ഭക്ഷ്യസുരക്ഷ ഇവിടെ ഇങ്ങനെയൊക്കെ...
text_fieldsപാലക്കാട്: നാടിന്റെ പ്രിയരുചികളിൽ മായം കലർന്നാൽ നടപടിയെടുക്കേണ്ട ജില്ലയിലെ ഭക്ഷ്യസുരക്ഷാവകുപ്പ് സംവിധാനങ്ങൾ കാര്യമായൊന്നും ചെയ്യുന്നില്ലെന്നാണ് പതിവായ പരാതി. എന്താവാം കാരണമെന്ന് ചോദിക്കുന്നവരിൽ നടപടിക്ക് പരാതി നൽകിയവർ മുതൽ പരാതി കേട്ട് മടുത്തവർ വരെയുണ്ട്. മറ്റുചിലരാകട്ടെ, ഇതൊക്കെ ഇത്രയേ ഉള്ളൂവെന്ന് സമാധാനിക്കും.
മീൻ മുതൽ പൊറോട്ടയും ബീഫും വരെ
പാലക്കാട് നഗരപരിധിയിൽ നല്ല തിരക്കുള്ള ഹോട്ടൽ. ഓൺലൈൻ ആപ്പുകളിൽ ആളുകൾ ഭക്ഷണത്തിനായി തിരയുന്നിടം. ഒടുക്കം പരാതിയെത്തി പരിശോധനക്കിറങ്ങിയ അധികൃതർ കണ്ടെത്തിയത് പഴകിയതും അഴുകിയതുമായ ഭക്ഷ്യവസ്തുക്കൾ. അടുത്തിടെ നഗരത്തിലെ ചില ഭക്ഷ്യശാലകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് പഴയ പൊറോട്ട മുതൽ പഴകി കറുത്ത മാംസക്കഷ്ണങ്ങൾ വരെ.
പിടിക്കപ്പെട്ടാൽ പിന്നെ പതിയെ പൂട്ടിട്ട് മുങ്ങുകയാണ് പതിവ്. 2021 ഡിസംബറിലാണ് വെളിച്ചെണ്ണയിലെ മായം സംബന്ധിച്ച് ജില്ലയിൽ മാധ്യമങ്ങളിൽ തുടർച്ചയായി വാർത്തകൾ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സംസ്ഥാനത്താകെ നിരോധിക്കപ്പെട്ട 74 വെളിച്ചെണ്ണ ബ്രാൻഡുകളിൽ 24 എണ്ണത്തോളം പാലക്കാട് നിന്നായിരുന്നു. വ്യാഴാഴ്ച ഓപറേഷന് മത്സ്യയുടെ ഭാഗമായി പട്ടാമ്പി മീന്മാര്ക്കറ്റില് ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ ചീഞ്ഞുതുടങ്ങിയ 100 കിലോയോളം മത്സ്യം കണ്ടെത്തി നശിപ്പിച്ചിരുന്നു.
വീണ്ടും ഒരിടവേളക്ക് ശേഷം മത്സ്യവും മാംസവുമടക്കം മതിയായ നിലവാരമില്ലാതെ ഭക്ഷ്യവസ്തുക്കൾ വിൽപന കേന്ദ്രങ്ങളിലും ഭക്ഷണശാലകളിലും വിതരണത്തിനെത്തുന്നതായി വ്യാപകമായ പരാതികളുയരുമ്പോൾ ജില്ലയിൽ 12 സർക്കിളുകളിലായി പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാവിഭാഗം എന്ത് ചെയ്തുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.
വേഷം മാറിയാൽ എന്നെ തിരിച്ചറിയുമോ സർ?
നിരോധനം നേരിടുന്ന പല ബ്രാൻഡുകളും വ്യാജ അഡ്രസിൽ അയൽ സംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്നവയോ സ്വദേശികളായ വ്യാജൻമാരോ ആണ്. നടപടികൾക്ക് വിധേയമായാൽ വിപണിയിൽനിന്ന് ഇവർ പിൻവലിക്കുന്ന ഉൽപന്നങ്ങളിൽ പലതും പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും അവതരിക്കും. പിടികൂടിയ ഭക്ഷ്യോൽപന്നങ്ങളിൽ എണ്ണയടക്കം ഭക്ഷ്യേതര ഉൽപന്നങ്ങളാക്കാനെന്ന പേരിൽ കോടതിയിൽനിന്ന് അനുമതി സമ്പാദിക്കുന്നവർ പിന്നീട് എന്തുചെയ്യുന്നുവെന്ന് പരിശോധിക്കാൻ സംവിധാനങ്ങളില്ല.
