ജൂലൈയിൽ മൂന്ന് മലമ്പനി കേസ്; ഒരു മരണം
text_fieldsപാലക്കാട്: ജില്ലയില്‍ ജൂലൈയിൽ റിപ്പോർട്ട് ചെയ്തത് മൂന്ന് മലമ്പനി കേസുകളും ഒരു മരണവും. പിരായിരി പഞ്ചായത്തിലാണ് കഴിഞ്ഞ ദിവസം തലച്ചോറിനെ ബാധിക്കുന്ന മലമ്പനി ബാധിച്ച് ഒരാള്‍ മരിച്ചത്. ഇത് കൂടാതെ രണ്ട് കേസുകളും അടുത്തായി റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഇതുവരെ 13 ഓളം കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗികളെല്ലാവരും വിദേശത്തുനിന്ന് വന്നവരോ കേരളത്തിന് പുറത്തേക്ക് യാത്ര നടത്തിയവരോ ആണ്.
തദ്ദേശീയമായ മലമ്പനി കേസുകള്‍ സമീപ കാലത്ത് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം സ്ഥിരീകരിച്ച പിരായിരി, കൊടുമ്പ്, ആലത്തൂരിലെ കോട്ടോപ്പാടം എന്നിവിടങ്ങളില്‍ അരകിലോമീറ്റര്‍ ദൂരപരിധിയില്‍ വീടുകളില്‍ കൊതുക് നശീകരണത്തിന് നടപടികൾ ചെയ്തു. ജില്ല വെക്ടര്‍ കണ്ട്രോള് യൂനിറ്റിന്റെയും പി.എച്ച്.സി തലങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനം പുരോഗമിക്കുന്നത്. രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മൂന്ന് വര്‍ഷത്തോളം നീളുന്ന വിവിധ ഘട്ടങ്ങളിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.
രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടായവരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു. കൂടാതെ സമീപ പ്രദേശത്തുനിന്നായി 100 ലധികം സാമ്പിളുകളും പരിശോധന നടത്തും.
രോഗി മരിച്ച സംഭവം; സ്വകാര്യ ആശുപത്രികള്‍ മലമ്പനി പരിശോധിച്ചില്ല
പാലക്കാട്: മലമ്പനി ബാധിച്ച് ജില്ലയില്‍ 43 കാരന് മരിച്ച സംഭവത്തില്‍ ചികിത്സ തേടിയ സ്വകാര്യ ആശുപത്രികള്‍ മലമ്പനി ബാധിതനാണോ എന്ന് പരിശോധിച്ചില്ലെന്ന് ആരോപണം. മലമ്പനി ഭീഷണി ഏറെയുള്ള ആഫ്രിക്കയില്‍നിന്ന് തിരിച്ചെത്തിയതാണെന്ന് അറിയിച്ചിട്ടും രക്ത പരിശോധന നടത്താത്തത് രോഗം മൂര്‍ച്ഛിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.
കഴിഞ്ഞ 28 ന് നാട്ടിലെത്തിയ ഇയാള്‍ പനിക്ക് ഏഴാം തീയതിക്ക് ശേഷമാണ് ചികിത്സ തേടിയത്. ഒമ്പതാം തീയതി വരെ രണ്ട് സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ തേടിയത്. ഈ ആശുപത്രികളില്‍ പനിക്കാലത്ത് ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന ചികിത്സാ നടപടിക്രമം ഇവ പാലിച്ചില്ലെന്നാണ് സൂചന. ഡെങ്കിപ്പനിക്കും മറ്റുമുള്ള പരിശോധനകള്‍ മാത്രമാണ് ഇവിടെ നടത്തിയത്.
10ന് അർധരാത്രി ജില്ല ആശുപത്രിയില്‍ ചികിത്സ തേടുന്നതോടെയാണ് രോഗിക്ക് മലമ്പനി സാധ്യതകള്‍ പരിശോധിക്കുന്നത്. ഇവിടെ നിന്നാണ് രോഗം നിര്‍ണയിക്കുന്നത്. 11ന് രോഗം മൂര്‍ച്ഛിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മലമ്പനി പരത്തുന്ന കൊതുകുകളില്ലെന്ന് ആരോഗ്യ വകുപ്പ്
മലമ്പനി പരത്തുന്ന കൊതുകുകളുടെ സാന്നിധ്യം രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലില്ലെന്ന് ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് സ്ഥിരീകരിച്ചു. മൂന്ന് സ്ഥലങ്ങളില്‍ നിന്നും കൊതുകുകളുടെയും കൂത്താടികളുടെയും സാമ്പിളുകള്‍ പരിശോധിച്ചു. രാത്രി ഏഴ് മുതല്‍ 12.30 വരെയാണ് സാമ്പിളുകള്‍ ശേഖരിച്ചത്. സാധരണയായി അനോഫലിസ് കൊതുകുകള്‍ ഈ സമയത്താണ് രക്തം കുടിക്കാനെത്തുക. സമീപകാലത്ത് ജില്ലയില്‍നിന്ന് മലമ്പനിക്ക് കാരണമാകുന്ന കൊതുകിനെ കണ്ടെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.