കൽമണ്ഡപം - മണലി റോഡ് ജങ്ഷന്: സിഗ്നൽ സംവിധാനമില്ല, വലഞ്ഞ് യാത്രക്കാർ
text_fieldsപാലക്കാട്: നഗരത്തിലെ പ്രധാന വർക്ക്ഷോപ്പ് മേഖലയായിരുന്ന കൽമണ്ഡപം - മണലി റോഡ് ജങ്ഷനിൽ സിഗ്നൽ സംവിധാനം വേണമെന്നാവശ്യം ശകതമാവുന്നു. കൽമണ്ഡപം ജങ്ഷനിൽനിന്ന് സുൽത്താൻപേട്ട, മണലി, കൊപ്പം ഭാഗത്തേക്ക് പോവുന്ന റോഡിലെ കവല കൂടിയാണിത്. മുമ്പ് പാലക്കാടിന്റെ വർക്ക്ഷോപ്പ് മേഖലയായിരുന്നു കൽമണ്ഡപം സുൽത്താൻപേട്ട റോഡ്. പഴയകാല വർക്ക്ഷോപ്പുകളൊക്കെ അടച്ചുപൂട്ടിയെങ്കിലും ഇപ്പോഴും നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ശേഖരിപുരം ബൈപാസിൽനിന്നും കല്ലേപ്പുള്ളി ഭാഗങ്ങളിൽനിന്നും ബസുകളും സ്വകാര്യ വാഹനങ്ങളും സ്റ്റേഡിയം ഭാഗത്തേക്ക് വരുന്ന റോഡ് കൂടിയാണിത്. തിരക്കേറിയ കവലയിൽ മതിയായ സിഗ്നൽ സംവിധാനമില്ലാത്തത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്. അടുത്ത കാലത്തായി സ്റ്റേഡിയം സ്റ്റാൻഡിൽനിന്ന് കോങ്ങാട്, ചെർപ്പുളശ്ശേരി, കോഴിക്കോട് ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളും മണലി ജങ്ഷൻ വഴിയാണ് ഒലവക്കോട്ടെത്തുന്നത്.
വാളയാർ, കൊഴിഞ്ഞാമ്പാറ ഭാഗത്തുനിന്നുള്ള സ്വകാര്യ ബസുകളും സ്റ്റേഡിയത്തെത്തുന്നത് ഇതുവഴിയാണ്. മണലി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കൽമണ്ഡപം റോഡിലേക്ക് അശ്രദ്ധമായി കയറുന്നതിനാൽ അപകട സാധ്യതയേറെയാണ്. കൽമണ്ഡപം എ.യു.പി സ്കൂൾ വിദ്യാർഥികൾ കൽമണ്ഡപം, മാങ്കാവ്, വടക്കുമുറി ശെൽവപാളയം ഭാഗത്തേക്ക് നടന്നുവരുന്ന റോഡായതിനാൽ, കുട്ടികൾ റോഡ് മുറിച്ചുകടക്കുന്നതു പോലും ജീവൻ കൈയിൽ പിടിച്ചാണ്.
രാപകലന്യേ ആയിരക്കണക്കിന് പേർ കടന്നുപോവുന്ന കവലയിൽ സിഗ്നൽ സംവിധാനമോ സ്പീഡ് ബ്രേക്കറുകളോ സ്ഥാപിക്കണമെന്നാവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.നിരീക്ഷണ കാമറക്കായി സ്ഥാപിച്ച പോസ്റ്റുകളും യാത്രക്കാർക്ക് മുന്നിൽ നോക്കുകുത്തിയാവുകയാണ്. റോഡിനിരുവശത്തും കല്യാണമണ്ഡപം, ആരാധനാലയങ്ങൾ, നിരവധി വ്യാപാര സ്ഥാപനങ്ങൾ എന്നിവയുള്ളതിനാൽ കവലയിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷ അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.