പാലക്കാട് ജില്ലയിൽ ഈ വർഷം മരിച്ചത് 44 പേർ
text_fieldsപാലക്കാട്: മഴക്കാലമായതോടെ ജലാശയങ്ങളിൽ അകപ്പെട്ടുള്ള മുങ്ങിമരണങ്ങൾ വർധിക്കുന്നു. ജില്ലയിൽ ഈ വർഷം ഇതുവരെ 44 പേരാണ് കുളങ്ങളിലും പുഴകളിലുമായി ഒഴുക്കിൽപെട്ട് മരിച്ചത്.
ജില്ലയിലെ വടക്കഞ്ചേരി, മണ്ണാർക്കാട്, ഷൊർണൂർ, കഞ്ചിക്കോട്, ആലത്തൂർ, പട്ടാമ്പി, പാലക്കാട്, ചിറ്റൂർ, കൊല്ലങ്കോട്, കോങ്ങാട് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനുകളിലായി ആകെ 47 വാട്ടർ കോളുകളാണ് ഈ വർഷം ഇതുവരെ വന്നതെന്ന് ജില്ല ഫയർ ആൻഡ് റസ്ക്യു ഓഫിസർ ടി. അനൂപ് അറിയിച്ചു. ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിച്ചിട്ടുള്ളത് പാലക്കാട് അഗ്നിരക്ഷാസേന കാര്യാലയത്തിന് കീഴിലാണ് -ഒമ്പതെണ്ണം. കുറവ് ആലത്തൂരും-ഒരെണ്ണം.
മഴ ശക്തമായി പുഴകളും വെള്ളച്ചാട്ടങ്ങളും നീർച്ചാലുകളെല്ലാം സജീവമായതോടെ അപകടങ്ങളും വർധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ ചിറ്റൂർപുഴയിൽ അപകടത്തിൽപെട്ട നാലംഗ കുടുംബത്തിനെയും രണ്ടു കുട്ടികളെയും സാഹസികമായാണ് ചിറ്റൂർ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ യുവാവിനെയും സാഹസികമായി രക്ഷിച്ചു.
അട്ടപ്പാടിയിലും ആലത്തൂരിലുമായി അഞ്ചുപേർ കഴിഞ്ഞദിവസങ്ങളിൽ പുഴയിൽ ഒഴുക്കിൽപെട്ട് മരിച്ചു. 2023ൽ ജലാശയങ്ങളിലെ അപകടവുമായി ബന്ധപ്പെട്ട് 318 കോളുകളാണ് പാലക്കാട് സ്റ്റേഷനിൽ മാത്രം എത്തിയത്. കഞ്ചിക്കോട് -14, ഷൊർണൂർ -10, ചിറ്റൂർ -നാല് എന്നിങ്ങനെയും കോളുകൾ വന്നു. ആകെ 346 കോളുകൾ. വാട്ടർ കോളുകൾക്ക് പുറമെ ഇൻസിഡന്റ് കോളുകൾ, ഫയർ കോളുകൾ, ആംബുലൻസ് കോളുകൾ എന്നിവയും അഗ്നിരക്ഷാ സേനയെ തേടി എത്താറുണ്ട്. മഴക്കാലത്ത് ജലാശയങ്ങൾ നിറയാൻ സാധ്യതയുള്ളതിനാൽ അധികൃതർ നൽകുന്ന മുന്നറിയിപ്പ് അവഗണിക്കുന്നതുമൂലമാണ് പല അപകടങ്ങളും സംഭവിക്കുന്നത്.
പ്രതിരോധ മുന്നൊരുക്കങ്ങൾ
- ശക്തമായ മഴയില്‍ നദികള്‍ മുറിച്ചു കടക്കാനോ ജലാശയങ്ങളില്‍ കുളിക്കാനോ മീന്‍ പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്
- നീന്തല്‍ അറിയാത്ത കുട്ടികളായാലും മുതിര്‍ന്നവരായാലും വെള്ളക്കെട്ടിലോ ജലാശയങ്ങളിലോ ഇറങ്ങരുത്.
- ജലാശയങ്ങള്‍ക്ക് മുകളിലുള്ള മേല്‍പ്പാലങ്ങളില്‍ സെല്‍ഫി എടുക്കുകയോ കാഴ്ച കാണുകയോ ചെയ്യുന്നത് ഒഴിവാക്കുക.
- ഉയര്‍ന്നതും വഴുവഴുപ്പുള്ളതുമായ പാറക്കെട്ടുകള്‍, ക്വാറികള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സെല്‍ഫി ഒഴിവാക്കുക.
- അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടില്‍നിന്ന് വെള്ളം തുറന്നുവിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് തയാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആവശ്യമെങ്കില്‍ മാറി താമസിക്കുകയും വേണം.
- മഴക്കാലത്ത് അനാവശ്യ യാത്രകള്‍ ഒഴിവാക്കുക.
- കടത്ത് കടക്കുമ്പോള്‍ ലൈഫ് ജാക്കറ്റ് ധരിക്കുകയും വഞ്ചിയില്‍ ലൈഫ് ബോയ കരുതുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.