അവർ ഇനി സ്നേഹത്തണലിൽ
text_fieldsഅലനല്ലൂർ: എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് നിർധന കുടുംബങ്ങളിലെ അഞ്ച് വിദ്യാർഥികളെ ദത്തെടുത്ത് മലപ്പുറം മക്കരപറമ്പ് ലവ് ആൻഡ് സെർവ് സന്നദ്ധസംഘടന. സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂനിറ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.
മഞ്ഞപ്പിത്തം പിടിപെട്ട് പിതാവ് മരണപ്പെട്ട ഒരു കുടുംബത്തെയും ജോലിക്കിടെ നട്ടെല്ലിന് പരിക്കേറ്റ് വീല്‍ ചെയറില്‍ ജീവിതം തള്ളിനീക്കുന്ന ഭിന്നശേഷിക്കാരന്റെ കുടുംബത്തെയും വാഹനാപകടത്തിൽ പിതാവിനെ നഷ്ടപ്പെട്ട കുടുംബത്തെയുമാണ് ദത്തെടുത്തത്. ഈ മൂന്ന് കുടുംബങ്ങൾക്കും എല്ലാ മാസവും 1000 രൂപയുടെ ഭക്ഷണ സാധനങ്ങള്‍ വാങ്ങാൻ സംവിധാനം ഒരുക്കി.
വിദ്യാർഥികള്‍ക്ക് യൂനിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങാനും പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് ട്യൂഷനും സാമ്പത്തിക സഹായം നല്‍കി. ആഘോഷ വേളകളില്‍ സ്‌പെഷല്‍ ഭക്ഷ്യകിറ്റുകളും കുടുംബങ്ങളിലെ മുഴുവന്‍ അംഗങ്ങള്‍ക്കും പുതുവസ്ത്രങ്ങള്‍ വാങ്ങാനുള്ള ഫണ്ടും നല്‍കി.
സ്കൂളിൽ നടന്ന ചടങ്ങിൽ ലവ് ആൻഡ് സെർവ് കോഓഡിനേറ്റർ ബഷീർ കരിഞ്ചാപ്പാടിയിൽനിന്ന് പ്രധാനാധ്യാപകൻ പി. റഹ്‌മത്ത്, ഹയർ സെക്കൻഡറി വിഭാഗം സീനിയർ അസിസ്റ്റന്റ് കെ. ശിവദാസൻ എന്നിവർ തുക സ്വീകരിച്ചു. ലവ് ആൻഡ് സെർവ് വളണ്ടിയർമാരായ മുഹമ്മദാലി പോത്തുകാടൻ, കരുവള്ളി അബ്ദുല്ലത്തീഫ്, സ്കൗട്ട് മാസ്റ്റർ സി. സിദ്ദീഖ്, അധ്യാപകരായ കെ. യൂനസ് സലീം, പി.പി. അബ്ദുല്ലത്തീഫ്, പി. അബ്ദുസ്സലാം, അച്യുതൻ പനച്ചിക്കുത്ത് എന്നിവർ സംബന്ധിച്ചു. അധ്യാപകരായ സി. ബഷീർ, ഒ.പി. റഫ്ന എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.