ചൂടിന് ശമനമില്ല; വിയർത്തുരുകി പാലക്കാട്
text_fieldsപാലക്കാട്: ചുട്ടുപൊള്ളുന്ന വേനലിൽ വിയർത്തൊലിച്ച് ജില്ല. പാലക്കാട് തുടർച്ചയായി 40 ഡിഗ്രി എന്ന ശരാശരിയിലാണ് ചൂട് പലയിടങ്ങളിൽ രേഖപ്പെടുത്തുന്നത്. പാലക്കാട് ഉൾപ്പെടെ സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രത നിർദേശം നൽകി.
ഒരിടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് ഒരാഴ്ചയായി വേനൽ കടുത്ത് നിൽക്കുന്നത്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാനസാഹചര്യമാണ് ഇവിടെയും ചൂട് കൂടാൻ കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വ്യാഴാഴ്ച 40.7 ഡിഗ്രി ചൂട് മലമ്പുഴയിൽ രേഖപ്പെടുത്തി. വേനൽ മഴയിലുണ്ടായ ഗണ്യമായ കുറവും ഇത്തവണ തിരിച്ചടിയായി.
ജലാശയങ്ങളും വറ്റിവരണ്ടു
വേനൽ കടുത്തതോടെ ജില്ലയിലെ മിക്ക അണക്കെട്ടുകളിലെയും ജലവിതാനം കുത്തനെ താഴ്ന്നു. പറമ്പിക്കുളം ആളിയാർനിന്ന് അധികജലം ലഭ്യമാകാത്തതിനെ പുറമെ മലമ്പുഴ അണക്കട്ടിലും ജലനിരപ്പ് താഴ്ന്നതോടെ ജില്ല കടുത്ത കുടിവെള്ളക്ഷാമത്തിലേക്ക് നീങ്ങാനുള്ള സാധ്യതയേറി. പറമ്പിക്കുളം-ആളിയാറിൽ നിന്നും വെള്ളം ലഭിച്ചെങ്കിൽ മലമ്പുഴയിൽനിന്നും ഭാരതപ്പുഴയിലേക്ക് വെള്ളം തുറന്നുവിട്ട് തടയണകൾ നിറച്ചാണ് ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നത്. എന്നാൽ, 115.06 മീറ്റർ പരമാവധി സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടിൽ 103.31 മീറ്റർ വെള്ളം മാത്രമാണുള്ളത്. പാലക്കാട് നഗരസഭ, മലമ്പുഴ, അകത്തേത്തറ, പുതുപരിയാരം, മരുത റോഡ്, പിരിയാരി, പുതുശ്ശേരി പഞ്ചായത്തുകൾക്ക് പുറമെ ചിറ്റൂർ താലൂക്കിലെ ചില പഞ്ചായത്തുകൾക്കും ഇവിടെ നിന്നാണ് വെള്ളം നൽകുന്നത്. കനത്ത ചൂടിൽ ബാഷ്പീകരണതോത് വർധിച്ചതിനാൽ പ്രതിദിനം വെള്ളത്തിന്റെ അളവും കുറയുകയാണ്. ഈ സാഹചര്യത്തിൽ കുടിവെള്ളം ക്ഷാമം പരിഹരിക്കാൻ പുഴയിലേക്ക് തുറക്കാൻ സാധ്യമല്ലെന്നാണ് ജലസേചന അധികൃതർ പറയുന്നത്. സാധാരണ വേനലിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ പട്ടാമ്പിവരെ മലമ്പുഴ അണക്കെട്ടിൽ നിന്നും വെള്ളം തുറന്ന് വിടാറുള്ളതാണ്. ജില്ലയുടെ കിഴക്കൻ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് മൂലത്തറ റെഗുലേറ്ററിൽ നിന്നും ചിറ്റൂർ പുഴയിലേക്ക് വെള്ളം തുറന്ന് പറളിവരെയുള്ള തടയണകൾ നിറച്ചതോടെ ചിറ്റൂർ പുഴയിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് പത്ത് സെന്റിമീറ്ററാക്കി കുറച്ചു. കടുത്ത ചൂട് നിലനിൽക്കുന്നതിനാൽ ഈ മേഖലകളിൽ നിയന്ത്രണങ്ങളോടെയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.