അപകടമൊഴിയാതെ നഗരത്തിലെ റോഡുകൾ
text_fieldsപാലക്കാട്: ടാറും മെറ്റലും ഇളകി കുണ്ടും കുഴിയും നിറഞ്ഞ് അപകടവീഥിയായി നഗരത്തിലെ റോഡുകൾ. എപ്പോഴും വാഹനത്തിരക്കുള്ള, ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റോഡുകളാണ് അപകടക്കെണിയായി മാറിയത്. റോബിൻസൺ റോഡ്, ജില്ല വനിത-ശിശു ആശുപത്രി റോഡ്, ബി.ഒ.സി റോഡ് എന്നിവിടങ്ങളെല്ലാം തകർന്ന് തരിപ്പണമായി.
റോബിൻസൺ റോഡിൽ ജില്ല ആശുപത്രിക്ക് സമീപം മുതൽ ബി.ഇ.എം സ്കൂൾ വരെ റോഡ് തകർന്ന നിലയിലാണ്. ചെറുതും വലുതുമായി നിരവധി കുഴികളാണ് റോഡിലുള്ളത്. റോഡിലെ ലെവൽ ക്രോസിന് സമീപം രൂപപ്പെട്ട വലിയ കുഴിയിൽ ചാടാതിരിക്കാൻ പലപ്പോഴും വാഹനങ്ങൾ വെട്ടിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. ഇരുചക്രവാഹനങ്ങൾക്കാണ് കൂടുതൽ അപകടഭീഷണി. മഴയിൽ വെള്ളം നിറഞ്ഞാൽ കുഴി കാണാനാകാത്തതും അപകടങ്ങളുണ്ടാക്കുന്നു.
ദിനംപ്രതി നൂറുകണക്കിന് ഗർഭിണികളും രോഗികളും എത്തുന്ന ജില്ല വനിത-ശിശു ആശുപത്രിയിലേക്കുള്ള റോഡ് തകർച്ചയിലായിട്ട് കാലം കുറേയായി. ടാറും മെറ്റലും ഇളകി മണ്ണ് കാണുന്ന അവസ്ഥയിലാണ്. പലേടത്തും കുഴിയുമുണ്ട്. മഴയത്ത് ചളിക്കുളമാകുന്ന ഈ റോഡിലൂടെയാണ് ആശുപത്രിയിലേക്കുള്ള ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വരുന്നത്.
ഗർഭിണികളും കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാരും ആശുപത്രിയിലേക്കുള്ള റോഡ് തകർന്നത് കാരണം പ്രയാസത്തിലായി. ബി.ഒ.സി റോഡിലെ സ്ഥിതിയും വ്യത്യസ്തമല്ല. റോഡിലുടനീളം വലിയ കുഴികളാണുള്ളത്.
വേണ്ടത്ര വെളിച്ചമില്ലാത്തതിനാൽ രാത്രി ഇതുവഴിയുള്ള യാത്ര സാഹസികമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ വാഹനം കുഴിയിൽ ചാടി നടുവൊടിയും. ഇതിനുപുറമേ സുൽത്താൻപേട്ട സിഗ്നൽ ജങ്ഷൻ, കോർട്ട് റോഡ് എന്നിവിടങ്ങളിലും കുഴികളുണ്ട്.
പലപ്പോഴും റോഡ് തകർച്ചയും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അപകടങ്ങൾ തുടർക്കഥയാകുന്ന നിലവിലെ സാഹചര്യത്തിൽ പരിശോധനകൾ നടത്തുന്നതുപോലെ തകർച്ചയിലായ റോഡുകൾ നന്നാക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.