നെൽവിത്ത് കർഷകർക്ക് ഇരുട്ടടി നൽകി സീഡ് അതോറിറ്റി
text_fieldsപാലക്കാട്: സംസ്ഥാനത്തിനാവശ്യമായ നെൽവിത്ത് കൃഷിചെയ്ത കർഷകരെ വെട്ടിലാക്കി വിത്ത് വികസന അതോറിറ്റി. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ കൊയ്തെടുത്ത വിത്ത് ഉണക്കി വൃത്തിയാക്കിവെച്ചിട്ടും ഇതുവരെ സീഡ് അതോറിറ്റി കർഷകരുടെ വീടുകളിൽനിന്ന് കൊണ്ടുപോയിട്ടില്ല. ഇനിയും ജില്ലയിലെ വിത്ത് കർഷകരിൽനിന്ന് 1500 ടണ്ണോളം വിത്ത് സംഭരിക്കാനുണ്ട്. കരാറുകാരനും സീഡ് അതോറിറ്റിയും തമ്മിലുള്ള ഒളിച്ചുകളിയാണ് ഇതിനു പിന്നിലെന്ന് ആരോപണമുണ്ട്. സംസ്ഥാനത്താവശ്യമായ നെൽവിത്തിന്റെ 90 ശതമാനവും പാലക്കാട്ടുനിന്നാണ് ഉൽപാദിപ്പിക്കുന്നത്. കർഷകരിൽനിന്ന് സംഭരിക്കുന്ന വിത്ത് എരുത്തേമ്പതിയിലെ കൃഷിവകുപ്പ് പ്ലാന്റിൽ സംസ്കരിച്ചശേഷമാണ് ഇതര ജില്ലകളിലെ കൃഷിഭവനുകളിലെ എത്തിക്കുന്നത്. കഴിഞ്ഞയാഴ്ച എരുത്തേമ്പതിയിൽ സംസ്കരിച്ച വിത്ത് തൃശൂരിലെത്തുമ്പോഴേക്കും നനഞ്ഞ് കേടുവന്നതായി ആരോപണമുണ്ട്. സീഡ് അതോറിറ്റി വിത്ത് കൊണ്ടുപോയി സംസ്കരിച്ചശേഷമേ കർഷകർക്ക് മുഴുവൻ തുകയും അനുവദിക്കൂ.
എരുത്തേമ്പതിയിലെ പ്ലാന്റിൽ പ്രതിദിനം ശരാശരി 15 ടൺ മാത്രമേ സംസ്കരിക്കാൻ കഴിയുന്നുള്ളൂ. ഇത് പ്രതിദിനം രണ്ടു ഷിഫ്റ്റാക്കി ഉയർത്തണമെന്ന കർഷകരുടെ ആവശ്യവും അതോറിറ്റി നിരാകരിക്കുകയാണ്. വിത്തിന്റെ കാലാവധി എട്ടു മാസമാണ്. കാലാവധി അവസാനിക്കാറായിട്ടും കർഷകരുടെ പക്കൽ കെട്ടിക്കിടക്കുകയാണ്. ഒരു മാസംകൂടി കഴിഞ്ഞാൽ ഒന്നാംവിള പാകമാകും. അതിനുമുമ്പ് വിത്ത് കൊണ്ടുപോകാതിരുന്നാൽ പുതിയ നെല്ല് സൂക്ഷിക്കാനിടമില്ലെന്നതും ആശങ്കയുണ്ടാക്കുന്നു. കൊയ് തെടുത്ത വിത്ത് 40 ദിവസത്തിനുള്ളിൽ കർഷകരിൽനിന്ന് സംഭരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഇതൊരിക്കലും കൃത്യമായി നടക്കാറില്ല. സമയത്തിന് വിത്ത് ശേഖരിക്കാതെയും പണം അനുവദിക്കാതെയും നെൽവിത്ത് കർഷകരെ നിരാശരാക്കി ഇതരസംസ്ഥാന ലോബിയിൽനിന്ന് വിത്ത് വാങ്ങി വിതരണം ചെയ്ത് അഴിമതിക്കു കൂട്ടുനിൽക്കുകയാണ് സീഡ് അതോറിറ്റിയെന്ന് കർഷകർ ആരോപിച്ചു.
അഴിമതി പുറത്തുകൊണ്ടുവരണമെന്നും കൂട്ടുനിൽക്കുന്ന സീഡ് അതോറിറ്റിയിലെ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും കർഷകർ ആവശ്യപ്പെട്ടു. അതേസമയം, വെള്ളിയാഴ്ച നടന്ന ചർച്ചയിൽ പരമാവധി വേഗത്തിൽ വിത്ത് സംഭരണം നടത്തി പണം നൽകാൻ തീരുമാനിച്ചതായും കർഷകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.