പാസഞ്ചർ ട്രെയിനുകളില്ല പാലക്കാടിനോട് മുഖം തിരിച്ച് റെയിൽവേ
text_fieldsപാലക്കാട്: പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കുന്നതിൽ പാലക്കാടിനോട് റെയിൽവേക്ക് ചിറ്റമ്മനയമെന്ന് ആക്ഷേപം. പലഘട്ടങ്ങളായി ദക്ഷിണ റെയിൽവേ പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കുമ്പോഴും പാലക്കാട് ജങ്ഷനെ അവഗണിക്കുന്നത് യാത്രാദുരിതം വർധിപ്പിക്കുന്നു. കോവിഡിന് മുമ്പുവരെ ഉണ്ടായിരുന്ന പാലക്കാട്-നിലമ്പൂർ പാസഞ്ചർ മേയ് 30 മുതൽ ഷൊർണൂർ-നിലമ്പൂർ പാസഞ്ചറായാണ് സർവിസ് പുനാരംഭിക്കുന്നത്.
നേരത്തേ ഈ ട്രെയിൻ പാലക്കാട്ടുനിന്ന് രാവിലെ 5.55ന് സർവിസ് ആരംഭിച്ചിരുന്നതാണ്. രാവിലെ 7.10ന് പുറപ്പെടുന്ന പാലക്കാട് ടൗൺ-കോയമ്പത്തൂർ, ഉച്ചക്കുള്ള പാലക്കാട് ടൗൺ- ഈറോഡ് മെമു, രാവിലെ എട്ടിന് പുറപ്പിടുന്ന ഷൊർണൂർ-കോയമ്പത്തൂർ, വൈകീട്ടുള്ള കോയമ്പത്തൂർ-തൃശൂർ എന്നീ പാസഞ്ചർ ട്രെയിനുകൾ ഇനിയും ആരംഭിച്ചിട്ടില്ല.
പാലക്കാട് ജങ്ഷൻ വഴി നിരവധി ദീർഘദൂര വണ്ടികൾ പോകുന്നുണ്ടെങ്കിലും ഇവയിൽ പലതിലും അൺറിസർവഡ് കോച്ചുകൾ പുനഃസ്ഥാപിച്ചിട്ടില്ല. കോയമ്പത്തൂരിലേക്ക് നൂറുകണക്കിന് പേരാണ് ദിവസേന പോയിവരുന്നത്.
ഇടത്തരം-സാധാരണ വിഭാഗങ്ങൾ യാത്രക്കായി കൂടുതലായി ആശ്രയിക്കുന്ന പാസഞ്ചർ വണ്ടികൾ പുനഃസ്ഥാപിക്കാത്തതോടെ യാത്രാക്ലേശം രൂക്ഷമാണ്. വിദ്യാർഥികൾക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഏറെ സൗകര്യപ്പെട്ട ഈ സർവിസുകൾ ഉടൻ തുടങ്ങണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം. രാവിലെ അഞ്ചിന് ഷൊർണൂരിൽ എത്തുന്ന മംഗലാപുരം-ചെന്നൈ വെസ്റ്റ് കോസ്റ്റ് കഴിഞ്ഞാൽ പിന്നെ 10.30ന് എത്തുന്ന പാസഞ്ചറാണ് പാലക്കാട്, കോയമ്പത്തൂരിലേക്കുള്ള ട്രെയിൻ.
തൃശൂരിൽനിന്ന് രാവിലെ പാലക്കാട്, കോയമ്പത്തൂർ ഭാഗത്തേക്ക് ട്രെയിനുകളില്ല. ആലപ്പുഴ-ധൻബാദ് എക്സപ്രസിൽ അൺറിസർവഡ് കോച്ചുകളില്ലാത്തതിനാൽ വിദ്യാർഥികൾക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇവ ഉപയോഗിക്കാൻ കഴിയില്ല.
രാവിലെ കോയമ്പത്തൂരിലേക്കും വൈകീട്ട് തിരികെ വരാനും നിലവിൽ ബസിനെ ആശ്രയിക്കണം. കോവിഡിൽ തകർന്ന് വിപണി വീണ്ടും പൂർവസ്ഥിതി എത്താത്തതിനാൽ സ്ഥാപന ഉടമകൾ തൊഴിലാളികൾക്കും നൽകുന്ന ശമ്പളത്തിൽ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്. വർധിച്ച യാത്രക്കൂലി ചെറിയ ശബളത്തിന് ജോലി ചെയ്യുന്നവർക്ക് താങ്ങാൻ കഴിയാത്തതാണ്. വിദ്യാലയങ്ങളും കോളജുകളും തുറക്കുന്നതോടെ യാത്രക്ലേശം വർധിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.