കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം പേരിന് ചികിത്സാലയമുണ്ട്; ഡോക്ടർമാരില്ല
text_fieldsകല്ലടിക്കോട്: അഞ്ചുമാസക്കാലമായി മുഴുവൻ സമയ ഡോക്ടർമാരില്ലാതെ കരിമ്പ ഗ്രാമപഞ്ചായത്തിലെ കല്ലടിക്കോട് കുടുംബ ആരോഗ്യ കേന്ദ്രം. ഇതോടെ ആദിവാസികളടക്കം ചികിത്സതേടിയെത്തുന്ന രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
ആദിവാസി ജനവിഭാഗങ്ങളും കുടിയേറ്റ ജനങ്ങളും പിന്നാക്ക വിഭാഗക്കാരും നിത്യേന ആശ്രയിച്ചിരുന്ന ആശുപത്രി പ്രവർത്തനം നിലച്ചതോടെ രോഗികളും ദുരിതത്തിലാണ്. ആറ് വർഷം മുമ്പാണ് കല്ലടിക്കോട് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബ ആരോഗ്യ കേന്ദ്രമായി ഉയർത്തിയത്. രണ്ട് വർഷക്കാലം നല്ല രീതിയിൽ പ്രവർത്തിച്ച സ്ഥാപനമാണിത്. മുമ്പുണ്ടായിരുന്ന മെഡിക്കൽ ഓഫിസർ ഡോ.ബോബി മാണി സ്ഥലം മാറി പോയതിന് പകരം സ്ഥിരമായി മെഡിക്കൽ ഓഫിസറെ നിയമിച്ചില്ല.
നിലവിൽ പുതുപ്പരിയാരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ഷിനോജ് കുമാറിനാണ് മെഡിക്കൽ ഓഫിസറുടെ ചുമതല. ആദിവാസി മേഖലയിലെ വൈദ്യ പരിശോധനക്കും പ്രത്യേക മെഡിക്കൽ ക്യാമ്പുകൾക്കുമായി ആഴ്ചയിൽ മൂന്ന് ദിവസം ഇദ്ദേഹം പ്രവർത്തിക്കേണ്ടതുണ്ട്. മറ്റ് മൂന്ന് ദിവസം പുതുപ്പരിയാരത്തോ കല്ലടിക്കോടോ ആരോഗ്യ കേന്ദ്രങ്ങളിൽ രോഗികളെ പരിശോധിക്കണം. സ്ഥലം മാറിപ്പോയ ഡോക്ടറുടെ ഒഴിവിലേക്ക് സ്ഥിര നിയമന വഴിയിൽ വന്ന ഡോ.ശരത് ന്യൂറോളജി വിദഗ്ധനായതിനാൽ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റി നിയമിക്കുകയും ചെയ്തു.
ഇതോടെ സ്ഥിരമായി ഉണ്ടാവേണ്ട രണ്ട് ഡോക്ടർമാരുടെ സേവനം കല്ലടിക്കോട് ആശുപത്രിക്ക് കിട്ടാതായി. നിലവിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള കാഞ്ഞിരപ്പുഴയിലെ ഡോ.ഒമർ ശരീഫ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികളെ രാവിലെ 10 മുതൽ ഉച്ച ഒരു മണി വരെ പരിശോധിച്ച് മടങ്ങുകയാണ്. പ്രതിമാസം കാൽ ലക്ഷത്തിൽ പേർ കല്ലടിക്കോട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തുന്നുണ്ട്. നിലവിൽ രണ്ട് ഡോക്ടർ, ഒരു ജെ.പി.എച്ച്.എൻ എന്നിവരുടെ ഒഴിവ് നികത്തിയിട്ടില്ല. ഒഴിവുള്ള തസ്തികയിൽ ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരുടെ ഒഴിവ് നികത്തി കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാണ് ജനകീയാവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.