കള്ള് മാഫിയ തഴച്ചുവളർന്നു; രാഷ്ട്രീയത്തണലിൽ
text_fieldsചിറ്റൂർ: സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ കള്ള് ഉൽപാദിപ്പിക്കുന്ന ചിറ്റൂരിൽ കള്ള് വ്യവസായത്തിൽ രാഷ്ട്രീയ അതിപ്രസരത്തോടൊപ്പം തന്നെ വിവാദങ്ങൾക്കും പഞ്ഞമില്ല. മാറിവരുന്ന മുന്നണികൾ ചുക്കാൻ പിടിക്കുന്ന ചിറ്റൂരിലെ കള്ള് വ്യവസായത്തിൽ നുരഞ്ഞുമറിയുന്നത് കോടികൾ.
രാഷ്ട്രീയ പിൻബലത്തോടെയുള്ള കള്ള് വ്യവസായത്തിെൻറ കടിഞ്ഞാൺ സ്വന്തമാക്കാൻ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ മത്സരമാണ്. നേതാക്കൾ ബിനാമികളെ ഇറക്കി റേഞ്ചുകൾ പിടിച്ചെടുക്കാൻ മത്സരിക്കുമ്പോൾ ലഭിക്കുന്ന ലാഭക്കണക്കുകളിൽ മാത്രമാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ. ഭൂരിഭാഗം തെക്കൻ ജില്ലകളിലേക്കും കള്ള് എത്തുന്നത് ചിറ്റൂരിൽ നിന്നാണ്.
ചെത്തിയിറക്കുന്ന കള്ളിെൻറ അളവും വിതരണത്തിനായി മറ്റു ജില്ലകളിലെത്തുന്ന കള്ളിെൻറ അളവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നത് പരസ്യമായ രഹസ്യം. വിവാദമാകുേമ്പാൾ മാത്രം പേരിനൊരു പരിശോധന നടത്തുന്നതൊഴിച്ചാൽ കാര്യമായൊന്നും ജില്ലയുടെ കിഴക്കൻ മേഖലയിലെ തോപ്പുകളിൽ നടക്കാറില്ല.
കള്ളിൽ കലക്കാൻ സ്പിരിറ്റും കൃത്രിമ രാസവസ്തുക്കളും സുലഭമായി അതിർത്തി കടന്നെത്തുന്നുമുണ്ട്. വർഷങ്ങൾക്കു മുമ്പ് മലപ്പുറം കുറ്റിപ്പുറത്ത് മദ്യദുരന്തമുണ്ടായപ്പോൾ ചിറ്റൂരിൽനിന്ന് കൊണ്ടുപോയ കള്ളിൽ നിന്നാണെന്ന് തെളിഞ്ഞിരുന്നു. താനും കുടുംബാംഗങ്ങളും ഇനി കള്ള് വ്യവസായത്തിനില്ലെന്ന് ഒരു പ്രമുഖ കോൺഗ്രസ് നേതാവ് പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയം മാറിമറിഞ്ഞപ്പോൾ ഇടത് തൊഴിലാളി സംഘടനകളാണ് ചിറ്റൂരിലെ ഭൂരിഭാഗം ഷാപ്പുകളും ഇപ്പോൾ നടത്തുന്നത്. ഇടത് അനുഭാവികളോ ചില നേതാക്കളോ തന്നെയാണ് ഷാപ്പുകൾ നിയന്ത്രിക്കുന്നതെന്ന് എതിർവിഭാഗം പറയുന്നു.
സി.പി.എം ലോക്കൽ കമ്മിറ്റി അംഗമുൾപ്പെടെ സ്പിരിറ്റ് കടത്ത് കേസിൽ പ്രതിയാവുകയും ചെയ്തിരുന്നു. തൊഴിലാളികളെ മുന്നിൽ നിർത്തി രാഷ്ട്രീയ സാമ്പത്തിക നേട്ടമുണ്ടാക്കുകയാണ് ഒരു വിഭാഗം ചെയ്യുന്നതെന്ന് പരക്കെ ആക്ഷേപമുയരുമ്പോഴും നേതൃത്വം ഇടപെടാത്തത് ദുരൂഹമാണ്.
