കുടിക്കാൻ വെള്ളമില്ല പാഴാക്കാൻ ആവോളം
text_fieldsപാലക്കാട്: കുടിക്കാൻ വെള്ളമില്ലാതെ നഗരവാസികൾ വലയുന്നതിനിടെ മറുവശത്ത് പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു. നഗരത്തിൽ സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപം നാലുമാസം മുമ്പ് പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി നടത്താത്തതിനാൽ റോഡിലേക്ക് വെള്ളമൊഴുകുന്നത് തുടരുകയാണ്. മെയിൻ റോഡിൽനിന്ന് സ്റ്റാൻഡിലേക്ക് ആളുകൾ കയറുന്ന വഴിയിൽ വെള്ളം നിറഞ്ഞ് ചളിക്കുളമായ സ്ഥിതിയാണ്. 'അമൃത്' പദ്ധതിയുടെ ലിങ്കിങ് പണി മൂലമാണ് നഗരത്തിൽ ജലവിതരണം തടസ്സപ്പെടുന്നതെന്നാണ് നഗരസഭ അധികൃതർ പറയുന്നത്.
നാലുമാസം മുമ്പ് സ്റ്റേഡിയം സ്റ്റാൻഡിലെ പൈപ്പ് പൊട്ടിയത് ബന്ധപ്പെട്ട അധികൃതരെ അറിയിച്ചതായി വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും പറയുന്നു. പിന്നീട് പലതവണ ഇക്കാര്യം പരാതിപ്പെട്ടെങ്കിലും നടപടിയില്ലെന്നാണ് ആക്ഷേപം. അടുത്തിടെ പൊട്ടലുള്ള സ്ഥലത്ത് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ദിവസങ്ങളുടെ ആയുസ്സുമാത്രമാണ് ഇതിനുണ്ടായത്. ബി.ഒ.സി റോഡിൽ ഒരുമാസത്തിനിടെ മൂന്നുതവണ പൈപ്പ് പൊട്ടി.
അമൃത് പദ്ധതിയിൽ ഗുണമേന്മയില്ലാത്ത പൈപ്പുകളാണ് ഉപയോഗിച്ചതെന്ന ആക്ഷേപവുമുയരുന്നുണ്ട്. നഗരസഭയുടെ കണക്ഷൻ ഉണ്ടായിട്ടും കുടിവെള്ളം പുറത്തുനിന്ന് പണം കൊടുത്ത് വാങ്ങുകയാണ് നഗരവാസികൾ. കൊപ്പം ഹരിശങ്കർ റോഡിലെ വീടുകളിൽ ഇടക്കിടെ വെള്ളമെത്തിയാലും ചളിവെള്ളമാണെന്ന് പരാതിയുണ്ട്. പുത്തൂർ പൂജ നഗർ, വെള്ളോലി ലെയിൻ, അമ്പലക്കാട് പ്രദേശങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് വെള്ളം വരുന്നത്. 'അമൃത്' ജല വിതരണ പൈപ്പിടൽ തുടങ്ങിയിട്ട് മൂന്നു വർഷമായെങ്കിലും ഇതുവരെ പൂർത്തിയായില്ല. നഗരത്തിലെ ജല വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സി.പി.എം സമരത്തിനിറങ്ങിയിരുന്നു.
'ജല അതോറിറ്റിയിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണം'
രണ്ടുവർഷം മുമ്പ് പൂർത്തിയാവേണ്ട 'അമൃത്' പ്രവൃത്തികൾ ജല അതോറിറ്റിയിൽ മതിയായ ഉദ്യോഗസ്ഥരില്ലാതായതോടെ ഇപ്പോഴും ഇഴയുകയാണെന്ന് നഗരസഭ വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് പറഞ്ഞു. ജല വിതരണം മുടങ്ങുന്നടക്കം പരാതികൾ ശ്രദ്ധയിൽപെടുത്തിയാലും പലപ്പോഴും ജല അതോറിറ്റിയുടെ ഭാഗത്തുനിന്ന് സമയബന്ധിതമായ നടപടികൾ ഉണ്ടാവുന്നില്ല. സർക്കാർ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നടപടി സ്വീകരിക്കണം. വിഷയം സർക്കാർ ശ്രദ്ധയിൽപെടുത്താൻ കൂടുതൽ ഇടപെടലുണ്ടാവുമെന്നും കൃഷ്ണദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.