മോഷ്ടാവിനെ പിടികൂടി
text_fieldsആലത്തൂർ: ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ പൊലീസിന്റെയും നാട്ടുകാരുടെയും ഉറക്കം കെടുത്തിയ മോഷ്ടാവിനെ ആലത്തൂർ പൊലീസ് പിടികൂടി. വടകര ഓർക്കാട്ടേരി അനീഷ് ബാബുവാണ് (40) പിടിയിലായത്.
പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടക്കാൻ ഇറങ്ങിയ വ്യാപാരിയുടെ 10.5 പവന്‍റെ മാല ബൈക്കിലെത്തി പൊട്ടിച്ചു കൊണ്ടുപോയതുൾപ്പെടെ പല പിടിച്ചുപറി കേസിലെയും പ്രതിയാണെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു. ആലത്തൂർ ചീക്കോട് ബസ് സ്റ്റാൻഡിൽ വീട്ടമ്മയുടെ അഞ്ച് പവന്‍റെ മാല പൊട്ടിച്ചു കൊണ്ടുപോയ സംഭവത്തെ തുടർന്നാണ് അന്വേഷണം ഊർജിതമാക്കിയത്.
ചാലക്കുടി, മണ്ണുത്തി, വടകര, തമിഴ്നാട്ടിലെ ജോലർപെട്ട്, സേലം, കോയമ്പത്തൂർ, മധുക്കര, ഒറ്റക്കൽ മണ്ഡപം, ആന്ധ്രപ്രദേശിലെ വിശാഖപട്ടണം എന്നിവിടങ്ങളിലായി കളവുകൾ, ബൈക്ക് മോഷണം, കഞ്ചാവ് വിൽപന എന്നിവ ചെയ്തുവന്ന ആളാണ് അനീഷ് ബാബുവെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച ബൈക്കുകളിൽ കേരളത്തിലെത്തി പിടിച്ചുപറി, കളവ് എന്നിവ നടത്തിയശേഷം തമിഴ്നാട്ടിലെത്തി ഉൾപ്രദേശങ്ങളിൽ വാഹനം ഉപേക്ഷിച്ചു പോകുകയാണ് പതിവ്.
വളരെ കാലമായി മറ്റുസംസ്ഥാനങ്ങളിലെയും ജില്ലകളിലെയും പ്രത്യേക സംഘങ്ങൾ അനീഷ് ബാബുവിനെ തിരഞ്ഞുനടക്കുകയായിരുന്നു. ആലത്തൂർ ഹൈവേയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ചതിനെത്തുടർന്ന് പാലക്കാട് എസ്.പിയുടെ നിർദേശപ്രകാരം ആലത്തൂർ ഡിവൈ.എസ്.പി കെഎം. ദേവസ്യ നിയോഗിച്ച പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ആലത്തൂർ ഇൻസ്പെപെക്ടർ ജെ. മാത്യു, എസ്.ഐ അരുൺ കുമാർ എന്നിവർ നേതൃത്വം വഹിച്ച പ്രത്യേക അന്വേഷണസംഘമാണ് ഊർജിത അന്വേഷണത്തിലൂടെ മോഷ്ടാവിനെ വലയിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.