തൊഴിലാളി നേതാവിന്റെ ഭീഷണി; ഏറ്റെടുക്കാൻ ആളില്ലാതെ ഗോഡൗൺ
text_fieldsപാലക്കാട്: കഞ്ചിക്കോട്ട് കേന്ദ്രസർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗോഡൗൺ തൊഴിലാളി നേതാവിന്റെ ഭീഷണിയെ തുടർന്ന് ഏറ്റെടുക്കാൻ സ്ഥാപനങ്ങളും വ്യക്തികളും തയാറാവുന്നില്ലെന്ന് ആക്ഷേപം. 2.50 ലക്ഷം സ്ക്വയർ ഫീറ്റ് ഗോഡൗൺ ആണ് ഇവിടെയുള്ളത്. അടുത്തകാലത്താണ് 1.25 ലക്ഷം സ്ക്വയർ ഫീറ്റ് കേന്ദ്രസർക്കാർ നിർമിച്ചത്. നേരത്തെ ഉണ്ടായിരുന്ന ഗോഡൗണിന്റെ ഭൂരിഭാഗവും സപ്ലൈകോ ഉപയോഗിച്ചുവരുകയാണ്. പുതുതായി പണികഴിപ്പിച്ച ഗോഡൗൺ വാടകക്ക് ഏറ്റെടുക്കാൻ പല സ്ഥാപനങ്ങളും വ്യക്തികളും വരുന്നുണ്ടെങ്കിലും കയറ്റിയിറക്കവുമായി ബന്ധപ്പെട്ട തർക്കം കാരണം പലരും വെയർഹൗസ് ഉപേക്ഷിക്കുകയാണത്രെ.
സ്ഥാപന ഉടമകളുടെ തൊഴിലാളികളെ ഉപയോഗിച്ച് കയറ്റിറക്ക് നടത്താനാണ് സ്ഥാപന മേധാവികൾക്ക് താൽപര്യം. അല്ലെങ്കിൽ സ്ഥാപനം ആവശ്യപ്പെടുന്ന സമയത്ത് പുറത്ത് നിന്നുള്ള തൊഴിലാളികൾ ജോലിക്ക് തയാറാവണം. എന്നാൽ, ഇവിടെ 35ഓളം ചുമട്ടു തൊഴിലാളികൾ മാത്രമാണുള്ളതെന്ന് പറയുന്നു. വ്യാവസായിക മേഖലയായ കഞ്ചിക്കോട് നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനാൽ ഇവരെ സ്ഥാപന ഉടമകൾ ആവശ്യപ്പെടുന്ന സമയത്ത് ജോലിക്ക് ലഭിക്കാറില്ലെന്ന് പരാതിയുണ്ട്. ഇതാണ് സ്വന്തം തൊഴിലാളികളെ പലപ്പോഴും കയറ്റിയിറക്കിന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്. ഇതിന് തൊഴിലാളികളിൽ ഒരു വിഭാഗത്തിന് സമ്മതമാണെങ്കിലും തൊഴിലാളി നേതാവ് ഇത് അംഗീകരിക്കുന്നില്ലത്രെ. ഇതോടെ പല സ്ഥാപനങ്ങളും തൊട്ടടുത്ത തമിഴ്നാട്ടിലെ കോയമ്പത്തൂരിലേക്ക് പ്രവർത്തനം മാറ്റുന്നത് പതിവായിരിക്കുകയാണ്. കഞ്ചിക്കോട് കിൻഫ്ര പാർക്ക്, കൊച്ചി-ബാംഗ്ലൂർ വ്യാവസായിക ഇടനാഴി എന്നിവയെല്ലാം കഞ്ചിക്കോട് വ്യാവസായിക മേഖലക്ക് വലിയ സാധ്യതയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.