കാഞ്ഞിരപ്പുഴ ഡാമിൽ ജലവിതാനം താഴ്ന്നുതന്നെ
text_fieldsകാഞ്ഞിരപ്പുഴ: അണക്കെട്ടിലെ കരുതൽ ജലശേഖരവും താഴോട്ടുതന്നെ. ജലസേചനമുൾപ്പെടെ അവശ്യ സേവനങ്ങൾക്ക് ഉപയുക്തമാക്കാനാവുന്ന ജലസമ്പത്ത് കുറഞ്ഞതോടെ കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ജലസമൃദ്ധ മേഖലയും വേനൽച്ചൂടിന്റെ പിടിയിലമരുകയാണ്. ചരിത്രത്തിൽ ഇതുവരെ അനുഭവ ഭേദ്യമാവാത്ത വരൾച്ചയുടെ നാളുകളുടെ മുന്നറിയിപ്പാണിതെന്ന് ജലവിഭവ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.
ഏറ്റവും ഒടുവിൽ തിങ്കളാഴ്ചത്തെ കാഞ്ഞിരപ്പുഴ ഡാമിലെ ജലവിതാനം 83.26 മീറ്ററാണ്. നിലവിലെ കരുതൽശേഖരം 7.608 മില്ലിമീറ്റർ ക്യൂബാണ്. സംഭരണ ശേഷി 97.50 മീറ്ററാണ്.
ജലസമൃദ്ധി കുറഞ്ഞതോടെ ഇടതുകര കനാലിലെ ജലവിതരണം നിർത്തിവെച്ചു. വലതുകര കനാലിൽ രണ്ട് ദിവസമായി ജലവിതരണം പുരോഗമിക്കുകയാണ്. സ്ളൂയിസ് വാൽവുകൾ 20 മുതൽ 25 സെന്റിമീറ്റർ വരെ തുറന്നാണ് ജലവിതരണം സാധ്യമാക്കുന്നതെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ മാധ്യമത്തോട് പറഞ്ഞു.
സാധാരണ ഗതിയിൽ വേനൽക്കാലത്ത് മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് കാർഷിക ജലസേചനത്തിന് ഡാമിലെ വെള്ളം കനാൽ വഴി വിതരണം ചെയ്തിരുന്നത്. കർഷകരുടെയും വിവിധ പാടശേഖര സമിതികളുടെയും ആവശ്യം പരിഗണിച്ച് ഡിസംബർ അവസാനം ഡാമിൽനിന്ന് ജലവിതരണം ആരംഭിച്ചിരുന്നു.
മുൻകാലങ്ങളിൽ ജലവിതരണം നേരത്തെ ആരംഭിച്ചാൽ കാഞ്ഞിരപ്പുഴ ഡാമിലെ വൃഷ്ടി പ്രദേശത്ത് നല്ല തോതിൽ മഴ ലഭിക്കുന്നതുവഴി ഡാമിലെ ജലസമൃദ്ധി നിലനിർത്താൻ പറ്റിയിരുന്നു. കാലവർഷത്തെ മഴലഭ്യതയുടെ തോതും വേനൽമഴയും കുറഞ്ഞതാണ് ഡാമിലെ ജലസമ്പത്തിനെ പ്രതികൂലമായി ബാധിച്ചത്.
അതേസമയം, തൂത പുഴയിൽ ജലവിതാനം കുറഞ്ഞതോടെ പരുതൂർ, തിരുവേഗപ്പുറ, കൊപ്പം പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം മുടങ്ങാതിരിക്കാനാണ് റിവർ സ്ളൂയിസ് വഴി വലതുകര കനാലിൽ ജലവിതരണം നടത്തുന്നത്. കുന്തിപ്പുഴയുടെ പ്രധാന കൈവഴിയായ കാഞ്ഞിരപ്പുഴയുടെ കുറുകെയാണ് ഡാം സ്ഥിതി ചെയ്യുന്നത്. 1995ലാണ് ഡാം കമീഷൻ ചെയ്തത്.
17,000 ഏക്കർ പ്രദേശത്തെ ജലസേചനമാണ് ഡാം വഴി ലക്ഷ്യമാക്കുന്നത്. മണ്ണാർക്കാട്, ഒറ്റപ്പാലം, പാലക്കാട് താലൂക്കുകളിലെ പ്രദേശങ്ങളിലെ കർഷകരുൾപ്പെടെ ജനവിഭാഗങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. നിലവിൽ കോങ്ങാട് നിയോജകമണ്ഡലത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ സ്രോതസ്സും കാഞ്ഞിരപ്പുഴ ഡാം തന്നെ. വേനൽമഴ ലഭിക്കാത്ത പക്ഷം ഡാമിലെ നിലവിലെ ജലവിതരണവും നടത്താൻ പറ്റാത്ത സാഹചര്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.