ആനയോളം കരുതലുമായി പ്രവീൺ; കൺമണിയെന്ന വിളിയിൽ കരളുരുകി കാട്ടാന
text_fieldsപറമ്പിക്കുളം: ചുങ്കം കോളനിയിലെ യുവാവുമായി ഇണക്കത്തിലായി കാലിന് പരിക്കേറ്റ കാട്ടാന. കാലിലെ വ്രണം പഴുത്ത് നടക്കാനാവാതെ കഴിയുന്ന പിടിയാനയാണ് 22കാരനായ പ്രവീണുമായി അടുപ്പത്തിലായത്. പ്രവീൺ സ്നേഹത്തോടെ 'കൺമണീ' എന്ന് വിളിക്കുമ്പോൾ ആന അടുത്തു വരും. ഭക്ഷണമായി പ്രവീൺ ഒരുക്കിയ തെങ്ങിൻപട്ട കഴിക്കും.
ആഴ്ചകളോളം വനംവകുപ്പ് അധികൃതരെയും മറ്റുള്ളവരെയും അകറ്റിനിർത്തിയ 40 വയസ്സുള്ള പിടിയാനയെയാണ് പ്രവീൺ സുഹൃത്താക്കിയത്.
രണ്ടാഴ്ചയായി ഇതേ രീതിയിൽ തീറ്റയെടുക്കുന്നതിനാൽ ആനയുടെ കാലിലെ മുറിവ് ഉണങ്ങിത്തുടങ്ങിയതായി കോളനിവാസികൾ പറഞ്ഞു. നേരത്തേ തീർത്തും അവശനിലയിലായിരുന്നു. തീറ്റ കഴിക്കുന്നതിനാൽ ആനയുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്ന് കോളനിവാസികൾ പറഞ്ഞു. മൂന്നാഴ്ചയായി കാലിൽ പരിക്കേറ്റ് കഴിയുന്ന ആനയെ കോട്ടയത്തുനിന്നെത്തിയ ഡോ. എൻ. അനുമോദിന്റെ നേതൃത്വത്തിൽ നിരീക്ഷിച്ചുവരുകയാണ്. ആനക്ക് ചെറിയ മാറ്റമുണ്ടെന്നും ആരോഗ്യസ്ഥിതി അടുത്ത ദിവസം വനംവകുപ്പിലെ ഉന്നത ഡോക്ടർമാരുടെ പാനലിനെ അറിയിക്കുമെന്നും ഡോ. അനുമോദ് പറഞ്ഞു. ചൊവ്വാഴ്ച വയനാട്ടിൽനിന്ന് ഡോ. അരുൺ സക്കറിയ എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.