ഒമ്പത് മണിക്കൂറോളം തടസ്സപ്പെട്ടു. ബുധനാഴ്ച പുലർച്ച 1.15നാണ് സംഭവം. ട്രെയിൻ പോകുന്നതിനായി ഗേറ്റ് അടച്ച സമയത്താണ് ഐസ്ക്രീം വിൽപന നടത്തുന്ന ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് ഗേറ്റിൽ ഇടിച്ചത്.
ഇതോടെ ഗേറ്റ് തുറക്കാൻ കഴിയാത്തതിനാൽ ഇരുവശമുള്ള വാഹനങ്ങൾക്ക് കടന്ന് പോകാനായില്ല. രാത്രിയിലുണ്ടായിരുന്ന ഗേറ്റ് കീപ്പർ വിവരം ബന്ധപ്പെട്ട റെയിൽവേ അധികാരികൾക്ക് കൈമാറിയതോടെ പുലർച്ചയോടെ തന്നെ പാലക്കാട്ടുനിന്ന് ആർ.പി.എഫും റെയിൽവേ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
മണിക്കൂറുകൾ നീണ്ട പ്രയത്നത്തിന് ശേഷം കേടുപാടുകൾ പരിഹരിച്ചു.തുടർന്ന് രാവിലെ 10നാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഗേറ്റ് തകരാറിലായതിനെ തുടർന്ന് നൂറുക്കണക്കിന് വാഹനങ്ങളാണ് ഈ റൂട്ടിൽ ഒമ്പത് മണിക്കൂറോളം വലഞ്ഞത്. ഇടക്കിടക്ക് ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും റെയിൽവേ ശാശ്വത പരിഹാരം കാണുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.