കോവിഡ്, ചാകരക്കാലം
കോടികൾ കിലുങ്ങുന്ന കള്ള് വ്യവസായത്തിൽ രാഷ്ട്രീയ സ്വാധീനം മൂലം കാര്യമായ ഇടപെടലുകൾ നടത്താൻ ഉദ്യോഗസ്ഥർക്ക് കഴിയാറില്ല. തങ്ങളുടെ ഇംഗിതങ്ങൾക്ക് വഴങ്ങുന്നവരെ മാത്രമേ ചിറ്റൂരിൽ നിലനിർത്തൂവെന്നതും മറ്റൊരു യാഥാർഥ്യം. കോവിഡ് ആരംഭിച്ചതു മുതൽ ചാകരക്കാലമാണ് കള്ള് വ്യവസായികൾക്ക്. പ്രതിദിനം 50 ലിറ്റർ പോലും വിൽപനയില്ലാത്ത ഷാപ്പുകളിലും 500 ലിറ്ററിലേറെയാണ് ഇപ്പോഴത്തെ വിൽപന. എന്നാൽ, ഇതിനാവശ്യമായ കള്ള് ചിറ്റൂരിൽ ഉൽപാദിപ്പിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. 1.50 ലക്ഷം തെങ്ങുകൾ ചിറ്റൂരിൽ ചെത്തുന്നുണ്ടെന്നാണ് എക്സൈസ് വകുപ്പിെൻറ കണക്കുകൾ പറയുന്നത്.
ഒരു തെങ്ങിൽനിന്ന് വകുപ്പിെൻറ കണക്കുകൾ പ്രകാരം ലഭിക്കുന്നത് രണ്ടു ലിറ്റർ കള്ളാണ്. അപ്രകാരമാണെങ്കിൽ ചിറ്റൂരിൽനിന്ന് മറ്റ് ജില്ലകളിലേക്കും പ്രാദേശികമായ വിൽപനക്കും അനുമതിയുള്ളത് മൂന്ന് ലക്ഷം ലിറ്റർ കള്ള് മാത്രമാണ്. എന്നാൽ, തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലകളൊകെ മറ്റെല്ലായിടത്തേക്കും കള്ളെത്തുന്നത് ചിറ്റൂരിൽ നിന്നാണെന്നതാണ് മറ്റൊരു വൈരുധ്യം. ജില്ലയുടെ അതിർത്തി കടക്കുന്നത് പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ കള്ളാണ്. അപ്പോൾ പ്രാദേശിക വിൽപനക്കുള്ള കള്ള് എവിടെ നിന്നെത്തുന്നുവെന്ന ചോദ്യം അവശേഷിക്കുന്നു.
മാസപ്പടി വേണ്ടുവോളം
വാളയാർ-വടക്കഞ്ചേരി ദേശീയപാതയില്നിന്ന് മൂന്ന് കിലോമീറ്റർ ദൂരമേ അണക്കപ്പാറ വഴുവക്കോെട്ട സ്പിരിറ്റ് ഗോഡൗണിലേക്കുള്ളൂ. ജില്ല എക്സൈസ് അധികൃതരെ അറിയിക്കാതെ, എന്ഫോഴ്സ്മെൻറ് സ്ക്വാഡ് റെയ്ഡ് ചെയ്തു പിടിച്ച വ്യാജകള്ള് നിർമാണ കേന്ദ്രം ഇവിടെയാണ്.
വിവാദ അബ്കാരിയുടെ കെട്ടിടത്തിൽ അതിഥികളായി കഴിയുന്ന ഇവിടുത്തെ ഉദ്യോഗസ്ഥർ മൂക്കിന് താഴെയുള്ള കള്ള് ഗോഡൗൺ, സ്പിരിറ്റ് കേന്ദ്രമാണെന്ന് അറിഞ്ഞിട്ടും മാസപ്പടി വാങ്ങി ഒത്തുകളിക്കുകയായിരുന്നെന്നാണ് ആരോപണം. ഇടക്കിടെ എക്സൈസ് വാഹനങ്ങൾ ഇവിടെ വന്നുപോകുന്നതിനാൽ ഇത് അംഗീകാരമുള്ള ഗോഡൗൺ ആണെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരും സ്പിരിറ്റ് മാഫിയയും തമ്മിലുള്ള അന്തർധാര അനുസ്യൂതം തുടർന്നു. എക്ൈസസ്, പൊലീസ് ഉദ്യോഗസ്ഥരിൽ ചിലർക്ക് നിശ്ചിത തുക മാസപ്പടി നൽകിയാണ് േഗാഡൗണും വീടും കേന്ദ്രീകരിച്ച് സ്പിരിറ്റ് സൂക്ഷിക്കലും വ്യാജ കള്ള് നിർമാണവും അരങ്ങേറിയിരുന്നത്. താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് 10,000ഉം മുകളിലുള്ള ഒാഫിസർമാർക്ക് 25,000ഉം ആയിരുന്നു മാസപ്പടി.
വ്യാജ കള്ള് കേന്ദ്രത്തിനെതിരെ നടപടിയെടുക്കാതിരിക്കാൻ എക്സെസ് എൻഫോഴ്സ്മെൻറ് സംഘത്തിന് റെയ്ഡിനിടെ കേന്ദ്രം നടത്തിപ്പുകാർ വാഗ്ദാനം ചെയ്തത് പത്ത് ലക്ഷം രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.