മഴയെത്തി; കൂടെ റോഡ് തകർച്ചയും വെള്ളക്കെട്ടും
text_fieldsപാലക്കാട്: ആദ്യ മഴയിൽത്തന്നെ നഗരത്തിലെ റോഡുകൾ തകർന്നു. കാലവർഷം സജീവമായതോടെ നഗരത്തിലെ റോഡുകളിൽ കുഴികൾ രൂപപ്പെട്ടു. നൂറണി മേഴ്സി കോളജ് റോഡിലെ ചക്കാത്തറയിലാണ് കുഴികൾ ഉണ്ടായത്. ഒറ്റപ്പാലം, കൊടുന്തരപ്പുള്ളി, കോട്ടായി ഭാഗത്തേക്കുള്ള ബസുകളും മറ്റ് നിരവധി വാഹനങ്ങളും സഞ്ചരിക്കുന്ന ഏറെ ഗതാഗത തിരക്കുള്ള റോഡിലാണ് ആദ്യത്തെ മഴയിൽ തന്നെ റോഡിന് നടുവിലും വശത്തുമായി വലിയ കുഴികൾ ഉണ്ടായത്.
ഉള്പ്പാതകളായ സ്റ്റേഡിയം ഗസാല റോഡ്, ബി.എസ്.എന്‍.എൽ എക്സ്ചേഞ്ച് റോബിന്‍സണ്‍ റോഡ്, പുത്തൂര്‍, ശേഖരീപുരം ചന്ത ജങ്ഷന്, മൂത്താന്തറ വലിയങ്ങാടി റോഡ്, സപ്ലൈകോ റോഡ്, റോബിൻസൺ റോഡ്, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, ശകുന്തള ജങ്ഷൻ, റെയിൽവേ മേൽപ്പാലം റോഡ്, മാർക്കറ്റ് തുടങ്ങി പ്രധാന നഗരസഭാറോഡുകളെല്ലാം വെള്ളക്കെട്ടിലായി. ശക്തമായൊരു മഴ പെയ്താല്‍ വെള്ളക്കെട്ടിലാവുന്ന റോഡുകളാണ് മിക്കതും.
ശരിയായ ഓവുചാല്‍ സംവിധാനങ്ങളില്ലാത്തതാണ് വെള്ളെക്കെട്ടിനു കാരണം. ഓടകളിൽ കെട്ടിനിൽക്കുന്ന മലിനജലം മഴയത്ത് റോഡിലേക്കും നടവഴിയിലേക്കും കയറുന്നതും പതിവാണ്. വെള്ളം നിറയുന്നതോടെ റോഡിലെ കുഴികള്‍ കാണാത്തതിനാല്‍ ഇരുചക്രവാഹനക്കാര്‍ക്ക് യാത്ര ദുഷ്കരമാണ്.പൊട്ടിപൊളിഞ്ഞ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ അപകടങ്ങളും സംഭവിക്കുന്നു. നഗരത്തിലെ ഇടറോഡുകളിലെ ഓടകൾ പലയിടത്തും അടഞ്ഞുകിടക്കുകയാണ്. ഇതോടെ ദുരിതത്തിലാവുന്നത് നഗരത്തിലെത്തുന്ന കാൽനട-ബൈക്ക് യാത്രികരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.