ഇടവിട്ട് മഴ തുടരുന്നു; അറുതിയില്ലാത്ത ദുരിതം...
text_fieldsപാലക്കാട്: ജില്ലയിൽ മലയോര മേഖലകൾ കേന്ദ്രീകരിച്ച് ബുധനാഴ്ചയും ഇടവിട്ട മഴ തുടരുന്നതിടെ വ്യാപകനാശം. മഴയുടെ ശക്തി കുറഞ്ഞത് കണക്കിലെടുത്ത് ജില്ലയിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു. ഇതിനിടെ, ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ക്കാട് താലൂക്കുകളിലായി മൂന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 14 പുരുഷന്മാരും 31 സ്ത്രീകളും 12 കുട്ടികളുമടക്കം വിവിധ ക്യാമ്പുകളിലായി നിലവിൽ 57 പേരാണുള്ളത്.
ജില്ലയില്‍ ബുധനാഴ്ച രാവിലെ 8.30 വരെ ശരാശരി 25.3 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അധികൃതര്‍ അറിയിച്ചു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നതോടെ നീരൊഴുക്ക് വർധിച്ചത് കണക്കിലെടുത്ത് കാഞ്ഞിരപ്പുഴ, മംഗലം, പോത്തുണ്ടി ഡാമുകളിലും മൂലത്തറ റെഗുലേറ്ററിൽനിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് വർധിപ്പിച്ചു.
മലയോര മേഖലകളിൽ ഇടവിട്ട് മഴ തുടരുകയാണ്. പലയിടത്തും മരങ്ങൾ വീണ് വീട് തകർന്നു. വൈദ്യുതിത്തൂണുകൾക്കു മേൽ മരച്ചില്ലകളും മറ്റും വീണ് വിദൂരമേഖലകളിൽ വൈദ്യുതി തടസ്സപ്പെട്ടു. അട്ടപ്പാടിയുടെ വിദൂരമേഖലകളിലടക്കം വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ബുധനാഴ്ച വൈകിയും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
റോഡരികിലെ മരങ്ങൾ കടപുഴകിയും പാലങ്ങൾ വെള്ളത്തിൽ മുങ്ങിയും ഗതാഗത തടസ്സവുമുണ്ടായി. ജില്ലയിലെ പ്രധാന നദികളിലെല്ലാം ജലനിരപ്പുയർന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ കൃഷികൾ വെള്ളത്തിലായതോടെ കർഷകർ ദുരിതത്തിലായി. നഷ്ടം തിട്ടപ്പെടുത്താനുള്ള നടപടി പുരോഗമിക്കുകയാണെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകള്‍ ഇങ്ങനെ
ജില്ലയിൽ നിലവിൽ ചിറ്റൂര്‍, മണ്ണാര്‍ക്കാട് താലൂക്കുകളിലായി മൂന്ന് ദുരിതാശ്വാസ ക്യാമ്പാണ് തുറന്നത്. ചിറ്റൂര്‍ താലൂക്കിലെ നെല്ലിയാമ്പതിയില്‍ പാടഗിരി പാരിഷ് പള്ളിയില്‍ ഏഴ് കുടുംബങ്ങളിലെ 25 പേരെയും (എട്ട് പുരുഷന്മാര്‍, 12 സ്ത്രീകള്‍, അഞ്ച് കുട്ടികള്‍), കയറാടി വില്ലേജിലെ വീഴ്ലിയില്‍ ചെറുനെല്ലിയില്‍നിന്നുള്ള ഏഴ് കുടുംബത്തിലെ 17 പേരെ ട്രൈബല്‍ ഡിപ്പാര്‍ട്മെന്‍റ് നിര്‍മിച്ച മൂന്ന് വീടുകളിലും (നാല് പുരുഷന്മാര്‍, 12 സ്ത്രീകള്‍, ഒരു കുട്ടി),
മണ്ണാര്‍ക്കാട് താലൂക്ക് പൊറ്റശ്ശേരി സർക്കാര്‍ ഹൈസ്കൂളില്‍ പാമ്പന്‍തോട് കോളനിയിലെ നാല് കുടുംബത്തിലെ 15 പേരെയും (രണ്ട് പുരുഷന്മാര്‍, ഏഴ് സ്ത്രീകള്‍, ആറ് കുട്ടികള്‍) മാറ്റിപ്പാര്‍പ്പിച്ചതായി ജില്ല ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
ജില്ലയില്‍ നിലവില്‍ തുറന്ന അണക്കെട്ടുകള്‍
കാഞ്ഞിരപ്പുഴ ഡാം: മൂന്ന് ഷട്ടർ 50 സെ.മീ. വീതം
മംഗലം: ആറ് സ്പില്‍വേ ഷട്ടറില്‍ മൂന്നെണ്ണം 60 സെ.മീ. വീതവും മൂന്ന് സ്പില്‍വേ ഷട്ടർ 20 സെ.മീ. വീതവും
പോത്തുണ്ടി: മൂന്ന് സ്പില്‍വേ ഷട്ടർ 25 സെ.മീ. വീതം
മൂലത്തറ റെഗുലേറ്റര്‍: 19 ഷട്ടറില്‍ ഒന്ന് 40 സെ.മീ.
ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ്
ഡാം, നിലവിലെ ജലനിരപ്പ്, പരമാവധി ജലസംഭരണ നില ക്രമത്തിൽ:
കാഞ്ഞിരപ്പുഴ -93.60 മീറ്റര്‍ - 97.50 മീറ്റര്‍
മലമ്പുഴ - 111.890 മീ. - 115.06 മീ.
മംഗലം - 76.700 മീ. - 77.88 മീ.
പോത്തുണ്ടി -105.100 മീ. -108.204 മീ.
മീങ്കര -155.730 മീ. -156.36 മീ.
ചുള്ളിയാര്‍ -151.180 മീ. -154.08 മീ.
വാളയാര്‍ - 199.850 മീ. -203 മീ.
ശിരുവാണി ഡാം - 875.110 മീ. - 878.5 മീ.
മൂലത്തറ റെഗുലേറ്റര്‍ - 182 മീ. -184.65 മീ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.