മാർക്കറ്റ് റോഡുകളിൽ ദുരിതയാത്ര
text_fieldsപാലക്കാട്: നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളുള്ള വലിയങ്ങാടിയിലെ റോഡുകൾ പൂർണമായും തകർന്നിട്ടും നഗരസഭക്ക് കുലുക്കമില്ല. പാലക്കാട് ടൗൺ ശകുന്തള ജങ്ഷൻ മുതൽ മഞ്ഞക്കുളം റോഡ് ജങ്ഷൻ വരെയുള്ള റോഡാണ് പൂർണമായി തകർന്ന് കുഴികൾ രൂപപ്പെട്ടത്. മത്സ്യമാർക്കറ്റിന്റെ മുന്നിലെ റോഡിലെ സ്ലാബ് തകർന്ന അവസ്ഥയിലാണ്. മത്സ്യമാർക്കറ്റിലെ മലിനജലം റോഡിലേക്ക് ഒഴുകിയതുമൂലം ജനം മൂക്കുപൊത്തി ഇതുവഴി യാത്ര ചെയ്യണ്ടേ അവസ്ഥയാണ്.
വർഷങ്ങളായി തകർന്നുകിടന്ന വലിയങ്ങാടി റോഡ് ജനരോഷം ശക്തമായതോടെ മേലാമുറി മുതൽ നോർത്ത് പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗം അറ്റകുറ്റപ്പണി നടത്തിയെങ്കിലും വീണ്ടും തകർന്നു. വലിയങ്ങാടിയുമായി ബന്ധിപ്പിക്കുന്ന വിവിധ റോഡുകളെ പൂർണമായും നഗരസഭ അവഗണിച്ചു. ഇതുവഴിയുള്ള യാത്രയും ദുരിതമാണ്.
കർണകിയമ്മൻ ക്ഷേത്രം-വടക്കന്തറ റോഡ്, വലിയങ്ങാടി-നൂറണി റോഡ്, വലിയങ്ങാടി-മേഴ്സി ജങ്ഷൻ റോഡ്, കെ.സി. അബൂബക്കർ റോഡ്, മേലമുറി-വടക്കന്തറ റോഡ്, പട്ടിക്കര റോഡ് തുടങ്ങി വലിയങ്ങാടിയിൽനിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾ എല്ലാം തകർന്നു തരിപ്പണമായിട്ടുണ്ട്. മേലാമുറി പച്ചക്കറിച്ചന്തക്ക് മുന്നിലെ അറ്റകുറ്റപ്പണി നടത്തിയ റോഡിൽ വൻകുഴികളാണുള്ളത്. നഗരത്തിലെ തിരക്കേറിയ പ്രദേശത്ത് ദുരിതയാത്ര സമ്മാനിക്കുന്ന നഗരസഭക്കെതിരെ വ്യാപാരികളും നാട്ടുകാരും ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.