പാലക്കാട് അടുത്തിടെ പിടികൂടിയ ഒരു ബ്രാൻഡിനെ കുറിച്ച് അന്വേഷിച്ച് ചെന്ന ഉദ്യോഗസ്ഥർ ഞെട്ടി. മാസങ്ങൾക്ക് മുമ്പ് ഉടമ സറണ്ടർ ചെയ്ത ബ്രാൻഡിന്റെ പേരിൽ ഉൽപാദനവും വിതരവും നടത്തുകയായിരുന്നുവെന്നാണ് കണ്ടെത്താൻ കഴിഞ്ഞത്. ഭക്ഷ്യശാലകളിൽ ബോധവത്കരണം ഊർജ്ജിതമാക്കിയിട്ടുണ്ടെങ്കിലും പലയിടത്തും ലാഭക്കൊതിയും അനാരോഗ്യകരമായ ഭക്ഷ്യശീലവുമാണ് വെല്ലുവിളിയെന്ന് ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പഴകിയതോ കേടായതോ ആയ ഭക്ഷണം പിടിച്ചാൽ ഉടൻ പൂട്ടുന്ന ഹോട്ടലുകൾ അൽപനാൾ കഴിയുമ്പോൾ വേറെ പേരിൽ പ്രവർത്തനമാരംഭിക്കും.
വെയ്റ്റ്, ഓഫിസർ വന്നിട്ടാവാം!
ഒരു ക്ലർക്കും ഓഫീസറുമടക്കം മൂന്ന് ഉദ്യോഗസ്ഥരാണ് ഒരു സർക്കിൾ ഓഫിസിലുള്ളത്. നിലവിൽ കോങ്ങാട് ഓഫിസറില്ലാതെ പ്രവർത്തനരഹിതമാണ്. തരൂരിലും പട്ടാമ്പിയിലും തൃത്താലയിലും പുതിയ നിയമനങ്ങളായതുകൊണ്ട് തന്നെ ഇവർ മൂന്നുമാസത്തോളം പരിശീലന കാലാവധിയിലാണ്. ഇതിനിടെ ഉദ്യോഗസ്ഥരുടെ അവധി കൂടിയാവുമ്പോൾ അടുത്ത സർക്കിളിലുള്ള ഉദ്യോഗസ്ഥർക്ക് അധിക ചുമതലയുമാവും. ഇതോടെ പലയിടത്തും പരിശോധന താളം തെറ്റും.
സംസ്ഥാനത്തെ വലിയ ജില്ലകളിലൊന്നായ പാലക്കാട്ട് പ്രാദേശിക പരിശോധനക്കിറങ്ങാൻ വകുപ്പിന് ഏക ആശ്രയം പഴക്കം ചെന്ന ഒരു ജീപ്പായിരുന്നു. ഇത് കണ്ടം ചെയ്തതോടെ ദുരിതം ഇരട്ടിച്ചു. നിലവിൽ മൂന്നുകാറുകൾ വാടകക്കെടുത്താണ് വകുപ്പ് പ്രവർത്തിക്കുന്നത്. കേന്ദ്രം നൽകുന്ന എഫ്.എസ്.എസ്.എ ഫണ്ടുപയോഗിച്ചാണ് മിക്ക പ്രവർത്തനങ്ങളും. സംസ്ഥാന സർക്കാർ പണം നൽകാതായതോടെ ഉദ്യോഗസ്ഥർ സ്വന്തം പോക്കറ്റിൽനിന്ന് പണം കണ്ടെത്തിയാണ് കത്തുകളടക്കം അയക്കുന്നത്.
ഉത്സവകാല പരിശോധന
ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് ജില്ലയില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ മൂന്ന് സ്ക്വാഡുകള്‍ രൂപവത്കരിച്ച് പരിശോധനകള്‍ ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി കേക്ക് നിർമാണ യൂനിറ്റുകള്‍, ബേക്കറികള്‍ ഉള്‍പ്പെടെ 54 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ന്യൂനതകള്‍ കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താൻ നോട്ടീസ് നല്കി.
കേക്ക്, വൈന്‍ ഉള്‍പ്പെടെ 41 ഓളം ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ചു. ഇവയുടെ പരിശോധനാഫലം ലഭ്യമാകുന്ന മുറക്ക് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും പുതുവത്സരം വരെ പരിശോധനകള്‍ തുടരുമെന്നും ജില്ല ഭക്ഷ്യസുരക്ഷാ അസി. കമീഷണര്‍ വി. ഷണ്മുഖന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.