കുടിനീര് തേടി നാട്...
text_fieldsകൊല്ലങ്കോട്: വേനൽമഴ വൈകുന്നതിനാൽ വറ്റിവരണ്ട് മേഖലയിലെ ജലാശയങ്ങൾ. ഗായത്രി, ചുള്ളിയാർ, മീങ്കര, ഇക്ഷുമതി തുടങ്ങിയ പുഴകൾ വരണ്ട നിലയിലാണ്. പുഴയോട് ചേർന്നുള്ള മിനി കുടിവെള്ള പദ്ധതികളുടെ ഭൂഗർഭ ജലം താഴുന്നതും കുടിവെള്ള വിതരണം അവതാളത്തിലാക്കി.
ഒരുമാസം കൂടി വേനൽ കടുത്താൽ മിനി കുടിവെള്ള പദ്ധതികൾ എല്ലാം നിലക്കുന്ന അവസ്ഥയിലാണ്. പുഴകളിലെ ചെക്ക് ഡാമുകൾ കാര്യക്ഷമമായി പ്രവർത്തിക്കാത്തതും അശാസ്ത്രീയ ചെക്ക് ഡാമുകളുടെ നിർമാണവുമണ് പുഴയിൽ വെള്ളം കെട്ടിനിൽക്കാത്ത അവസ്ഥ ഉണ്ടാക്കിയത്. പുഴകളെ ആശ്രയിച്ച് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഈ പദ്ധതികളെ ആശ്രയിച്ചിട്ടുള്ള നെൽപ്പാടങ്ങളെല്ലാം രണ്ടാംവിള ഇറക്കാത്ത അവസ്ഥയിലാണ്.
ജലസേചന സംവിധാനം കാര്യക്ഷമമായി നടപ്പാക്കാത്തതും പുഴകളുടെ ചെക്ക് ഡാമുകൾ പരിപാലിക്കാത്തതും പുഴകളോട് ചേർന്നുള്ള കുടിവെള്ള പദ്ധതികൾ നിലക്കാൻ വഴിയൊരുക്കി. കുളങ്ങളും പുഴകളിലെ തടയണകളെയും ലിഫ്റ്റ് ഇറിഗേഷനെയും ബന്ധിപ്പിക്കുന്ന സംവിധാനം ഇപ്പോഴും മിക്ക സ്ഥലങ്ങളിലും കാര്യക്ഷമമല്ല. പറമ്പിക്കുളം വെള്ളം മൂലത്തറ വഴി മീങ്കര ഡാമിലേക്ക് കൂടുതൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചില്ലെങ്കിൽ മൂന്ന് പഞ്ചായത്തുകൾ കുടിവെള്ള നിയന്ത്രണത്തിലേക്ക് എത്തുന്ന അവസ്ഥയിലാണ്.
വരണ്ടുണങ്ങി പേരൂർ പള്ളംതുരുത്ത് തടയണ
പേരൂർ: ലക്കിടി-പേരൂർ പഞ്ചായത്തിലെ പേരൂർ പള്ളംതുരുത്തിൽ ഭാരതപുഴക്ക് കുറുകെ നിർമിച്ച തടയണ വരണ്ടതോടെ മേഖലയിൽ ജലക്ഷാമം രൂക്ഷമായി. ഇതോടെ ലിഫ്റ്റ് ഇറിഗേഷന്റെ ജലവിതരണം മൂന്നാഴ്ചയിലേറെയായി നിലച്ചു. പള്ളംതുരുത്ത് മേഖലയിൽ അറുപതോളം കുടുംബങ്ങൾക്ക് കുടിവെള്ള ക്ഷാമവും രൂക്ഷമായി. പുഴ വരണ്ടതോടെ ഇവിടുത്തെ കിണറുകളിലെ വെള്ളവും വറ്റി.
പദ്ധതിയെ ആശ്രയിച്ച് കഴിയുന്ന മറ്റുകാർഷിക ഇതര വിളകളും പച്ചക്കറി കൃഷികളും ഉണങ്ങി. തെങ്ങ്, കമുക്, മറ്റു കൃഷികളും ഉണക്കത്തിലാണ്. ആളിയാർ ഡാം തുറക്കുകയോ മഴ കനിയുകയോ ചെയ്താൽ മാത്രമേ ഇനി ഇറിഗേഷൻ പദ്ധതി പ്രവർത്തിക്കാനാകൂ. ഡാം തുറന്ന് വെള്ളം എത്തിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
അഗ്നിരക്ഷാ നിലയത്തിലെ കുഴൽകിണറിൽ വെള്ളം താഴ്ന്നു
കൊല്ലങ്കോട്: അഗ്നിരക്ഷാ നിലയത്തിലെ കുഴൽകിണറിൽ വെള്ളം താഴ്ന്നു. കൊല്ലങ്കോട് അഗ്നിരക്ഷാ നിലയത്തിൽ രണ്ടിലധികം കുഴൽ കിണറുകർ നിർമിക്കണമെന്ന ആവശ്യം ശക്തമായി. നിലവിൽ ഒരു കിണർ മാത്രമാണുള്ളത്. 5000, 4000, 3500, 800 ലിറ്റർ സംഭരണ ശേഷിയുള്ള അഗ്നിരക്ഷ വാഹനങ്ങളാണ് ഇവിടെയുള്ളത്.
ഒരു ദിവസം എട്ടിലധികം അഗ്നിബാധകൾ ഉണ്ടാക്കുന്നതിനാൽ വാഹനങ്ങളിൽ ഒരേ ദിവസം ഒന്നിൽ കൂടുതൽ വെള്ളം നിറക്കാൻ സാധിക്കാത്ത അവസ്ഥയാണ്. മിക്കപ്പോഴും അഗ്നിബാധയുണ്ടാകുന്ന സ്ഥലങ്ങളിലെ കുളം, കുഴൽകിണർ എന്നിവിടങ്ങളിൽനിന്ന് വാഹനങ്ങളിൽ വെള്ളം നിറച്ചാണ് അഗ്നിരക്ഷാ നിലയത്തിലേക്ക് മടങ്ങുനത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.