താമരക്കുളം നീന്തൽക്കുളമല്ലെന്ന് സബ് കലക്ടർ
text_fieldsഒറ്റപ്പാലം: രണ്ടുകോടി രൂപ ചെലവിട്ട് പൂർത്തിയാക്കിയ ഒറ്റപ്പാലം പത്തൊമ്പതാം മൈലിലെ താമരക്കുളം അപകടസാധ്യത ഏറെയുള്ളതിനാൽ നീന്തൽക്കുളമായി ഉപയോഗിക്കാൻ കഴിയില്ലെന്ന് സബ് കലക്ടർ. പായൽ മൂടിയും ചളി നിറഞ്ഞും വശങ്ങൾ ഇടിഞ്ഞും കിടന്നിരുന്ന ഒന്നര ഏക്കർ വിസ്തൃതിയുള്ള കുളം നവീകരിച്ച് കഴിഞ്ഞ ഒക്ടോബർ 29നാണ് നാടിന് സമർപ്പിച്ചത്.
ഉദ്‌ഘാടനം ചെയ്ത് ഒരുമാസം പൂർത്തിയാകും മുമ്പേ നവംബർ 27ന് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥി നീന്തുന്നതിനിടെ മുങ്ങി മരിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിരക്ഷസേന നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുളത്തിലെ വെള്ളത്തിന്റെ സാന്ദ്രത നീന്തലിന് അനുയോജ്യമല്ലെന്നത് ചൂണ്ടിക്കാട്ടിയാണ് സബ് കലക്ടറുടെ വിലക്ക്.
പ്രദേശത്തെ 25 ഹെക്ടർ നെൽകൃഷിയുടെ ജലസേചനം ലക്ഷ്യമിട്ട് മൈനർ ഇറിഗേഷൻ നവീകരിച്ച കുളം നീന്തൽക്കുളമല്ലെന്ന് ജലസേചന വകുപ്പ് തന്നെ നേരത്തേ വ്യക്തമാക്കിയതാണെന്ന് അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ പറഞ്ഞു. നഗരസഭയുടെ അധീനതയിലുള്ള കുളത്തിൽ നിരീക്ഷകനെ ചുമതലപ്പെടുത്തി നീന്തൽ തുടരണമെന്ന ആവശ്യവും പരിഗണിക്കാനാവില്ലെന്ന നിലപാടിലാണ് നഗരസഭ.
താമരക്കുളം കർഷകരെ ഏൽപിക്കാനാണ് തീരുമാനമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പാടശേഖര സമിതികളുടെ യോഗം വിളിച്ചിരുന്നതായും നഗരസഭ അധ്യക്ഷ കെ. ജാനകിദേവി പറഞ്ഞു.കാർഷികാവശ്യത്തിനായി കുളത്തിൽനിന്ന് വെള്ളം കൊണ്ടുപോകുന്നില്ലെന്ന ആക്ഷേപവും കഴിഞ്ഞ താലൂക്ക് വികസന യോഗത്തിൽ ഉന്നയിച്ചു. എന്നാൽ, കൃഷിക്ക് വെള്ളം ഉപയോഗിക്കുന്നില്ലെന്ന് ശ്രദ്ധയിൽപെടുന്ന പക്ഷം നടപടി സ്വീകരിക്കുമെന്നും സബ് കലക്ടർ ഡി. ധർമലശ്രീ അറിയിച്ചു.
കേരളോത്സവത്തിലെ നീന്തലിന് കുളം വേദിയായതിനെയും അംഗങ്ങൾ ചോദ്യം ചെയ്തു. വിലക്ക് നിലനിൽക്കുന്ന സാഹചര്യത്തിലും ആരെങ്കിലും നീന്തൽ നടത്താനായി വരുന്നുണ്ടെങ്കിൽ നഗരസഭയുടെ അനുമതി വാങ്ങണമെന്നും ഇതുമൂലമുണ്ടാകുന്ന അനിഷ്ട സംഭവങ്ങളുടെ ഇത്തരവാദിത്തം കൂടി സ്വയം ഏറ്റെടുക്കേണ്ടി വരുമെന്നും എം.എൽ.എ അറിയിച്ചു.
2020 - 21 വർഷത്തെ ബജറ്റിൽ അനുവദിച്ച രണ്ടുകോടി രൂപ ചെലവിട്ടാണ് കുളം നവീകരിച്ചത്. വേനലിൽ പോലും വെള്ളമുള്ള കുളത്തിന് 25 അടിയോളം ആഴമുണ്ട്. ജലാശയം ആഴമേറിയതും അപകടസാധ്യത കൂടിയതുമാണെന്നും നീന്തൽ അറിയാത്തവരും ലഹരി വസ്തുക്കൾ ഉപയോഗിച്ചവരും അപസ്മാര രോഗികളും ഇറങ്ങരുതെന്നുമുള്ള ഷൊർണൂർ അഗ്നിരക്ഷ നിലയത്തിന്റെ മുന്നറിയിപ്പ് ബോർഡ് അവഗണിച്ചാണ് പലരും കുളത്തിൽ നീന്താനിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.